Breaking

Wednesday, December 11, 2019

അച്ഛനു പത്തിൽ പത്തുമാർക്ക്

എല്ലാ പെൺമക്കൾക്കും അച്ഛൻ ഒരു ഹീറോയാണ്.അച്ഛൻ മുൻ രാഷ്ട്രപതിയായാലും സാധാരണക്കാരനായാലും അതിൽ വ്യത്യാസമില്ല.എല്ലാ മക്കളും അച്ഛനെ അച്ഛനായിട്ടാണ് കാണുന്നത്.അദ്ദേഹത്തിന്റെ പദവി ഒരു വിഷയമല്ല.നല്ല മൂല്യങ്ങൾ തന്ന ,നിറയെ സ്നേഹം പകർന്ന അച്ഛനമ്മമാരെ കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്. ഒരു രാഷ്ട്രീയ കുടുംബത്തിലാണ് ഞാൻ ജനിച്ചത്.ഞാൻ ജനിക്കും മുമ്പ് തന്നെ അച്ഛൻ രാഷ്ട്രീയത്തിലുണ്ട്.അതും വളരെ ശക്തമായ രാഷ്ട്രീയത്തിൽ.ദശകങ്ങളോളം മന്ത്രിയായിരുന്നു,വർഷങ്ങളോളം പാർലമെന്റംഗമായിരുന്നു.എന്നാൽ അച്ഛന്റെ പദവിയോ സ്ഥാനങ്ങളോ തലയിലേറ്റരുതെന്നും അഹങ്കാരമായി കൊണ്ടു നടക്കരുതെന്നും അച്ഛനമ്മമാർ എന്നെ ചെറുപ്പത്തിൽ തന്നെ പഠിപ്പിച്ചിരുന്നു.ഇപ്പോഴും ഞാൻ ആ നിർദേശം പിന്തുടരുന്നുണ്ട്. അധികാരഅലങ്കാരങ്ങളിൽ നിന്ന് മക്കളെ എന്നും അകറ്റി നിർത്തി.നീ നീയായിരിക്കുക,നീ എന്താണോ അതായിരിക്കുക.അല്ലാതെ പദവി,അലങ്കാരം,സ്ഥാനങ്ങൾ ഇതൊന്നും നിന്നെ ബാധിക്കരുതെന്ന് അവർ എപ്പോഴും പറയുമായിരുന്നു.അത് എനിക്ക് ജീവിതത്തിൽ ഏറ്റവും വലിയ പാഠമാണ്,എക്കാലത്തും. സാധാരണ വീട്ടന്തരീക്ഷം അധികാരത്തിന്റെ പരിസരങ്ങളിലായിരുന്നു കഴിഞ്ഞിരുന്നതെങ്കിലും ഞാൻ ഒരു സാധാരണപെൺകുട്ടിയായാണ് വളർന്നത്.കൗമാരചാപല്യങ്ങളൊക്കെയുള്ള സാധാരണ പെൺകുട്ടി.വളരെ സാധാരണമായ ഒരു വളരൽ.പ്രത്യേകതകളൊന്നുമുണ്ടായിരുന്നില്ല.ഒരു രാഷ്ട്രീയകുടുംബത്തിലെ അംഗമായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിന്റെ നടവിലാണെങ്കിലും (പ്രത്യേകിച്ച് കോൺഗ്രസ് രാഷ്ട്രീയത്തിൽ ) വളരെ സാധാരണ ജീവിതമാണ് ഞങ്ങൾ നയിച്ചത്.അതിന്റെ മുഴുവൻ ക്രെഡിറ്റും എന്റെ അച്ഛനമ്മമാർക്കാണ്. രാഷ്ട്രീയക്കാരനെന്ന നിലയിലാണോ അച്ഛൻ എന്ന നിലയിലാണോ മികച്ചത് എന്ന ചോദിച്ചാൽ എനിക്ക് അത്തരമൊരു റേറ്റിംഗ് അച്ഛനെക്കുറിച്ച് നടത്താൻ കഴിയില്ല.അച്ഛന് മാർക്കിടാൻ കഴിയില്ല.ഒരു മക്കൾക്കും സാധിക്കില്ല.എങ്കിലും ഒരു മകൾ തന്റെ അച്ഛന് എക്കാലത്തും കൊടുക്കുക പത്തിൽ പത്ത് മാർക്കാണ്.