തിരുവനന്തപുരം: ഡൽക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം ദിനത്തിലെ കളിയവസാനിക്കുമ്പോൾ കേരളം ശക്തമായ നിലയിൽ. കേരളത്തിനായുള്ള രഞ്ജി അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറിയുമായി തിളങ്ങിയ റോബിൻ ഉത്തപ്പയും മൂന്നു റൺസകലെ സെഞ്ചുറി നഷ്ടമായ പിയ രാഹുലുമാണ് ഒന്നാം ഇന്നിങ്സിൽ കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്. ഒന്നാംദിനം കളിയവസാനിക്കുമ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 276 റൺസെടുത്തു. 36 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് ക്രീസിൽ. 102 റൺസുമായി റോബിൻ ഉത്തപ്പ പുറത്തായതിനു പിന്നാലെ കളി അവസാനിപ്പിക്കുകയായിരുന്നു. തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ പിറന്നത് ഉത്തപ്പയുടെ 22-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയായിരുന്നു. 221 പന്ത് നേരിട്ട ഉത്തപ്പ ഏഴ് ഫോറും മൂന്ന് സിക്സും നേടി. ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാഹുലും സക്സേനയും ഓപ്പണിങ് വിക്കറ്റിൽ 68 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഉത്തപ്പയും രാഹുലും കേരളത്തിനെ മുന്നോട്ട് നയിച്ചു. നവദീപ് സെയ്നി, പ്രദീപ് സാങ്വാൻ എന്നിവരടങ്ങുന്ന ഡൽഹി ബൗളിങ്ങിനെ ഇരുവരും ശ്രദ്ധയോടെ നേരിട്ടു. 118 റൺസാണ് രണ്ടാം വിക്കറ്റിൽ ഇരുവരും ചേർത്തത്. സ്കോർ 186-ൽ നിൽക്കെ രാഹുൽ (97), വികാസ് മിശ്രയുടെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങി. 174 പന്ത് നേരിട്ട രാഹുൽ 11 ഫോറും രണ്ട് സിക്സും നേടി. പിന്നീട് ക്രീസിലെത്തിയ സച്ചിൻ ഉത്തപ്പയ്ക്ക് പിന്തുണനൽകി. സെഞ്ചുറിയടിച്ചതിന് പിന്നാലെ ഉത്തപ്പ സാങ്വാന്റെ പന്തിൽ പുറത്തായി. കഴിഞ്ഞ സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയ കേരളം ഇത്തവണ വിദർഭ, ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ആന്ധ്ര, ഹൈദരാബാദ്, ഗുജറാത്ത്, ബംഗാൾ എന്നിവരുൾപ്പെടുന്ന ശക്തമായ ഗ്രൂപ്പിലാണ്. Content Highlights:Ranji Trophy 2019-20 Kerala vs Delhi
from mathrubhumi.latestnews.rssfeed https://ift.tt/2LCkspa
via
IFTTT