ന്യൂഡൽഹി: നിർഭയ കേസ് പ്രതികളെ മാർച്ച് മൂന്നിനു രാവിലെ ആറിന് തൂക്കിലേറ്റാൻ ഡൽഹി അഡീഷണൽ സെഷൻസ് കോടതി പുതിയ മരണവാറന്റിറക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരുടെ അപേക്ഷകളൊന്നും നിലവിലില്ലെന്നു നിരീക്ഷിച്ചാണ് നടപടി. തിഹാർ ജയിൽ സൂപ്രണ്ടിന്റെയും നിർഭയയുടെ മാതാപിതാക്കളുടെയും ഹർജിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ വാറന്റിറക്കുന്നത് മൂന്നാംതവണയാണ്. നേരത്തേ, ജനുവരി 22-നും പിന്നീട് ഫെബ്രുവരി ഒന്നിനും മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളിൽ ചിലരുടെ അപേക്ഷകൾ തീർപ്പാവാഞ്ഞതിനാൽ ഉത്തരവ് സ്റ്റേ ചെയ്തു. ഒരു കേസിലെ ഏതെങ്കിലും പ്രതിയുടെ അപേക്ഷ തീർപ്പാവാതെയുണ്ടെങ്കിൽ ആ കേസിലെ മറ്റുപ്രതികളെയും തൂക്കിലേറ്റാനാവില്ലെന്നാണ് ജയിൽ ചട്ടം. പവൻ ഗുപ്ത തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ ആഗ്രഹിക്കുന്നതായി അഭിഭാഷകൻ രവി ഖ്വാസി അറിയിച്ചു. എന്തെങ്കിലും ഹർജികൾ നൽകുന്നുണ്ടെങ്കിൽ അത് ഒരാഴ്ചയ്ക്കകം വേണമെന്ന് ഫെബ്രുവരി അഞ്ചിന് ഹൈക്കോടതി പറഞ്ഞതല്ലേയെന്ന് കോടതി ചോദിച്ചു. എന്നാൽ, ഹൈക്കോടതിയുടെ ഉത്തരവ് അന്നത്തെ അഭിഭാഷകൻ എ.പി. സിങ് പവൻ ഗുപ്തയെ അറിയിച്ചില്ലെന്ന് രവി ഖ്വാസി വ്യക്തമാക്കി. പ്രതിയെ വിവരമറിയിക്കേണ്ട കർത്തവ്യം നിർവഹിച്ചില്ലെന്നുകണ്ടാൽ സിങ്ങിനെതിരേ നടപടിയെടുക്കാൻ ഡൽഹി ബാർ കൗൺസിലിനോട് ആവശ്യപ്പെടുമെന്ന് കോടതി മുന്നറിയിപ്പു നൽകി. അതേസമയം, ജയിലധികൃതരെയും പവന്റെ അച്ഛനെയും ഇക്കാര്യം അറിയിച്ചതാണെന്ന് എ.പി. സിങ് പറഞ്ഞു. ഹൈക്കോടതി നൽകിയ സമയപരിധി കഴിഞ്ഞതിനാൽ ഇനി നിയമപരമായി ഒന്നും ബാക്കിയില്ലെന്നും മരണവാറന്റയക്കണമെന്നും പ്രോസിക്യൂട്ടർ രാജീവ് മോഹൻ കോടതിയോട് ആവശ്യപ്പെട്ടു. അക്ഷയ് കുമാർ സിങ് പുതിയൊരു ദയാഹർജികൂടി നൽകുമെന്ന് അഡ്വ. എ.പി. സിങ് അറിയിച്ചു. നേരത്തേ തള്ളിയ ദയാഹർജിയിൽ എല്ലാ വിവരങ്ങളും ചേർക്കാൻ സാധിച്ചില്ല. മുകേഷിന്റെ ദാരിദ്ര്യവും വിവരക്കുറവുമാണ് കാരണമെന്നും സിങ് പറഞ്ഞു. വിനയ് ശർമയ്ക്ക് ജയിലിൽ മർദനം നേരിട്ടെന്നും തലയിൽ മുറിവുണ്ടെന്നും സിങ് കോടതിയെ അറിയിച്ചു. കോടതിക്ക് വീഡിയോ കോൺഫറൻസിങ്ങിലൂടെ ഇക്കാര്യം പരിശോധിക്കാമെന്നും സിങ് പറഞ്ഞു. പ്രതികൾക്ക് നിയമപ്രകാരമുള്ള സംരക്ഷണം നൽകണമെന്ന് ജയിലധികൃതർക്ക് കോടതി നിർദേശം നൽകി. പ്രതി മുകേഷിനുവേണ്ടി നേരത്തേ കോടതി നിയോഗിച്ച അഡ്വ. വൃന്ദാ ഗ്രോവറിനു പിൻമാറാൻ കോടതി അനുമതി നൽകി. അഡ്വ. രവി ഖ്വാസിയോട് മുകേഷിനെക്കൂടി പ്രതിനിധാനംചെയ്യാൻ കോടതി നിർദേശിച്ചു. Content Highlights:Nirbhaya case, Delhi court issue death warrant
from mathrubhumi.latestnews.rssfeed https://ift.tt/3bLitul
via
IFTTT