അത് എന്റെ കാര്യത്തിൽ മാത്രമല്ല,എല്ലാ പെൺമക്കൾക്കും അച്ഛൻ അങ്ങനെയാണ്. അച്ഛന് അധികം സമയമൊന്നും ഞങ്ങൾ മക്കൾക്കൊപ്പം ചെലവിടാൻ കഴിഞ്ഞിട്ടില്ല.എന്നാൽ ചെലവിടുന്നത് കുറച്ചു സമയം ആണെങ്കിലും അതിൽ അദ്ദേഹം പൂർണമായും മുഴുകിയിരുന്നു.അമ്മയാണ് മക്കളുടെ കാര്യങ്ങൾ മുഴുവൻ നോക്കിയിരുന്നത്. അത്താഴ സമയത്ത് എല്ലാവരും ഒരുമിച്ചിരിക്കാൻ ശ്രമിക്കും.അതാണ് നേരത്തെ മുതലുള്ള ശീലം.എന്നാൽ തിരക്ക് മൂലം അച്ഛൻ പലപ്പോഴും രാത്രി വൈകിയാണ് വീട്ടിൽ എത്തിയിരുന്നത്.അപ്പോഴേക്ക് ഞാൻ ചിലപ്പോൾ ഭക്ഷണം കഴിച്ചിട്ടുണ്ടാകും.എന്നാലും അച്ഛൻ എന്റെ ഒപ്പം കുറച്ചു നേരം ഇരിക്കും.വിശേഷങ്ങൾ ചോദിക്കും.അത്താഴമേശയിൽ ഒരിക്കൽ പോലും ഞങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്തിട്ടില്ല.അച്ഛന്റെ സംസാരം എപ്പോഴും ചരിത്ര വിഷയങ്ങളെക്കുറിച്ചായിരിക്കും.അല്ലെങ്കിൽ മാറുന്ന ലോകത്തെക്കുറിച്ചായിരിക്കും.ലോകത്ത് എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അച്ഛൻ ഞങ്ങൾക്ക് പറഞ്ഞു തരും.പഴയതും പുതിയതും തമ്മിൽ ബന്ധിപ്പിച്ച് പറയാൻ അച്ഛന് അസാമാന്യമായ കഴിവായിരുന്നു. ചരിത്രം പുതിയ കാലവുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന് അദ്ദേഹം വിശദീകരിക്കും.അച്ഛന് ചരിത്രത്തിൽ ആഴത്തിൽ അവഗാഹമുണ്ട്.ഒരു പക്ഷെ,കുറച്ച് സമയം മാത്രമേ ഞങ്ങൾക്ക് നൽകാൻ കഴിയുന്നുള്ളു എന്ന തോന്നലിന് പരിഹാരമെന്ന നിലയിലായിരിക്കും അത് ഗുണപരമായി ഉപയോഗിക്കാൻ അദ്ദേഹം ശ്രമിച്ചത്. ഇത്തരം സന്ദർഭങ്ങളിൽ അച്ഛൻ നിറയെ കഥകൾ ഞങ്ങൾക്ക് പറഞ്ഞു തരുമായിരുന്നു.നേരിട്ട് കാര്യങ്ങൾ പഠിപ്പിക്കുന്നതിന് പകരം കഥകളിലൂടെ പറഞ്ഞു തരും.അതിലൂടെ ലോകത്തെക്കുറിച്ച് വിശാലമായ വീക്ഷണം ഞങ്ങൾക്ക് ലഭിക്കും.ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ,വളരെ രസകരമായ ബാല്യകാലമായിരുന്നു എന്റേതെന്ന് എനിക്ക് തോന്നുന്നു. വീട്ടിൽ തികച്ചും ശാന്തൻ അച്ഛനെ ഒരിക്കലും അസ്വസ്ഥനായോ അശാന്തനായോ ഞാൻ കണ്ടിട്ടില്ല.രാഷ്ട്രീയത്തിലെയും ജോലിയിലെയും ടെൻഷനുകളൊന്നും അച്ഛൻ വീട്ടിനുള്ളിലേക്ക് കൊണ്ടു വരാറില്ല.