ബെംഗളൂരു: ഉള്ളിവില സാധാരണക്കാരെ കരയിപ്പിച്ചെങ്കിലും ബാങ്ക് വായ്പയെടുത്ത കർഷകനെ കോടീശ്വരനാക്കി. കർണാടകത്തിലെ ചിത്രദുർഗയിലെ കർഷകനായ മല്ലികാർജുനയ്ക്ക് 20 ഏക്കർ സ്ഥലത്തെ ഉള്ളിക്കൃഷിയിലൂടെ ലഭിച്ചത് കോടികൾ. ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത മല്ലികാർജുന ആശങ്കയിലായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉള്ളിവില കുതിച്ചുയർന്നപ്പോൾ ഒരുമാസംകൊണ്ട് സമയം തെളിഞ്ഞു. ചെറുപ്പം മുതൽ കൃഷിക്കാരനായ മല്ലികാർജുന സ്വന്തംസ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമായാണ് ഉള്ളിക്കൃഷി നടത്തിയത്. ബാങ്കിൽനിന്ന് 15 ലക്ഷം വായ്പയെടുത്തു. ലക്ഷങ്ങൾ വായ്പയെടുത്ത് കൃഷിചെയ്യുന്നത് വെല്ലുവിളിയാണെങ്കിലും കൃഷിനടത്താൻ തീരുമാനിക്കുകയായിരുന്നു. ഇത്തവണ ഉത്പാദനവും കൂടി. 20 ഏക്കറിൽനിന്ന് 240 ടൺ ഉള്ളിയാണ് വിളയിച്ചത്. കൃഷിഭൂമിയിൽ നിന്ന് 20 ലോറി ഉള്ളി കയറ്റി അയച്ചതോടെ വരുമാനം കൂടി. നല്ല വിളവുലഭിച്ചാൽ അഞ്ചുമുതൽ 10 ലക്ഷം വരെ ലാഭമുണ്ടാകുമെന്നാണ് കരുതിയതെന്ന് മല്ലികാർജുന പറയുന്നു. ഉള്ളിവില നൂറുകവിഞ്ഞതോടെ വരുമാനം കോടികളായി. തുടക്കത്തിൽ ക്വിന്റലിന് 7,000 രൂപ നിരക്കിലാണ് വിറ്റത്. പിന്നീട് ഇത് 12,000 രൂപയായി ഉയർന്നു. ഉള്ളിവിൽപ്പനയിലൂടെ രണ്ടുകോടി രൂപയോളം ലഭിച്ചുവെന്ന് മല്ലികാർജുന പറയുന്നു. Content Highlights:makes huge profit form oinion after prices soar
from mathrubhumi.latestnews.rssfeed https://ift.tt/38HFFIh
via
IFTTT