ബെംഗളൂരു: പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ ഫിറ്റ്നസ് ടെസ്റ്റ് നടത്താൻ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ.) വിസമ്മതിച്ചത് ഇന്ത്യൻ ക്രിക്കറ്റിനെ അസ്വസ്ഥമാക്കുന്ന വിവാദമായി വളരുന്നു. ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയും എൻ.സി.എ. ഡയറക്ടർ രാഹുൽ ദ്രാവിഡും ചർച്ചചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് പൊതുവികാരം. ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റൻമാരായ ഇരുവരും ദീർഘകാലം ഒരുമിച്ച് കളിച്ചിട്ടുണ്ട്. പ്രശ്നത്തിൽ ഇടപെടുമെന്ന് ഗാംഗുലി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പരിക്കേറ്റശേഷം എൻ.സി.എയുമായി ബന്ധപ്പെടാൻ ബുംറ തയ്യാറാകാത്തതിനാലാണ്, ഫിറ്റ്നസ് ടെസ്റ്റിന് എൻ.സി.എ. വിസമ്മതിച്ചതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ താരങ്ങൾ എൻ.സി.എ.യിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നാണ് നിർദേശം. അക്കാദമി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയാലേ ദേശീയടീമിലേക്ക് തിരിച്ചെത്താനാവൂ. എൻ.സി.എ.യോട് ഇന്ത്യയിലെ മുൻനിര ക്രിക്കറ്റർമാർക്കുള്ള അകൽച്ചയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ. അടുത്തിടെ, ഭുവനേശ്വർ കുമാറിന്റെ പരിക്ക് കണ്ടുപിടിക്കാൻ എൻ.സി.എ.യ്ക്ക് കഴിയാത്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. മാസങ്ങൾക്കുമുമ്പ് പൃഥ്വി ഷാ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതും ഇവിടെയാണ്. എൻ.സി.എ.യുടെ ന്യായങ്ങൾ ബുംറയുടെ ഫിറ്റ്നസ് ടെസ്റ്റ് നടത്താൻ എൻ.സി.എ. ഡയറക്ടർ രാഹുൽ ദ്രാവിഡിന് ഒരു വൈമനസ്യവുമില്ലെന്ന് അക്കാദമിയുമായി ബന്ധപ്പെട്ടവർ പറയുന്നു. ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് തങ്ങൾ ചെയ്തത്. കഴിഞ്ഞ നാലുമാസമായി ബുംറ ഇവിടെ ചികിത്സയിൽ കഴിഞ്ഞിട്ടില്ല. അദ്ദേഹം മറ്റേതോ കേന്ദ്രത്തെയാണ് ആശ്രയിച്ചത്. അവിടെ എന്തൊക്കെ സംഭവിച്ചു എന്ന് ഞങ്ങൾക്കറിയില്ല. പരിക്കിന്റെ സ്വഭാവവും നിശ്ചയമില്ല. ഒരു സുപ്രഭാതത്തിൽവന്ന് ഫിറ്റ്നെസ് ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞാൽ സാധിക്കുമോ? അതുകൊണ്ടാണ്, എവിടെയാണോ ചികിത്സിച്ചത് അവിടേക്ക് പോകാൻ പറഞ്ഞത്. അക്കാദമിക്ക് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. അത് പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരാണ്. ബുംറയുടെ വാദങ്ങൾ പരിക്കിനുശേഷം ബുംറ ഏകപക്ഷീയ തീരുമാനങ്ങൾ എടുത്തെന്ന ആരോപണം ശരിയല്ലെന്ന് താരത്തോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നു. ബന്ധപ്പെട്ട ആളുകളുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ബുംറ ചെയ്തത്. വിദഗ്ധഡോക്ടർമാരെ കാണുന്നതിനായി അദ്ദേഹം ഇംഗ്ലണ്ടിലേക്കുപോയി. ഒക്ടോബറിൽ തിരിച്ചെത്തി. വിശാഖപട്ടണത്ത് നെറ്റ്സിൽ പന്തെറിയാൻ എത്തണമെന്ന് നിർദേശം കിട്ടി. അതനുസരിച്ചു. അവിടെനിന്ന് ബെംഗളൂരുവിലെ എൻ.സി.എ.യിൽ എത്താൻ പറഞ്ഞു. എന്നാൽ, അവിടെയെത്തിയപ്പോൾ അവർ ടെസ്റ്റിന് വിസമ്മതിച്ചു. മുംബൈയിലേക്ക് തിരിച്ചയച്ചു. Content Highlights: NCA refuses to conduct Jasprit Bumrahs fitness test Sourav Ganguly Rahul Dravid
from mathrubhumi.latestnews.rssfeed https://ift.tt/2SnixsK
via
IFTTT