അത് വലിയ ഗുണമായി എനിക്ക് തോന്നിയിട്ടുണ്ട്.വീട്ടിൽ ഒരിക്കലും അച്ഛൻ ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടില്ല.വളരെ ശാന്തൻ.മനസ്സിൽ ഒത്തിരി തമാശകളുള്ള വ്യക്തിയാണ് അച്ഛൻ.നിറയെ തമാശകൾ പറയും.രാഷ്ട്രീയജീവിതത്തിൽ നിന്നും പഴയകാലത്ത് നിന്നും കിട്ടിയ രസകരമായ കഥകൾ പറയും.അച്ഛനോട് സംസാരിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.കാരണം ഇത്തരം നുറുങ്ങു തമാശകൾ കലർത്തിയാണ് അച്ഛൻ സംസാരിക്കുന്നത്.എന്നാൽ,ലഘുവായ സമീപനത്തിൽ പോലും ഗൗരവമുണ്ടാകും.അതെ സമയം, പത്രപ്രവർത്തകരൊക്കെ അച്ഛന്റെ ശുണ്ഠിയെക്കുറിച്ച് എന്നോട് പറയാറുണ്ട്.ഭയങ്കര ദേഷ്യക്കാരനാണെന്നൊക്കെ അവർ പരിഭവം പറഞ്ഞിട്ടുണ്ട്.എനിക്ക് അത് കേൾക്കുമ്പോൾ അത്ഭുതം തോന്നും.വീട്ടിൽ അത്തരത്തിൽ അച്ഛൻ ഇതുവരെ പെരുമാറിയിട്ടില്ല.എന്നെ വളരെ അപൂർവമായി മാത്രമേ ശാസിച്ചിട്ടുള്ളു.എന്നാൽ അമ്മ വളരെ കർക്കശ സ്വഭാവക്കാരിയായിരുന്നു.അച്ചടക്കം വളരെ നിർബന്ധമായിരുന്നു. സ്കൂൾ,കോളേജ് പഠനകാലത്തൊക്കെ എന്നെ പഠിക്കാൻ അച്ഛൻ സഹായിച്ചിട്ടുണ്ട്.ഞാനും ചരിത്രമാണ് കോളേജിൽ പഠിച്ചത്.എനിക്ക് സംശയങ്ങളുണ്ടെങ്കിൽ അത് തീർത്തു തരും.ചില പാഠഭാഗങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത ഘട്ടത്തിൽ ഞാൻ അച്ഛനോട് സംസാരിക്കും.എന്നാൽ അത് എപ്പോഴും സാധിക്കുമായിരുന്നില്ല.തിരക്കൊഴിഞ്ഞ് അച്ഛനെ കിട്ടുന്ന സമയങ്ങളിൽ മാത്രം. കോളേജ് പഠനകാലത്ത് എനിക്ക് വിപുലമായ വായനാശീലമുണ്ടായിരുന്നു. ഗൗരവപ്പെട്ട പുസ്തകങ്ങൾ മാത്രമല്ല,നോവലും കഥകളും മറ്റും വായിക്കും.ഒരു ദിവസം ഞാൻ ഒരു ബംഗാളി വാരിക വായിക്കുകയായിരുന്നു.അത്ര ഗൗരവമുള്ള മാസികയൊന്നുമായിരുന്നില്ല.ഒരു പോപ്പുലർ മാഗസിൻ.ഞാൻ ഇത് വായിക്കുന്നത് കണ്ടപ്പോൾ,ഇത്തരം ചവറ് മാസികയൊക്കെ എന്തിനാണ് വായിക്കുന്നത് എന്നായി അച്ഛൻ.മോശപ്പെട്ട മാസികവായിച്ചാലല്ലേ,നല്ലതും മോശവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയു എന്ന് ഞാൻ തിരിച്ച് ചോദിച്ചു.അപ്പോൾ അച്ഛൻ ഒന്ന് മൂളി.