ബെംഗളൂരു: കർണാടകത്തിൽ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നേറുന്നു. വോട്ടെടുപ്പ് നടന്ന 15 സീറ്റിൽ 10 ഇടത്തും ബിജെപിയാണ് മുന്നിൽ.രണ്ട് സീറ്റിൽ വീതം കോൺഗ്രസും ജെഡിഎസും ലീഡ് ചെയ്യുമ്പോൾ ഒരു സീറ്റിൽ ബിജെപി വിമതനാണ് മുന്നിൽ. കോൺഗ്രസ്-ജെഡിഎസ് സർക്കാരിന്റെ പതനത്തിന് ചുക്കാൻ പിടിച്ച വിമത സ്ഥാനാർഥികളാണ് ബിജെപി ടിക്കറ്റിൽ മത്സരിച്ച 13 പേരും. കൂറുമാറ്റത്തിനും കാലുമാറ്റത്തിനും എതിരായ കോൺഗ്രസ്-ജെഡിഎസ് പ്രചാരണങ്ങൾ മറികടക്കുന്ന ജനവിധിയുടെ സൂചനയാണ് ആദ്യ ഘട്ടത്തിൽ ലഭിക്കുന്നത്. കോൺഗ്രസ് കോട്ടകളിൽ പോലും വിമതരായി ബിജെപിയിലെത്തിയവർ മികച്ച ലീഡ് സ്വന്തമാക്കി മുന്നേറുന്നു. യശ്വന്ത്പുരയിലും കെ.ആർ പേട്ടയിലും ബിജെപിയിലെത്തിയ വിമതർക്ക് പക്ഷേ പ്രതീക്ഷ നൽകുന്നതല്ല ആദ്യ സൂചനകൾ. ഹോസ്കോട്ടയിൽ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ബിജെപി വിമതൻ മുന്നേറുന്നു. യെദ്യൂരപ്പ സർക്കാരിന് ഭരണത്തിൽ തുടരണമെങ്കിൽ ആറ് സീറ്റിലെങ്കിലും ജയിക്കണം. ഇപ്പോഴത്തെ ലീഡ് നിലനിർത്താനായാൽ ബിജെപിക്ക് അഗ്നിപരീക്ഷ അനായാസം കടക്കാനാകും. വിവിധ എക്സിറ്റ് പോളുകൾ ബി.ജെ.പി.ക്ക് 13 സീറ്റുകൾവരെ ലഭിക്കുമെന്നാണ് പ്രവചിച്ചത്. 67.91 ശതമാനമായിരുന്നു പോളിങ്.സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 17 കോൺഗ്രസ്, ജെ.ഡി.എസ്. എം.എൽ.എ.മാർ രാജിവെച്ചതിനെ ത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ നിയമസഭയിലെ അംഗബലം 222 ആവും. ബി.ജെ.പി.ക്ക് ഒരു സ്വതന്ത്രൻ അടക്കം 106 പേരുടെ പിന്തുണയാണിപ്പോഴുള്ളത്. കോൺഗ്രസിന് 66 പേരുടെയും ജെ.ഡി.എസിന് 34 പേരുടെയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. തിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളിൽ കോൺഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. സ്ഥാനാർഥിയാക്കിയത്. നിയമസഭാ സ്പീക്കർ ഇവരെ അയോഗ്യരാക്കിയെങ്കിലും മത്സരിക്കാൻ സുപ്രീംകോടതി അനുമതി നൽകുകയായിരുന്നു. കക്ഷിനില നിലവിൽ നിയമസഭയിലെ അംഗബലം-207 ബി.ജെ.പി. - 106 (ഒരു സ്വതന്ത്രൻ അടക്കം) കോൺഗ്രസ്- 66 ജെ.ഡി.എസ്. - 34 ബി.എസ്.പി. -ഒന്ന് ഉപതിരഞ്ഞെടുപ്പ് നടന്നത്-15 തിരഞ്ഞെടുപ്പ് നടക്കാനുള്ളത്-രണ്ട് Content Highlights: Setback for Congress & JDS
from mathrubhumi.latestnews.rssfeed https://ift.tt/3449aAB
via
IFTTT