പാരിസ്: 5700 വർഷങ്ങൾക്ക് മുൻപ്, ശിലായുഗത്തിൽ ജീവിച്ചിരുന്ന സ്ത്രീയുടെ രൂപം എങ്ങനെയായിരിക്കും? വിശദീകരണവുമായെത്തിയിരിക്കുകയാണ് ഡാനിഷ് ഗവേഷക സംഘം. 5700വർഷങ്ങൾക്ക് മുൻപ് ജീവിച്ച ആൾ ഉപയോഗിച്ച ഒരു തരം ച്യൂയിംഗത്തിൽ നിന്നും മനുഷ്യന്റെ പൂർണ ഡിഎൻഎ വേർതിരിച്ചെടുക്കാനായെന്നാണ് ഗവേഷകരുടെ അവകാശവാദം. ഡിഎൻഎ പരിശോധനയിൽ ച്യൂയിംഗം ഉപയോഗിച്ച ആളുടെ ലിംഗം, കഴിച്ചിരുന്ന ഭക്ഷണം, വായിലെ ബാക്ടീരിയകളുടെ സാന്നിധ്യം, ശരീരത്തിന്റേയും കണ്ണിന്റേയും നിറം, വംശം തുടങ്ങിയവ ഏതാണെന്ന് തിരിച്ചറിയാൻ സാധിച്ചുവെന്നാണ് ഗവേഷകർ വിശദീകരിക്കുന്നത്. ഇത് പ്രകാരം ഇരുണ്ട ചർമവും നീലക്കണ്ണുകളുമുള്ള ഒരു പെൺകുട്ടിയാണ് ച്യൂയിംഗം ഉപയോഗിച്ചിരുന്നതെന്ന് ഗവേഷകർ പറയുന്നു. യൂറോപ്പ് മേഖലയിൽ നിന്നുള്ള നായാട്ട് വിഭാഗത്തിൽപ്പെട്ടതാണ് പെൺകുട്ടിയെന്നും ഗവേഷകർ പറയുന്നു. ഗവേഷകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമാനമായ ഒരു രൂപവും ചിത്രകാരന്മാർ വരച്ചിട്ടുണ്ട്. ലോല എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഇതാദ്യമായാണ് മനുഷ്യന്റെ എല്ലിൽ നിന്നല്ലാതെ മറ്റൊരു വസ്തുവിൽ നിന്ന് മനുഷ്യ ഡിഎൻഎയെ ഗവേഷകർ വേർതിരിച്ചെടുക്കുന്നതെന്ന് കോപ്പൻഹേഗൻ സർവകലാശാലയിൽ നിന്നുള്ള ഗവേഷകനായ ഹാൻസ് ഷ്രോഡർ പറഞ്ഞു. നേച്ചർ കമ്മ്യൂണിക്കേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിന്റെ ലേഖകൻ കൂടിയാണ് ഹാൻസ് ഷ്രോഡർ. ചിത്രകാരന്മാർ വരച്ച രൂപം.Image:CNN തെക്കൻ ഡെന്മാർക്കിലെ സിൽത്തോമിൽ നടത്തിയ പുരാവസ്തു ഖനനത്തിനിടെയാണ് ശിലായുഗമനുഷ്യർ ഉപയോഗിച്ചുവെന്ന കരുതുന്ന ച്യൂയിംഗത്തിന് സമാനമായ സാംപിൾ കണ്ടെത്തിയത്.ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പുരാവസ്തുക്കൾ സൽത്തോമിൽ നശിപ്പിക്കപ്പെടാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇത് അത്ഭുതാവഹമാണ്. അതുകൊണ്ടുതന്നെ സിൽത്തോം മേഖല ഭൂമിശാസ്ത്രപരമായി വളരെ വ്യത്യസ്തമാണെന്നും ഗവേഷകൻ അഭിപ്രായപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/34yOEZ7
via
IFTTT