ഞാൻ പറയാനുദ്ദേശിച്ചതെന്താണെന്ന് അച്ഛന് മനസ്സിലായി എന്നായിരുന്നു ആ മൂളലിന്റെ അർഥം. എന്റെ വാദത്തെ അച്ഛൻ അഭിനന്ദിച്ചു. ഒരു ശീലത്തെക്കുറിച്ച് കൂടി പറയാം.അമ്മയ്ക്കോ മക്കൾക്കോ ഒരു സമ്മാനം പോലും ഇതുവരെ അച്ഛൻ വാങ്ങിക്കൊണ്ടു വന്നിട്ടില്ല !അതത്ര നല്ല ശീലമല്ല എന്ന് ഞങ്ങൾ അച്ഛനോട് പരാതി പറയും!വിവാഹ വാർഷികത്തിനെങ്കിലും അമ്മയ്ക്ക് ഒരു സാരി അച്ഛൻ വാങ്ങിക്കൊടുക്കണമെന്ന് ഞങ്ങൾ മക്കൾ ആവശ്യപ്പെടുമായിരുന്നു.അച്ഛൻ അതൊന്നും ഓർക്കാറില്ല.ഒടുവിൽ, അച്ഛന്റെ കയ്യിൽ നിന്ന് പണം വാങ്ങി,ഞങ്ങൾ സ്വയം സമ്മാനങ്ങൾ വാങ്ങും !എന്നാൽ സമ്മാനമായി പുസ്തകങ്ങൾ കൊടുക്കാൻ അച്ഛന് ഉത്സാഹമാണ്.അച്ഛന്റെ അടുത്ത് ആര് വന്നാലും പുസ്തകം സമ്മാനമായി കിട്ടും.പുസ്തകങ്ങളുടെ വമ്പൻ ശേഖരമുണ്ട് അച്ഛന്.പുസ്തകങ്ങൾ വീട്ടിൽ സൂക്ഷിക്കാൻ സ്ഥലം പോരാത്ത അവസ്ഥയാണ്. രാഷ്ട്രപതിഭവനിലും സാധാരണ ജീവിതം രാഷ്ട്രീയ നേതാവ്,മന്ത്രി,രാഷ്ട്രപതി തുടങ്ങിയ ഉയർന്ന പദവിയിലിരുന്ന ഒരാളുടെ മക്കളെന്ന നിലയിൽ ഞങ്ങൾ ഒരിക്കൽ പോലും പ്രത്യേക അവകാശങ്ങളോ ആനുകൂല്യങ്ങളോ അനുഭവിച്ചിട്ടില്ല.അത് ഞങ്ങൾ ആഗ്രഹിച്ചിട്ടുമില്ല .രാഷ്ട്രപതിഭവനിൽ രാഷ്ട്രപതിയുടെ കുടുംബത്തിന് സ്വാഭാവികമായി ലഭിക്കുന്ന ചില ആനുകൂല്യങ്ങൾ കിട്ടിയിട്ടുണ്ട്.എന്നാൽ മറ്റ് അവകാശങ്ങൾ,ആനുകൂല്യങ്ങൾ എന്നിവയ്ക്കൊന്നും ഞങ്ങൾ ശ്രമിച്ചിട്ടില്ല.അത്തരം ആനുകൂല്യങ്ങൾ ലഭിക്കുക എളുപ്പമായിരുന്നു.അച്ഛൻ രാഷ്ട്രപതിയായിരിക്കുമ്പോൾ പോലും ഞാൻ യാത്ര ചെയ്തതിട്ടുള്ളത് സ്വന്തം നിലയ്ക്കാണ്.എവിടെയെങ്കിലും ക്യൂ നിൽക്കേണ്ടതുണ്ടെങ്കിൽ മറ്റുള്ളവർക്കൊപ്പം ക്യൂ നിന്നാണ് കാര്യങ്ങൾ നിർവഹിച്ചിട്ടുള്ളത്.കാരണം പ്രത്യേക അവകാശങ്ങളെക്കുറിച്ചുള്ള ബോധം മനസ്സിലോ തലയിലോ ഏറ്റരുതെന്നാണ് അച്ഛൻ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്.പ്രത്യേക അവകാശങ്ങൾ ലഭിക്കുന്നതിലൂടെ നശിക്കാൻ എളുപ്പമാണ്. അതുകൊണ്ട് തന്നെ രാഷ്ട്രപതി ഭവനിൽ ഞാൻ താമസിച്ചിട്ടില്ല.എന്റെ സ്വന്തം വീട്ടിലായിരുന്നു താമസം.ഇടയ്ക്ക് വല്ലപ്പോഴും ഒന്നോ രണ്ടോ ദിവസം മാത്രം രാഷ്ട്രപതിഭവനിൽ തങ്ങിയിട്ടുണ്ടെന്ന് മാത്രം. എങ്കിലും,രാഷ്ട്രപതിഭവനിലെ ജീവിതം തികച്ചും വ്യത്യസ്തമായിരുന്നു.