Breaking

Thursday, December 5, 2019

കാര്യവട്ടത്ത് ട്വന്റി-20 പോരാട്ടത്തിന് ഇനി മൂന്നു നാള്‍

തിരുവനന്തപുരം: കാര്യവട്ടത്ത് ക്രിക്കറ്റ് പോരാട്ടത്തിന് ഇനി മൂന്നുനാൾ. ഞായറാഴ്ച വൈകീട്ട് ഏഴിന് ഇന്ത്യ ട്വന്റി-20 ലോകചാമ്പ്യൻമാരായ വെസ്റ്റിൻഡീസിനെ നേരിടും. കാര്യവട്ടത്തെ മൂന്നാമത്തെ അന്താരാഷ്ട്ര മത്സരമാണിത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നേരത്തേ നടന്ന രണ്ടു കളികളിലും ഇന്ത്യ വിജയിച്ചിരുന്നു. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യമത്സരം വെള്ളിയാഴ്ച ഹൈദരാബാദിൽ നടക്കും. ഹൈദരാബാദിൽനിന്ന് ഇരുടീമുകളും ശനിയാഴ്ച വൈകീട്ട് 5.45-ന് തിരുവനന്തപുരത്തെത്തും. മികച്ച സ്കോർ പിറക്കാൻ സാധ്യതയുള്ള വിക്കറ്റാണ് കാര്യവട്ടത്ത് ഒരുക്കുന്നത്. മഴഭീഷണിയില്ലെങ്കിലും മഴയെ നേരിടാനാവശ്യമായ സജ്ജീകരണങ്ങൾ തയ്യാറാക്കിക്കഴിഞ്ഞു. പൊള്ളാർഡിന്റെ വെസ്റ്റിൻഡീസ് അടിമുടി അഴിച്ചുപണിത് ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന വെസ്റ്റിൻഡീസ് ടീം കാര്യവട്ടത്തെ ക്രിക്കറ്റ് പോരാട്ടത്തിനെത്തുന്നത് കീറോൺ പൊള്ളാർഡിന്റെ നേതൃത്വത്തിൽ. വെസ്റ്റിൻഡീസിനെ പ്രതാപകാലത്തേയ്ക്ക് മടക്കിക്കൊണ്ടുപോകുമെന്നാണ് ക്യാപ്റ്റൻസ്ഥാനമേറ്റെടുത്ത് പൊള്ളാർഡ് പ്രതികരിച്ചത്. ബംഗ്ലാദേശ് പരമ്പരയിൽനിന്ന് വിട്ടുനിന്ന ക്യാപ്റ്റൻ വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യയും കരുതലോടെയാകും എത്തുക. ടിക്കറ്റുകൾ ശനിയാഴ്ചവരെ മത്സരത്തിന്റെ ടിക്കറ്റുകൾ ഓൺലൈനായി ശനിയാഴ്ചവരെ ബുക്കുചെയ്യാം. 32,000 ടിക്കറ്റുകളിൽ 85 ശതമാനവും വിറ്റുതീർന്നു. 1000 രൂപയുടെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു. കളിക്കാരുടെ ഡഗ് ഔട്ടിനോട് ചേർന്നുള്ള സെക്ടർ ജെ-യിലെ എക്സിക്യുട്ടീവ് പവിലിയനിലാണ് ഇനി ടിക്കറ്റുകളുള്ളത്. കളിക്കാരെ വളരെ അടുത്തുകാണാനും അവരുടെ സ്റ്റേഡിയത്തേക്കുള്ള വരവും പോക്കും കാണാനും സെക്ടർ ജെ-യിലെ എക്സിക്യുട്ടീവ് പവിലിയനിലുള്ളവർക്ക് സാധിക്കും. കെ.സി.എ. വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പേ ടി.എം. ആപ്പ്, പേ ടി.എം. ഇൻസൈഡർ, പേടിഎം. വെബ്സൈറ്റ് (www.insider.in, paytm.com, keralacricketaossciation.com) എന്നിവ വഴിയും ടിക്കറ്റുകൾ ഓൺലൈനായി ബുക്കുചെയ്യാം. Content Highlights: India vs West Indies T20 Match TVM


from mathrubhumi.latestnews.rssfeed https://ift.tt/33QSGfd
via IFTTT