Breaking

Sunday, December 22, 2019

പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം; യു.പി.യിൽ എട്ടുവയസ്സുകാരനുൾപ്പെടെ 15 പേർ മരിച്ചു

ന്യൂഡൽഹി: പൗരത്വനിയമഭേദഗതിക്കെതിരേ അക്രമാസക്തമായ പ്രതിഷേധങ്ങൾ നടക്കുന്ന ഉത്തർപ്രദേശിൽ സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 15 ആയി. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലുണ്ടായ ലാത്തിച്ചാർജിലും കല്ലേറിലും എട്ടുവയസ്സുകാരൻ മരിച്ചു. മീററ്റിൽ അഞ്ചുപേരും കാൻപുർ, ബിജ്നോർ, ഫിറോസാബാദ് എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും മുസാഫർനഗർ, സംഭാൽ, രാംപുർ എന്നിവിടങ്ങളിൽ ഓരോരുത്തർവീതവുമാണ് മരിച്ചത്. പ്രതിഷേധക്കാർക്കുനേരെ വെടിവെച്ചിട്ടില്ലെന്ന് യു.പി. പോലീസ് മേധാവി ഒ.പി. സിങ് പറഞ്ഞു. പ്രതിഷേധക്കാർ തമ്മിലുണ്ടായ വെടിവെപ്പിലാണ് മരണങ്ങളെന്നും അദ്ദേഹം പറഞ്ഞു. സംഘർഷങ്ങളുടെപേരിൽ ആയിരത്തോളം പേരെ അറസ്റ്റുചെയ്തു. 15,000 ആളുകളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കരുതൽ നടപടിയെന്നനിലയിൽ ശനിയാഴ്ച 600 പേരെ കസ്റ്റഡിയിലെടുത്തു. സംഘർഷമേഖലകളിലെല്ലാം അർധസൈനികരെ വിന്യസിച്ചിട്ടുണ്ട്. എട്ടുജില്ലകളിൽ കൂടി ഇന്റർനെറ്റ് റദ്ദാക്കി. ഇതോടെ സംസ്ഥാനത്ത് ഇന്റർനെറ്റ് വിലക്കുള്ള ജില്ലകളുടെ എണ്ണം 21 ആയി. രാംപുരിലാണ് ശനിയാഴ്ച കനത്ത സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിൽ പോലീസുകാർക്കുൾപ്പെടെ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. കാൻപുരിലെ യത്തീംഖാന പ്രദേശത്ത് പോലീസ് കാവൽപ്പുരയ്ക്ക് പ്രതിഷേധക്കാർ തീവെച്ചു. കല്ലേറിനെത്തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ജനങ്ങൾ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യർഥിച്ചു. സംസ്ഥാനത്തിനു പുറത്തുള്ള പരിപാടികളെല്ലാം ഉപേക്ഷിച്ച് ലഖ്നൗവിൽതങ്ങി അദ്ദേഹം സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. Content Highlights:caa protest; death toll rises to 15 in uttar pradesh


from mathrubhumi.latestnews.rssfeed https://ift.tt/2EEkSHQ
via IFTTT