ആലപ്പുഴ: ‘ഒന്നും മോഹിക്കാതെ സ്വന്തം വൃക്ക മറ്റൊരാൾക്ക് നൽകാൻ ആർക്കാണ് കഴിയുക? ഇക്കാലത്ത് ഇത്രയും മനുഷ്യത്വമുള്ള ആളെ കണ്ടുകിട്ടുക പ്രയാസം. എല്ലാവർക്കും മാതൃകയാക്കാവുന്നതാണ് എന്റെ ഈ കൂട്ടുകാരനെ.’- ചലച്ചിത്ര ഗാനരചയിതാവ് ബീയാർ പ്രസാദിന്റേതാണീവാക്കുകൾ. ആഴ്ചയിൽ രണ്ടുദിവസം ഡയാലിസിസ് നടത്തിക്കൊണ്ടിരുന്ന ബീയാർ പ്രസാദിന് സ്വന്തം വൃക്ക ദാനംചെയ്തത് ഈ കൂട്ടുകാരനാണ്. വൃക്ക കൊടുക്കുമ്പോൾ ഒന്നുമാത്രമേ കൂട്ടുകാരൻ ആവശ്യപ്പെട്ടിരുന്നുള്ളൂ.-താൻ വൃക്ക നൽകിയെന്നകാര്യം ആരോടും പറയരുത്. കൂട്ടുകാരന് നൽകിയ വാക്ക് ഇതുവരെ ബീയാറും സുഹൃത്തുക്കളും പാലിച്ചു. പക്ഷേ, അധികനാൾ ഇത്രയും നന്മയുള്ള കൂട്ടുകാരനെ മൂടിവെക്കാനാവില്ലെന്ന് ബീയാർ പറയുന്നു. എല്ലാവരും അറിയണം ആ നല്ല മനുഷ്യനെ. അതുകണ്ട് എല്ലാവർക്കും അവയവദാനത്തിന് പ്രചോദനമാകണം.- പ്രസാദ് പറഞ്ഞു.കഴിഞ്ഞ ജനുവരിയിലാണ് ബീയാർ പ്രസാദിന് വൃക്കരോഗം സ്ഥിരീകരിച്ചത്. ഡയാലിസിസ് ചെയ്ത് കഴിയുമ്പോഴാണ് വൃക്കമാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. ഒടുവിൽ വൃക്കമാറ്റിവെക്കാൻ തീരുമാനിച്ചു. കാശുതന്നാൽ വൃക്ക എത്തിക്കാമെന്ന് പറഞ്ഞ് മാഫിയാസംഘംവരെ സമീപിച്ചു. ഇതിനിടെയാണ് സ്വന്തം വൃക്ക നൽകാമെന്ന് പറഞ്ഞ് കൂട്ടുകാരൻ വരുന്നത്. താൻ സ്നേഹത്തോടെ നിരസിച്ചു.പക്ഷേ, കൂട്ടുകാരൻ കേട്ടില്ല. തനിക്കുവേണ്ടെങ്കിൽ മറ്റാർക്കെങ്കിലും ഞാൻ കൊടുക്കും എന്നുപറഞ്ഞ് കൂട്ടുകാരൻ വിടാൻ കൂട്ടാക്കിയില്ല. ഒടുവിൽ വഴങ്ങാനേ നിർവാഹമുണ്ടായിരുന്നുള്ളൂ. - ബീയാർ പ്രസാദ് പറഞ്ഞു. പരിശോധിച്ചപ്പോൾ കൂട്ടുകാരന്റെ വൃക്ക ചേരും. ഒക്ടോബർ 31-ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നു. വൃക്ക നൽകാൻ കൂട്ടുകാരൻ കുടുംബത്തോടൊപ്പമാണ് എത്തിയത്. സ്കൂൾതലം മുതലേ ബീയാറിന്റെ കൂട്ടുകാരനാണ് ഈ വൃക്കദാതാവ്. പിന്നീട് പാരലൽ കോളേജിൽ ഒന്നിച്ചുപഠിച്ചു. ഇപ്പോൾ സർക്കാർ ജോലിയുണ്ട്. പുതുജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയ ആ കൂട്ടുകാരനെക്കുറിച്ച് പറയാൻ ബീയാറിന് വാക്കുകളില്ല. ചികിത്സയുടെ സൗകര്യാർഥം എറണാകുളത്താണ് ബീയാറും ഭാര്യ വിധുവും താമസിക്കുന്നത്. അടുത്തയാഴ്ച നാട്ടിലെത്തും. അന്ന് നന്മയുടെ ആ കൂട്ടുകാരനെ നാട്ടുകാർക്ക് പരിചയപ്പെടുത്താനാണ് ബീയാറിന്റെ ശ്രമം.
from mathrubhumi.latestnews.rssfeed https://ift.tt/36l6YGq
via
IFTTT