ന്യൂഡൽഹി: വിമർശനങ്ങൾ കേൾക്കാൻ സർക്കാർ താത്പര്യപ്പെടുന്നില്ലെന്ന ബയോകോൺ എം.ഡി. കിരൺ മജൂംദാർ ഷായുടെ പ്രസ്താവന തള്ളി ബിജെപി. നേരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ പ്രത്യേകാനുകൂല്യം നഷ്ടപ്പെട്ട് ചില കോർപ്പറേറ്റ് സ്ഥാപനങ്ങൾ തകർന്നടിയുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. മോദി സർക്കാർ ഒരു സ്വേച്ഛാധിപത്യ ഭരണകൂടമല്ല. വിമർശനങ്ങൾ അംഗീകരിക്കുന്നില്ലെന്ന ആരോപണം സത്യത്തിൽ നിന്ന് ഏറെ അകലെയാണെന്നും ബിജെപിപ്രതികരിച്ചു. പ്രധാനമന്ത്രി അധികാരത്തിലേറിയതുമുതൽ വിമർശനങ്ങൾ വന്ന് തുടങ്ങിയിരുന്നു. എന്തുകൊണ്ടാണ് മുൻ ഭരണകൂടങ്ങൾ ചില കോർപ്പറേറ്റുകൾക്ക് അനുകൂലമാകുന്ന നയങ്ങൾ സൃഷ്ടിച്ചെടുത്തത്?അവരിൽ ചിലർക്ക് ബാങ്ക് വായ്പകൾ വിവേചനത്തോടെ നൽകി. പ്രത്യേകിച്ചും ലൈസൻസ് രാജിൽ പാരമ്പര്യമുള്ളവരെ അവർ അഭിവൃദ്ധിപ്പെടുത്തി. എന്നാൽ മോദി സർക്കാർ ആരുടേയും ബിസിനസ് താത്പര്യങ്ങൾക്കുവേണ്ടിയുള്ള നയങ്ങളല്ല കൊണ്ടുവന്നത്. നിയമമനുസരിച്ച് ന്യായവും നീതിപൂർവ്വവുമായി ബിസിനസ് നടത്തിക്കൊണ്ടുപോവാനുള്ള നയങ്ങൾ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തതെന്നും ബിജെപി നേതാവ് അമിത് മാളവ്യ വ്യക്തമാക്കി. രാജ്യത്തെ ഭരിച്ചുക്കൊണ്ടിരുന്ന ഒരു കുടുംബവുമായി നേരത്തെ സമൂഹത്തിലെ ഉന്നതർക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. 2014 ഓടെ അതിൽ മാറ്റമുണ്ടായി. ഈ സർക്കാരിൽ നിന്ന് പ്രത്യേക ആനുകൂല്യം ലഭിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. പക്ഷേ ഞങ്ങളതിന് തയ്യാറാകുന്നില്ല. എല്ലാവർക്കും അവരവരുടെ സർക്കാരാണെന്നുള്ള അനുഭവമാണ് ഉണ്ടാക്കിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ട്വിറ്ററിലൂടെയായിരുന്നു കിരൺ മജൂംദാർ സർക്കാരിനെ വിമർശിച്ചത്. രാജ്യത്തെ ഉപഭോഗവും സാമ്പത്തികവളർച്ചയും വീണ്ടെടുക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ സർക്കാർ ഇന്ത്യയിലെ കമ്പനികളോടുചേർന്നു പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെ ഞങ്ങളെ താഴ്ന്നവരായാണ് കണ്ടത്. സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഒരുവിമർശനവും അംഗീകരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല -അവരുടെ ട്വീറ്റിൽ പറയുന്നു. സാമ്പത്തിക പരിഷ്കാരങ്ങളെയും സമ്പദ് വ്യവസ്ഥയെയും കുറിച്ച് കോർപ്പറേറ്റുകളിൽ നിന്നടക്കം ഉന്നയിക്കുന്ന ഏത് വിമർശനത്തെയും ദേശവിരുദ്ധമോ മോദി വിരുദ്ധമോ ആയി കാണുന്നു. നാമെല്ലാവരും രാജ്യത്ത്സമ്പദ് വ്യവസ്ഥയിൽ നിക്ഷിപ്തരാണ്; ഞങ്ങൾക്ക് സർക്കാരിനെ സഹായിക്കാൻ ആഗ്രഹമുണ്ട്, സാമ്പത്തിക പുനരുജ്ജീവനത്തെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വ്യവസായത്തിലെ എന്റെ കൂട്ടാളികളിൽ പലരും അവരുടെ മനസ്സിലുള്ള കാര്യങ്ങൾ സംസാരിക്കാൻ ഭയപ്പെടുന്നു. ആരും സർക്കാർ വിരുദ്ധരായി കാണാൻ ആഗ്രഹിക്കുന്നില്ല, കിരൺ മജൂംദാർ ഷാ ഇന്ത്യ ടുഡെ ചർച്ചയിൽ പറഞ്ഞു. രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമുണ്ടെന്നും കേന്ദ്രസർക്കാരിനെ വിമർശിക്കാൻ ജനങ്ങൾക്കുപേടിയാണെന്നും ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജ് പറഞ്ഞതിനുപിന്നാലെയായിരുന്നു കേന്ദ്രസർക്കാരിനെതിരേ ബയോകോൺ എം.ഡി. കിരൺ മജൂംദാർ ഷാ രംഗത്തെത്തിയത്. Content Highlights:BJP hits out at Kiran Mazumdar Shaw-criticised the Central government
from mathrubhumi.latestnews.rssfeed https://ift.tt/2P6piMv
via
IFTTT