Breaking

Monday, December 16, 2019

ബോട്ടെടുത്ത് കല്യാണം ആഘോഷിച്ച പോലീസുകാർ ‘വെള്ളത്തിലായി’

തൃശ്ശൂർ: ബോട്ടെടുത്ത് വിപുലമായി എസ്.ഐ.യുടെ കല്യാണം ആഘോഷിച്ച പോലീസുകാർ ഒടുവിൽ പുലിവാൽ പിടിച്ചു. മദ്യപിച്ച് കൈയാങ്കളിവരെ കാര്യങ്ങളെത്തിയപ്പോൾ ഒരു പോലീസുകാരൻ സസ്പെൻഷനിലായി. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണവും തുടങ്ങി. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് തോന്നിയപ്പോൾ മദ്യലഹരിയിലായ ഒരു പോലീസുകാരനാണ് ബോട്ടിലരങ്ങേറിയ കശപിശ പോലീസിൽ അറിയിച്ചത്. എന്തായാലും സംഭവം അറിയിച്ചയാൾക്കാണ് സസ്പെൻഷൻ കിട്ടിയിരിക്കുന്നത്. തൃശ്ശൂർ നഗരത്തിന് തൊട്ടടുത്തുള്ള സ്റ്റേഷനിലെ 16 പോലീസുകാരാണ് എസ്.ഐ.യുടെ വിവാഹാഘോഷത്തിനായി ആലപ്പുഴയ്ക്ക് തിരിച്ചത്. ബോട്ട് വാടകയ്ക്കെടുത്തുള്ള വിനോദപരിപാടികളാണ് തർക്കത്തിലും കൈയേറ്റത്തിലും കലാശിച്ചത്. ബോട്ട് ഇടയ്ക്ക് കരയ്ക്കടുപ്പിച്ചപ്പോൾ അടി പേടിച്ച് ഒരു പോലീസുകാരൻ ഇറങ്ങി ഓടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാൾ അവിടത്തെ കൺട്രോൾ റൂമിലേക്കും മറ്റും സംഭവം വിളിച്ചുപറഞ്ഞു. ഇതോടെയാണ് സംഗതി പുറത്തറിഞ്ഞത്. ഈ പോലീസുകാരനെ കാണാതായതോടെ ബോട്ടിലുള്ളവർ വിയർത്തു. മദ്യലഹരിയിൽ കായലിൽ വീണ് അപകടം സംഭവിച്ചോ എന്നായിരുന്നു ഭയം. കരയിലിറങ്ങിയ പോലീസുകാരൻ അവിടെ തങ്ങിയശേഷം പിറ്റേന്ന് പുലർച്ചെ മറ്റൊരു ബോട്ടിലാണ് നഗരത്തിലെത്തിയത്. ഉടനെ ആശുപത്രിയിൽ ചികിത്സയും തേടി. മർദനമേറ്റതു സംബന്ധിച്ച് ഇയാൾ പരാതി നൽകിയതായും സൂചനയുണ്ട്. ഫോൺവിളികളുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ബോട്ടിലെ വിളയാട്ടങ്ങൾ വെളിപ്പെട്ടു. ഇവരുടെ റിപ്പോർട്ടിനെത്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അഡ്മിറ്റായ പോലീസുകാരനിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. സ്പെഷ്യൽ ബ്രാഞ്ചും സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മദ്യപാനത്തെത്തുടർന്നുണ്ടായ പ്രശ്നമാണ് കൈയാങ്കളിയിലെത്തിയതെന്നാണ് വിലയിരുത്തൽ. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്നതിന്റെ പേരിലാണ് വിവരം വിളിച്ചുപറഞ്ഞയാളെ സസ്പെൻഡ് ചെയ്തത്. Content Highlights:poilce officers arranged party in house boat, clash erupted after liquor consumption


from mathrubhumi.latestnews.rssfeed https://ift.tt/36KcLpn
via IFTTT