Breaking

Friday, December 6, 2019

അലങ്കാരങ്ങളും ചമയങ്ങളും വേണ്ട; ടൂറിസ്റ്റ് ബസുകള്‍ക്ക് ഇനി ഒറ്റനിറം പരിഗണനയില്‍

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾക്ക് (കോൺട്രാക്ട് ക്യാരേജുകൾ) ഏകീകൃത നിറം ഏർപ്പെടുത്താനുള്ള നീക്കം സർക്കാർ പരിഗണനയിൽ. ഈ നിർദേശമടങ്ങിയ അജൻഡ ഉടൻചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ) പരിഗണിക്കും. വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്ന ബസുകളിലെ ചിത്രപ്പണികളും ചമയങ്ങളും പരിധി ലംഘിച്ചതിനെ തുടർന്നാണിത്. നിലവിൽ വിവിധ വിഭാഗത്തിലെ പൊതുവാഹനങ്ങൾക്കും നമ്പർബോർഡുകൾക്കും എസ്.ടി.എ. നിറം നിഷ്കർഷിക്കുന്നുണ്ട്. വൈദ്യുതവാഹനങ്ങൾക്ക് പച്ച നമ്പർപ്ലേറ്റ് നൽകിയത് അടുത്തിടെയാണ്. വിനോദയാത്രയ്ക്കുള്ള ബസുകളുപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയതും ലേസർലൈറ്റുകൾവരെ ഘടിപ്പിച്ച് ഉള്ളിൽ ഡാൻസ് ഫ്ളോറുകൾ സജ്ജീകരിച്ചതും പരാതിക്കിടയാക്കിയിരുന്നു. ടൂർ ഓപ്പറേറ്റർമാർ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമായിരുന്നു ഇതിനു കാരണം. ബസ്സുടമകളുടെ സംഘടനതന്നെ ഏകീകൃത നിറം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിവേദനം നൽകിയിരുന്നു. പഴയ ബസുകൾ പുതിയ നിറത്തിലേക്കു മാറാൻ സാവകാശം നൽകും. പുതിയ ബസുകൾ നിഷ്കർഷിക്കുന്ന നിറത്തിൽ ഇറക്കണം. പഴയ ബസുകൾ രണ്ടുവർഷം കൂടുമ്പോൾ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുണ്ട്. അപ്പോൾ നിറംമാറ്റേണ്ടിവരും. അന്തസ്സംസ്ഥാന റൂട്ടുകളുടെ പെർമിറ്റ് നിശ്ചയിക്കുന്നതടക്കം ഗതാഗതപരിഷ്കാരങ്ങൾക്കുള്ള അന്തിമസമിതിയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ അധ്യക്ഷയായ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ട്രാഫിക് ഐ.ജി.ക്കു പുറമേ ഒരു അനൗദ്യോഗിക അംഗംകൂടി സമിതിയിലുണ്ട്. റൂട്ട് ബസുകൾക്ക് ഏകീകൃതസ്വഭാവം നൽകുന്നതിന് 2018 ഏപ്രിലിലാണ് മൂന്നുതരത്തിലെ നിറങ്ങൾ ഏർപ്പെടുത്തിയത്. സിറ്റി, മൊഫ്യൂസൽ, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ മൂന്നുതരത്തിലാണ് ബസുകളെ വേർതിരിച്ചത്. കോൺട്രാക്ട് ക്യാരേജ് വിഭാഗത്തിൽ ഒരു നിറമാണ് പരിഗണിക്കുന്നത്. കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം അംഗീകരിച്ച ടൈപ്പ് ഫോർ ബസുകളാണ് വിനോദയാത്രകൾക്കായി ഉപയോഗിക്കുന്നത്. ബസിന്റെ ഉള്ളിലെ ലൈറ്റുകൾ, സീറ്റുകൾ അടക്കമുള്ള സൂക്ഷ്മഘടകങ്ങൾ നിഷ്കർഷിച്ചിട്ടുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് ബസുകളിൽ ഡാൻസ് ഫ്ളോറുകൾവരെ സജ്ജീകരിക്കുന്നത്. ഈ ക്രമക്കേടുകൾ തടയാനുള്ള വാഹനപരിശോധന തുടരുകയാണ്. Content Highlights;government going to implement one colour for all tourist bus


from mathrubhumi.latestnews.rssfeed https://ift.tt/36inszh
via IFTTT