Breaking

Sunday, December 15, 2019

രാജ്യത്തെ രക്ഷിക്കാൻ സമരത്തിനിറങ്ങാൻ സമയമായി -സോണിയാ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ രക്ഷിക്കാൻ വീടുകളിൽനിന്ന് പുറത്തിറങ്ങി സമരംനടത്തേണ്ട സമയമായെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. “ഏതുവ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും അങ്ങനെയൊരു സമയംവരും. ഈ ഭാഗത്തോ ആ ഭാഗത്തോ നിൽക്കേണ്ടതെന്ന തീരുമാനമെടുക്കേണ്ടിവരും. ഇപ്പോൾ ആ സമയമാണ്. രാജ്യത്തെ രക്ഷിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനായി പോരാടണം” -സോണിയ പറഞ്ഞു. തലസ്ഥാനത്തെ രാംലീല മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഭാരത് ബചാവോ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അവർ. “അനീതി സഹിക്കുന്നത് വലിയ കുറ്റകൃത്യമാണ്. അതിനാൽ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ ഉണരണം. നമ്മുടെ യുവാക്കൾ ജോലിക്കായി അലയുന്നു. ജീവിക്കാൻപറ്റാത്തത്ര കർഷകരുടെ പ്രശ്നങ്ങൾകൂടി. തൊഴിലാളികളും നമ്മുടെ സഹോദരങ്ങളും രാവുംപകലുമെന്നില്ലാതെ ശൈത്യത്തിലും ചൂടിലും മഴയത്തും തൊഴിൽചെയ്യുന്നു. എന്നിട്ടുമവർക്ക് രണ്ടുനേരം ഭക്ഷിക്കാനുള്ള കൂലി ലഭിക്കുന്നില്ല. വായ്പയെടുത്തുതുടങ്ങിയ ചെറുതും വലുതുമായ ബിസിനസുകളെല്ലാം മോദിസർക്കാരിന്റെ തെറ്റായ നയങ്ങളാൽ തകർന്നു” - ഇതിനുനേരെയൊക്കെ പോരാടണ്ടേയെന്ന് സോണിയ ചോദിച്ചു. “എന്തുകൊണ്ടാണ് സാമ്പത്തികരംഗം തകർന്നത്. എവിടെയാണ് തൊഴിലുകൾ പോയത്. എവിടെയാണ് കൊണ്ടുവരുമെന്നുപറഞ്ഞ കള്ളപ്പണം. ജി.എസ്.ടി. നടപ്പാക്കിയതോടെ മോദിയുടെ ഖജനാവ് കാലിയായോ. ആർ.ബി.ഐ.യുടെ കൈയിൽനിന്നെടുത്ത ദശലക്ഷക്കണക്കിന് പണം എവിടെപ്പോയി. എന്തുകൊണ്ടാണ് പൊതുമേഖലാസ്ഥാപനങ്ങൾ വിൽക്കുന്നത്. ഇതൊക്കെ അന്വേഷിക്കേണ്ടേ'' -സോണിയ ചോദിച്ചു. പൗരത്വനിയമഭേദഗതി ഇന്ത്യയുടെ ഹൃദയത്തിന് മുറിവേൽപ്പിച്ചതായി അവർ പറഞ്ഞു. മോദി-ഷാ സർക്കാർ പാർലമെന്റിനെയോ സർക്കാർ സ്ഥാപനങ്ങളെയോ മാനിക്കുന്നില്ല. യഥാർഥപ്രശ്നങ്ങൾ മറച്ചുവെച്ച് ജനങ്ങളെ പോരടിപ്പിക്കുകയാണ് അവരുടെ അജൻഡ. ഭരണഘടനയെ ഓരോ ദിവസവും ലംഘിച്ച് ഭരണഘടനാദിനം ആഘോഷിക്കുകയാണവരെന്ന് സോണിയ കുറ്റപ്പെടുത്തി. Content Highlights:Sonia Gandhi Congress rally


from mathrubhumi.latestnews.rssfeed https://ift.tt/2rE1qZ4
via IFTTT