കാക്കനാട്: ബുധനാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ ഗതാഗത പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 2,500-ഓളം നിയമ ലംഘനങ്ങൾക്കെതിരെ കേസെടുത്തു. 55 ലക്ഷം രൂപ പിഴ ഈടാക്കി. ജില്ലയിൽ നഗരങ്ങളും ഉൾപ്രദേശങ്ങളും കേന്ദ്രീകരിച്ച് 25 സ്ക്വാഡുകളാണ് രംഗത്തുണ്ടായിരുന്നത്. പരിശോധനയിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തവർ മുതൽ ചട്ടം ലംഘിച്ച് സർവീസ് നടത്തിയ അന്തസ്സംസ്ഥാന ലോറികൾ വരെ പരിശോധനയിൽ കുടുങ്ങി. നാലായിരത്തോളം വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 2,500 വാഹനങ്ങളിൽ വിവിധ കുറ്റങ്ങൾ കണ്ടെത്തിയത്. അപകടകരമായി വാഹനമോടിച്ച ഏതാനും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ എം.പി. അജിത്കുമാർ, എറണാകുളം ആർ.ടി.ഒ. കെ. മനോജ് കുമാർ, മൂവാറ്റുപുഴ ആർ.ടി.ഒ. ബാബു ജോൺ, എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ജി. അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വാഹന പരിശോധനയിൽ സ്ഥലത്ത് െവച്ചുതന്നെ പിഴയായി ലഭിച്ചത് പത്ത് ലക്ഷം രൂപയാണെന്ന് അധികൃതർ പറഞ്ഞു. നൂറു ശതമാനം യാത്രക്കാരും സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കുന്നുവെന്ന് ഉറപ്പു വരുന്നതു വരെ പരിശോധന തുടരും. മുന്നറിയിപ്പില്ലാതെ വരും ദിവസങ്ങളിലും സംയുക്ത പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. നിയമ ലംഘനങ്ങൾ ഹെൽമെറ്റില്ലാത്തത്-558 സീറ്റ് ബെൽറ്റ് ഇല്ലാത്തത്-262 കൂളിങ് ഫിലിം ഒട്ടിച്ചത്-78 ബസിൽ വാതിൽ ഇല്ലാത്തത്-4 എയർഹോൺ ഘടിപ്പിച്ചത്-22. Content Highlights:Motor Vehicle Department Vehicle Checking
from mathrubhumi.latestnews.rssfeed https://ift.tt/2RIHA9r
via
IFTTT