ന്യൂഡൽഹി: സൈന്യത്തിൽ ലിംഗനീതി ഉറപ്പാക്കാൻ സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി. കരസേനയിൽ വനിതകൾക്കും സ്ഥിരം കമ്മിഷൻപദവി നൽകണമെന്ന് കേന്ദ്രസർക്കാരിന് നിർദേശം നൽകി. വനിതകൾ സൈന്യത്തിന്റെ കമാൻഡ് പദവിയിലെത്താൻ വഴിതെളിക്കുന്നതാണ് സുപ്രീംകോടതിയുടെ നടപടി. മൂന്നുമാസത്തിനകം ഇത് നടപ്പാക്കണമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. വനിതാ ഷോർട്ട് സർവീസ് കമ്മിഷൻ ഉദ്യോഗസ്ഥർക്കും സ്ഥിരംകമ്മിഷൻ ലഭിക്കാൻ അർഹതയുണ്ടെന്ന ഡൽഹി ഹൈക്കോടതിയുടെ 2010-ലെ വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്. ഹൈക്കോടതിവിധിക്കെതിരേ പ്രതിരോധമന്ത്രാലയമാണ് സുപ്രീംകോടതിയെ സമീപിച്ചത്. സർവീസിലുള്ള എല്ലാ വനിതാ ഉദ്യോഗസ്ഥർക്കും വിധി ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വനിതകൾക്ക് പരിമിതമായിമാത്രം സ്ഥിരം കമ്മിഷൻ നൽകുന്ന കേന്ദ്രതീരുമാനം ഫലത്തിൽ റദ്ദാക്കുന്നതാണ് വിധി. ഹൈക്കോടതിവിധിക്ക് സ്റ്റേ ഇല്ലാതിരുന്നിട്ടും നടപ്പാക്കാത്തതിന് കേന്ദ്രത്തെ സുപ്രീംകോടതി വിമർശിച്ചു. സൈന്യത്തിലെ പത്തുവിഭാഗങ്ങളിലും സ്ഥിരം കമ്മിഷൻ നൽകണം. ഇതിൽ ജഡ്ജി, അഡ്വക്കേറ്റ് ജനറൽ, ആർമി എജ്യുക്കേഷൻ കോർ എന്നിവയൊഴികെയുള്ളവയിൽ വനിതകൾക്ക് സ്ഥിരം കമ്മിഷൻ നൽകാൻ 2019-ൽ കേന്ദ്രം നയമുണ്ടാക്കിയിരുന്നു. ഷോർട്ട് സർവീസ് കമ്മിഷനിലുള്ള വനിതകൾക്ക് പത്തുവർഷമാണ് സേവനകാലാവധി. നാലുവർഷംകൂടി നീട്ടിനൽകാറുമുണ്ട്. ഇതുപ്രകാരം പരമാവധി ലെഫ്. കേണൽ പദവിവരെ ഉയരാം. എന്നാൽ, സുപ്രീംകോടതിയുടെ വിധി നടപ്പാകുന്നതോടെ പുരുഷന്മാർക്ക് തുല്യമായി സ്ത്രീകൾക്കും ഏതു പദവിവരെയും ഉയരാൻ അവസരമായി. Content Highlights:ensure permanent commission to women in army rules supreme court
from mathrubhumi.latestnews.rssfeed https://ift.tt/39J8KD6
via
IFTTT