അത്തരമൊരു അവസരം ഞങ്ങളുടെ കുടുംബത്തിന് നൽകിയതിൽ ദൈവത്തോട് എനിക്ക് നന്ദിയുണ്ട്.അച്ഛൻ പതിമൂന്നാമത്തെ രാഷ്ട്രപതിയാണ.്രാം നാഥ് കോവിന്ദ് പതിനാലാമത്തെ രാഷ്ട്രപതിയും.ഇതുവരെ രാജ്യത്തെ 14 കുടുംബങ്ങൾക്ക് മാത്രമേ രാഷ്ട്രപതിഭവനിൽ താമസിക്കാൻ കഴിഞ്ഞിട്ടുള്ളു എന്നത് വലിയ കാര്യമല്ലേ.വളരെ മഹത്തായ അനുഭവമാണ് രാഷ്ട്രപതി ഭവൻ നൽകിയത്.ലോകനേതാക്കൾ,പ്രധാനവ്യക്തികൾ തുടങ്ങിയവരെ അടുത്ത് പരിചയപ്പെടാൻ അക്കാലത്ത് സാധിച്ചു.അതൊരു വലിയ അനുഭവ പാഠമായിരുന്നു. ഞാനൊരു നർത്തകി കൂടിയാണ്.നൃത്തത്തോടുള്ള എന്റെ ഇഷ്ടത്തെ അച്ഛനമ്മമാർ എക്കാലത്തും പിന്തുണച്ചിട്ടേയുള്ളൂ.അവർ ഒരിക്കലും തങ്ങളുടെ വീക്ഷണം മക്കളിൽ അടിച്ചേൽപിക്കാൻ ശ്രമിച്ചിട്ടില്ല.ഞാൻ എടുക്കുന്ന ഏത് തീരുമാനവും,അത് തെറ്റായാലും ശരിയായാലും അവർ എക്കാലത്തും എന്റെ ഒപ്പം പാറ പോലെ നിന്നു.അതിന്റെ മുഴുവൻ ക്രെഡിറ്റും അവർക്ക് നൽകുന്നു.പൊതുവെ എല്ലാ രക്ഷിതാക്കളും മക്കളെ ഉപദേശിക്കും.എന്റെ അച്ഛനും അമ്മയും എന്നെ ഉപദേശിച്ചിട്ടുണ്ട്.എന്നാൽ അത് അടിച്ചേൽപിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല.നീ ചെയ്യുന്നത് ശരിയല്ലെന്ന് അവർ ഒരു പക്ഷെ ചൂണ്ടിക്കാണിക്കുമായിരിക്കും.പെൺകുട്ടികൾ പൊതുവെ വളരെ ഉറച്ച നിലപാടുകളുള്ളവരാണ്.ഞാനിത് ചെയ്യുമെന്ന് പറഞ്ഞ് അതിൽ ഉറച്ചു നിൽക്കും.ഞാനും അത് ചെയ്തിട്ടുണ്ട്.അത്തരം ഘട്ടങ്ങളിൽ അച്ഛനും അമ്മയും തീരുമാനം എനിക്ക് വിട്ടു തരുമായിരുന്നു.എന്നാൽ ജീവിതത്തിൽ എന്തെങ്കിലും ഒരു വലിയ തെറ്റ് ഞാൻ ചെയ്തതായി ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോഴും അച്ഛൻ പ്രോത്സാഹിപ്പിച്ചു.എന്നാൽ രാഷ്ട്രീയത്തിൽ തുടരുന്നുണ്ടെങ്കിൽ കഠിനമായി പ്രവർത്തിക്കണമെന്ന് ഉപദേശിച്ചു.ഇരുപത്തിനാല് മണിക്കൂറും രാഷ്ട്രീയത്തിനായി സമർപ്പിക്കണം.രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുക്കരുത്.അച്ഛൻ ഇത്രയും കാലമായിട്ടും ഒരിക്കൽ പോലും അവധിയെടുത്തിട്ടില്ല.വർഷം തോറും മൂന്ന് ദിവസം തറവാട്ടിൽ ദുർഗ്ഗാ പൂജയ്ക്ക് പോകുമ്പോൾ പോലും അച്ഛൻ ജോലി ചെയ്തു കൊണ്ടേയിരിക്കും. അമ്മയും ഞങ്ങൾ മക്കളും പരാതിപറയുന്ന വിഷയമാണിത് !രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ പൂർണ സമർപ്പണം വേണമെന്നായിരിക്കും അച്ഛന്റെ മറുപടി.കോൺഗ്രസിന് ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതെന്നും അതിനാൽ കഠിന പരിശ്രമം വേണമെന്നും അച്ഛൻ എന്നോട് പറഞ്ഞു.രാഷ്ടീയത്തിൽ ക്ഷമവേണം..ഈ ഉപദേശങ്ങൾ രാഷ്ട്രീയത്തിൽ എനിക്ക് സഹായകരമായി. സമവായത്തിന്റെ പ്രതിനിധി മറ്റുള്ളവരെ കേൾക്കാനും അവരുടെ വാദങ്ങൾ മനസ്സിലാക്കാനുമുള്ള അസാമാന്യ ശേഷി അച്ഛനുണ്ട്.ആ വാദങ്ങൾ എല്ലാം അംഗീകരിക്കണമെന്നില്ല.എന്നാൽ അത് തിരിച്ചറിയാനുള്ള മനസ്സ് അച്ഛനുണ്ട്.എന്നാൽ വാദങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടാൽ നയരൂപവൽക്കരണത്തിൽ ഉൾപ്പെടുത്താൻ മടിക്കാറില്ല.അച്ഛന്റെ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും സഹിഷ്ണുത ,മറ്റുള്ളവരെ ഉൾക്കൊള്ളൽ തുടങ്ങിയവ അടിസ്ഥാന വികാരങ്ങളാണ്. ഇന്നത്തെ ഇന്ത്യയിൽ നിരന്തരം ഉയരുന്ന നിരവധി ശബ്ദങ്ങളുണ്ട്.എന്നാൽ ചർച്ചയില്ല,സംവാദങ്ങളില്ല.ചർച്ചകളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കാതൽ എന്നാണ് ഞാൻ കരുതുന്നത്.അതു തന്നെയാണ് ഇന്ത്യയുടെ ആത്മാവും.ഇന്ത്യൻ നാഗരികതയുടെ അടിസ്ഥാനമൂല്യം അതാണ്.നിരവധി സംസ്കാരങ്ങൾ അലിഞ്ഞു ചേർന്നതാണ് ഇന്ത്യൻ സംസ്കാരം.ഇന്ത്യയുടെ ആത്മാവ് മനസ്സിലാക്കണമെന്ന് അച്ഛൻ പറയാറുണ്ട്.മറ്റുള്ളവരെ കേൾക്കുകയല്ല,അവരെ മനസ്സിലാക്കാനുള്ള ശേഷിയുണ്ടാകണം.എതിരാളികളുടെ വീക്ഷണം കേൾക്കാൻ മനസ്സുണ്ടാകണം.വൈവിധ്യങ്ങൾക്കിടയിലും ചർച്ചകളുടെയും പരസ്പരആദരവിന്റെയും അന്തരീക്ഷമുണ്ടാകണമെന്ന് അച്ഛൻ എപ്പോഴും പറയും. എല്ലാവരെയും കേൾക്കാനുള്ള അച്ഛന്റെ ശേഷി മാതൃകാപരമാണ്.അതുകൊണ്ടാണ് അച്ഛൻ രാഷ്ട്രീയവ്യത്യാസമില്ലാതെ എല്ലാവരുടെയും ഇഷ്ടവും ആദരവും പിടിച്ചു പറ്റുന്നത്.സമവായമാണ് അച്ഛന്റെ രീതി.അതാണ് അച്ഛന്റെ ഏറ്റവും വലിയ ശക്തിയെന്ന് ഞാൻ കരുതുന്നു. Content Highlights:Pranab Mukhargee 84th birth day


from mathrubhumi.latestnews.rssfeed https://ift.tt/2P8Ce5Q
via IFTTT