Breaking

Sunday, February 16, 2020

അപരാജിത കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; 17-കാരന്റെ മികവില്‍ പിഎസ്ജിയുട തിരിച്ചടി

നോർവിച്ച്: ഇംഗ്ലീഷ് പ്രീയിമർ ലീഗിൽ അപരാജിത കുതിപ്പ് തുടർന്ന് ലിവർപൂൾ. പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള നോർവിച്ച് സിറ്റിയെ തോൽപ്പിച്ച് ലിവർപൂൾ തുടർച്ചയായ പതിനേഴാം വിജയം സ്വന്തമാക്കി. പകരയ്ക്കാരനായി ഇറങ്ങിയ സാദിയോ മാനെ 78-ാം മിനിറ്റിൽ ലിവർപൂളിന്റെ വിജയഗോൾ നേടി. ജോർദൻ ഹെന്റേഴ്സിന്റെ പാസിൽ നിന്ന് മനോഹരമായൊരു ഇടങ്കാൽ ഷോട്ടിലൂടെ മാനെ ക്ലോപ്പിനും സംഘത്തിനും വിജയം സമ്മാനിച്ചു. 26 മത്സരങ്ങളിൽ നിന്ന് 76 പോയിന്റുള്ള ലിവർപൂളിന് അവസാന 12 മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയം സ്വന്തമാക്കിയാൽ കിരീടം നേടാം. ആദ്യ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്ന ലിവർപൂളിന് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 25 പോയിന്റ് ലീഡുണ്ട്. 25 മത്സരങ്ങളിൽ നിന്ന് 51 പോയിന്റാണ് സിറ്റിയുടെ അക്കൗണ്ടിലുള്ളത്. മറ്റു മത്സരങ്ങളിൽ വോൾവ്സും ലെസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞപ്പോൾ സതാംപ്ടണിനെതിരേ ബേൺലി എഫ്സി വിജയം കണ്ടു. കൊവസിയുടെ ഗോളാഘോഷം ഫോട്ടോ: ട്വിറ്റർ അതേസമയം ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയും അമിയെൻസും തമ്മിൽ ആവേശപ്പോരാട്ടം നടന്നു. മൂന്നു ഗോളിന് പിന്നിൽ നിന്ന ശേഷം പതിനേഴുകാരന്റെ മികവിൽ പി.എസ്.ജി തിരിച്ചുവന്നു. എന്നാൽ 90-ാം മിനിറ്റിലെ ഗോളിലൂടെ അമിയെൻസ് സമനില കണ്ടെത്തി. ആദ്യ 40 മിനിറ്റ് കഴിഞ്ഞപ്പോൾ അമിയെൻസ് മൂന്നു ഗോളിന് മുന്നിലായിരുന്നു. ഗുയിരസി, കകുട്ട, ഡിയബറ്റെ എന്നിവരാണ് അമിയൻസിനായി ഗോൾ നേടിയത്. എന്നാൽ നെയ്മറും എംബാപ്പെയും ഇല്ലാതെ കളിച്ച പി.എസ്.ജിക്കായി പതിനേഴുകാരൻ കൊവസി അവതരിക്കുകയായിരുന്നു. കൊവസിയുടെ ഇരട്ടഗോളും ഹെരേര, ഇക്കാർഡി എന്നിവരുടെ ഗോളുകളും പി.എസ്.ജിയെ മുന്നിലെത്തിച്ചു. ഇതോടെ പി.എസ്.ജി 4-3ന് മുന്നിലെത്തി. പക്ഷേ വിട്ടുകൊടുക്കാൻ അമിയെൻസ് തയ്യാറായിരുന്നില്ല. 90-ാം മിനിറ്റിൽ ഗുയിരസിയിലൂടെ നാലാം ഗോൾ നേടി അമിയെൻസ് സമനില കണ്ടെത്തി. ലീഗിൽ 25 മത്സരങ്ങളിൽ 62 പോയിന്റുമായി പി.എസ്.ജി ബഹുദൂരം മുന്നിലാണ്. 25 മത്സരങ്ങളിൽ 21 പോയിന്റുള്ള അമിയെൻസ് 19-ാം സ്ഥാനത്താണ്. Content Highlights: EPL Liverpool Sadio Mane French League PSG


from mathrubhumi.latestnews.rssfeed https://ift.tt/2UVob71
via IFTTT