Breaking

Monday, December 16, 2019

പൗരത്വഭേദഗതി ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണം, മുസ്ലിംലീഗ് സുപ്രീംകോടതിയെ സമീപിക്കും

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരേ നൽകിയ ഹർജി സുപ്രീം കോടതി അടിയന്തിരമായി പരിഗണിക്കണമെന്ന് മുസ്ലിംലീഗ്. രാവിലെ 10.30ന് ഇക്കാര്യം സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിനു മുന്നിൽ ആവശ്യപ്പെടും. പൗരത്വ ഭേദഗതി നിയമത്തിനെതിരേ മുസ്ലിംലീഗ് ഉൾപ്പെടെ 22 കക്ഷികൾ ഇതിനോടകം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്ത, ഹർജികൾ ബുധനാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. എന്നാൽ ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നൽകിയ ഹർജികൾ ഉൾപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് ലീഗിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ ആവശ്യപ്പെടാൻ തീരുമാനിച്ചത്. ക്രിസ്മസ്- പുതുവത്സര അവധികൾക്കായി ബുധനാഴ്ച സുപ്രീം കോടതി പിരിയുകയാണ്. ഹർജികൾ ബുധനാഴ്ചയ്ക്കുള്ളിൽ കേട്ടില്ലായെങ്കിൽ ജനുവരി ഒന്നാം വാരം കോടതി തുറന്ന ശേഷം മാത്രമേ കേൾക്കാൻ സാധ്യതയുള്ളൂ. ഇതുകൂടി കണക്കിലെടുത്താണ് ഹർജി വേഗത്തിൽ പരിഗണിക്കണം എന്ന ആവശ്യം ലീഗ് ഉന്നയിക്കുന്നത്. എം.പി.മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾ വഹാബ്, നവാസ് കനി എന്നിവരും കക്ഷികളായാണ് മുസ്ലീംലീഗ് ഹർജി നൽകിയിരിക്കുന്നത്. മതത്തിന്റെ പേരിൽ മുസ്ലിങ്ങളെ ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ച് അഭിഭാഷകരായ പല്ലവി പ്രതാപ്, ഹാരിസ് ബീരാൻ എന്നിവർ മുഖേനയാണ് ലീഗ് ഹർജിനൽകിയത്. കോൺഗ്രസ് നേതാവ് ജയറാം രമേശ്, അഡ്വ. എം.എൽ. ശർമ, നിയമവിദ്യാർഥികൾ തുടങ്ങിയവരും ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ, പീസ് പാർട്ടി, സന്നദ്ധസംഘടനകളായ റിഹായ് മഞ്ച്, സിറ്റിസൺസ് എഗെൻസ്റ്റ് ഹേറ്റ് എന്നിവയും പൗരത്വനിയമത്തിനെതിരേ ഹർജി നൽകിയിട്ടുണ്ട്. കേസിൽ കക്ഷി ചേരാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തീരുമാനിച്ചിട്ടുണ്ട്. Content Highlights:Citizenship Amendment Act : consider pleas urgently, Muslim League to approach Supreme Court


from mathrubhumi.latestnews.rssfeed https://ift.tt/2qWCdIX
via IFTTT