പേരാമംഗലം: അയ്യോ... എന്ന നിലവിളിയിൽ അവസാനിക്കുന്ന വീഡിയോ കണ്ട എല്ലാവരുടെയും ചോദ്യം പെരുമ്പാമ്പിനൊപ്പം വെള്ളത്തിൽ വീണ യുവാവിന് എന്തു സംഭവിച്ചുവെന്നായിരുന്നു. എന്നാൽ അവസാന നിമിഷം എനിക്കൊന്നും പറ്റിയില്ലാട്ടോ... എന്ന് യുവാവ് വിളിച്ചുപറയുന്നത് പലരും കേട്ടില്ല. പിന്നീടു നടന്ന കാര്യങ്ങൾ ദൃശ്യങ്ങൾ വൈറലായ വീഡിയോയിൽ ഇല്ല. ചങ്കിടിപ്പോടെ നോക്കിനിന്നവരെ സാക്ഷിയാക്കി യുവാവ് പാമ്പിനെ സുരക്ഷിതമായി കരയിലെത്തിച്ചു. ഇത് സാഹസമല്ലെന്നും തന്റെ തൊഴിലാണെന്നുമാണ് വീഡിയോയിലെ നായകനായ ഷിഗിലെന്ന ശ്രീക്കുട്ടൻ പറയുന്നത്. ഫോറസ്റ്റ് വാച്ചറായ ശ്രീക്കുട്ടന് ജോലിനേടിക്കൊടുത്തതും പാമ്പിനെ പിടിക്കുന്ന വീഡിയോ ആയിരുന്നു. ഇതു കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രീക്കുട്ടന് ജോലി നൽകുകയായിരുന്നു 40 അടി ആഴമുള്ള കിണറ്റിൽ വീണ പെരുമ്പാമ്പിനെയാണ് ശ്രീക്കുട്ടൻ രക്ഷിച്ചത്. ശ്രീക്കുട്ടൻ കയറുമായി കിണറ്റിലിറങ്ങി ഒരു കൈകൊണ്ട് പാമ്പിനെ പിടിച്ച് കയറിൽ ഒറ്റക്കൈയിൽ തൂങ്ങി മുകളിലേക്ക് കയറി. ഈ സമയത്ത് പാമ്പ് ശ്രീക്കുട്ടനെ വലിഞ്ഞുമുറുക്കുന്നുണ്ടായിരുന്നു. ഇതിനിടെ കരയിൽ നിന്നവരുടെ കൈയിൽനിന്ന് കയർ വിട്ടുപോവുകയും മുകൾഭാഗത്തെത്തിയ ശ്രീക്കുട്ടൻ കിണറ്റിലേക്ക് വീഴുകയും ചെയ്തു. എങ്കിലും ശ്രീക്കുട്ടൻ പാമ്പിനെ വിട്ടില്ല. തുടർന്ന് ചാക്ക് എത്തിച്ച് പാമ്പിനെ അതിലാക്കി കയറിൽക്കൂടി പിടിച്ചുകയറിയാണ് പുറത്തെത്തിയത്. എട്ടടിയുള്ള പാമ്പിനെ പിന്നീട് പട്ടിക്കാട് വനത്തിൽ വിട്ടു. മാനും മുയലും മുള്ളൻപന്നിയുമുൾപ്പെടെ നിരവധി മൃഗങ്ങളെ ശ്രീക്കുട്ടൻ രക്ഷിച്ചിട്ടുണ്ട്. പ്രളയത്തിനുശേഷം പാമ്പിനെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച കൂട്ടായ്മയിലും ശ്രീക്കുട്ടനുണ്ട്. Content Highlights; people lauds daring act
from mathrubhumi.latestnews.rssfeed https://ift.tt/2PyAXnw
via
IFTTT