Breaking

Thursday, December 12, 2019

പൗരത്വ ബില്‍: അസം കത്തുന്നു, അനിശ്ചിതകാല കര്‍ഫ്യൂ , മുഖ്യമന്ത്രിയുടെ വീടിന് നേരെ കല്ലേറ്

ഗുവാഹാത്തി: പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമിൽ ആളിക്കത്തുന്നു. തലസ്ഥാനമായ ഗുവാഹാത്തിയിൽ അനിശ്ചിതകാലത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളിൽ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. 10 ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കി. ആയിരക്കണക്കിന് പ്രതിഷേധക്കാർ ഇപ്പോഴും തെരുവിലാണ്. പലയിടങ്ങളിലും പോലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. വാഹനങ്ങളും മറ്റു അഗ്നിക്കിരയാക്കി. ഇതിനിടെ മുഖ്യമന്ത്രി സർബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ഒരു കേന്ദ്ര മന്ത്രിയുടേയും രണ്ട് ബിജെപി നേതാക്കളുടേയും വീടുകൾ അഗ്നിക്കരയാക്കിയതായും റിപ്പോർട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് വരെയായിരുന്നു നേരത്തെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പൗരത്വഭേദഗതി ബിൽ രാജ്യസഭയിലും പാസായതിന് പിന്നാലെ സംഘർഷം വ്യാപിച്ചു. തുടർന്നാണ് കർഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയത്. ബുധനാഴ്ച രാത്രിയിലാണ് മുഖ്യമന്ത്രിയുടെ ദുബ്രുഗഡിലെ വീടിന് നേരെ കല്ലേറുണ്ടായത്. ഇതേ ജില്ലയിലുള്ള ബിജെപി എംഎൽഎ പ്രശാന്ത ഫുകൻ, മറ്റൊരു പാർട്ടി നേതാവ് സുഭാഷ് ദത്ത ദുലിയാജൻ നഗരത്തിലുള്ള കേന്ദ്ര മന്ത്രി രമേശ്വർ തെളി എന്നിവരുടെ വീടുകൾക്ക് നേരെയാണ് തീവെപ്പും ആക്രണവുമുണ്ടായത്. പ്രതിഷേധക്കാർ പ്രചബുവ, പാനിറ്റോള റെയിൽവേ സ്റ്റേഷനുകൾ നശിപ്പിക്കുകയും തീവെക്കുകയും ചെയ്തതോടെ ദിബ്രുഗഡ് ജില്ലയിലും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലാണ് ഈ സംഭവങ്ങളുണ്ടായത്. ഗുവാഹാത്തിയിൽ രണ്ട് കമ്പനി സൈന്യത്തേയാണ് വിന്യസിച്ചിട്ടുള്ളത്. ഇവർ നഗരത്തിൽ ഫ്ളാഗ് മാർച്ച് നടത്തി. ഗുവാഹാത്തിയിലടക്കം ഇന്റർനെറ്റ് സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. പ്രതിഷേധം കാരണം ബുധനാഴ്ച മുഖ്യമന്ത്രി സോനോവാൾ ഗുവാഹത്തി വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങിയിരുന്നു. അസമിനെ കൂടാതെ മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപകമാണ്. ത്രിപുരയിൽ പ്രക്ഷോഭം നേരിടാൻ അസം റൈഫിൾസിനേയാണ് ഇറക്കയിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ബുധനാഴ്ച 5000 അർധസൈനികരെക്കൂടി വ്യോമമാർഗം എത്തിച്ചു. സി.ആർ.പി.എഫ്., ബി.എസ്.എഫ്., എസ്.എസ്.ബി. എന്നീ സേനകളിൽനിന്നുള്ള 50 കമ്പനി ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്. കശ്മീരിലെ അതിർത്തിമേഖലയിൽനിന്നു പിൻവലിച്ചതാണ് ഇതിൽ 20 കമ്പനിയും.


from mathrubhumi.latestnews.rssfeed https://ift.tt/34eIoWh
via IFTTT