Breaking

Friday, December 13, 2019

ആരാകും ബ്രിട്ടന്റെ സാരഥി, എന്താകും ബ്രെക്സിറ്റിന്റെ ഭാവി ? ഇന്നറിയാം

ലണ്ടൻ: ബ്രിട്ടന്റെയും ബ്രെക്സിറ്റിന്റെയും ഭാവിനിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ വ്യാഴാഴ്ച ബ്രിട്ടീഷ് ജനത വോട്ടുരേഖപ്പെടുത്തി. 'തലമുറയിലെ ഏറ്റവുംപ്രധാനപ്പെട്ട വിധിയെഴുത്ത്' എന്നാണ് വ്യാഴാഴ്ചത്തെ തിരഞ്ഞെടുപ്പിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. രാവിലെ ഏഴിനാരംഭിച്ച പോളിങ് രാത്രി പത്തുവരെ നീണ്ടു. വെള്ളിയാഴ്ച പുലർച്ചെയോടെ തിരഞ്ഞെടുപ്പുഫലം പുറത്തുവരും. ഹൗസ് ഓഫ് കോമൺസിലെ 650 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂവായിരത്തിലേറെ സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയ്ൽസ്, ഉത്തര അയർലൻഡ് എന്നിവിടങ്ങളിലായി നാലായിരത്തിലേറെ പോളിങ് ബൂത്തുകളൊരുക്കിയിരുന്നു. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, പ്രതിപക്ഷനേതാവ് ജെറെമി കോർബിൻ, ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ എന്നിവരാണ് പ്രധാനമന്ത്രിസ്ഥാനത്തിനായി ഏറ്റുമുട്ടുന്നത്. 2016-ൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകാൻ ഹിതപരിശോധനയിലൂടെ തീരുമാനിച്ചതിനുശേഷം നടക്കുന്ന മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പാണിത്. നിലവിലെ കരാർപ്രകാരം 2020 ജനുവരി 31-നുതന്നെ ബ്രെക്സിറ്റ് സംഭവിക്കുമോ അതോ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നത് ഇനിയും നീളുമോയെന്ന ചോദ്യത്തിനാണ് തിരഞ്ഞെടുപ്പ് ഉത്തരം നൽകുക. കൺസർവേറ്റീവ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയും ബോറിസ് ജോൺസൺ വീണ്ടും പ്രധാനമന്ത്രിയാകുകയുംചെയ്താൽ ജനുവരി 31-നുതന്നെ ബ്രിട്ടൻ യൂണിയനിൽനിന്ന് പുറത്തുപോകും. ഇക്കാര്യത്തിൽ വീണ്ടും ഹിതപരിശോധനയെന്ന സാധ്യത പൂർണമായി ഇല്ലാതാകും. എന്നാൽ, കൺസർവേറ്റീവ് പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ വരുകയും തൂക്കുസർക്കാരുണ്ടാകുകയും ചെയ്താൽ ബ്രെക്സിറ്റ് ഇനിയും കാലങ്ങളോളം തീരുമാനമാകാതെ തുടരും. ലേബർ പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാൽ ബ്രിട്ടന് നേട്ടമുണ്ടാക്കുന്ന മൃദു ബ്രെക്സിറ്റ് കരാർ മൂന്നുമാസത്തിനുള്ളിൽ കൊണ്ടുവരുമെന്നും അതിൽ വീണ്ടും ജനഹിതപരിശോധന നടത്തുമെന്നുമാണ് ജെറെമി കോർബിന്റെ വാഗ്ദാനം. അഭിപ്രായസർവേകളിൽ ഭൂരിഭാഗവും കൺസർവേറ്റീവ് പാർട്ടിക്ക് അനുകൂലമാണ്. 28 സീറ്റ് അധികംനേടി കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തുമെന്നാണ് 'യൂഗോ'വിന്റെ അഭിപ്രായസർവേ ചൂണ്ടിക്കാട്ടിയത്. നേരത്തേയുള്ള കരാർപ്രകാരം ഒക്ടോബർ 31-ന് ബ്രെക്സിറ്റ് കരാറിൽ സമവായത്തിലെത്താൻ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ബോറിസ് ജോൺസൺ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. Content Highlights:brexit: who will be the leader of Britain


from mathrubhumi.latestnews.rssfeed https://ift.tt/2RIsYqN
via IFTTT