കോഴിക്കോട്: 2019 ഒക്ടോബർ 24. കശ്മീർ അതിർത്തിയിലെ പൂഞ്ച് ജില്ലയിൽ ഭീകരവാദികളുടെ കേന്ദ്രങ്ങളിലേക്ക് പരിശോധനയ്ക്കായി പോവുകയായിരുന്നു, കരസേനയുടെ പുത്തൻ ഹെലികോപ്റ്റർ. നോർത്തേൺ കമാൻഡിന്റെ ലെഫ്റ്റനന്റ് ജനറൽ ഓഫീസർ രൺബീർ സിങ് ഉൾപ്പെടെ ഒമ്പതംഗ സംഘമാണ് യാത്രക്കാർ. സാങ്കേതികത്തകരാർ കാരണം പെട്ടെന്ന് ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. 2000 അടി ഉയരത്തിൽ ദിശതെറ്റി സഞ്ചരിക്കുന്ന ഹെലികോപ്റ്ററിനെ നിയന്ത്രിച്ച് സുരക്ഷിതമായൊരു സ്ഥലത്ത് ഇടിച്ചിറക്കിയത്, കോഴിക്കോട് സ്വദേശി ലെഫ്റ്റനന്റ് കേണൽ ബിശ്വാസ് ആർ. നമ്പ്യാർ. ഒരുനിമിഷം ശ്രദ്ധ പാളിയെങ്കിൽ, താഴെ പരന്നുകിടക്കുന്ന പരുക്കൻ മലനിരകളിൽ ചിതറിയൊടുങ്ങുമായിരുന്നത് ഒമ്പത് ജീവിതങ്ങൾ... സാഹസികമായ രക്ഷാദൗത്യത്തിന് അംഗീകാരമായി ഇപ്പോൾ ബിശ്വാസിനെ തേടിയെത്തിയത് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സേനാ മെഡൽ. കഴിഞ്ഞദിവസം രാഷ്ട്രപതിഭവനിൽനിന്ന് പുരസ്കാരവിവരമെത്തുമ്പോൾ തുളച്ചിറങ്ങുന്ന മകരത്തണുപ്പിനെ കൂസാതെ കശ്മീരിലെ കരസേനാ കേന്ദ്രത്തിൽ ജോലിത്തിരക്കിലായിരുന്നു ഈ മുപ്പത്തിയാറുകാരൻ. കോഴിക്കോട് തൊണ്ടയാട്ടെ ഹൈലൈറ്റ് മെട്രോമാക്സിൽ താമസിക്കുന്ന അച്ഛനമ്മമാരെ സന്തോഷവാർത്ത വിളിച്ചറിയിക്കവേ, ഒരുനിമിഷം ബിശ്വാസിന്റെ മനസ്സ് അഭിമാനംകൊണ്ട് തുടുത്തു- അപകടത്തിൽ 40 കോടിയുടെ ഹെലികോപ്റ്റർ ഏറക്കുറെ തകർന്നെങ്കിലും താനടക്കം ഒമ്പത് മനുഷ്യരെ നിസ്സാരപരിക്കുകളോടെ രക്ഷിച്ചതിന്റെ അഭിമാനം. ദെഹ്റാദൂൺ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, പുണെ നാഷണൽ ഡിഫൻസ് അക്കാദമി എന്നിവിടങ്ങളിലായിരുന്നു ബിശ്വാസിന്റെ വിദ്യാഭ്യാസവും പരിശീലനവും. 2003-ൽ പാരച്യൂട്ട് റെജിമെന്റിൽ ലഫ്റ്റനന്റ് ആയാണ് ജോലിയിൽ ചേർന്നത്. “അംഗീകാരങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും രാഷ്ട്രത്തിന്റെ അംഗീകാരം ലഭിച്ച വിവരമറിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നി...” -ഫോണിലൂടെ ബിശ്വാസ് 'മാതൃഭൂമി'യോട് പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ജവാന്മാരും ഓഫീസർമാരും ഉൾപ്പെടെ നൂറോളം പേരുടെ ജീവൻ വിവിധ സന്ദർഭങ്ങളിലായി രക്ഷിക്കാനായതിന്റെ സംതൃപ്തിയും ബിശ്വാസ് പങ്കുവെച്ചു. യു.എൻ.ഒ.യുടെ സമാധാനസേനയിൽ അംഗമെന്ന നിലയിൽ എത്യോപ്യയിൽ ആറുമാസം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനുവരി ആദ്യവാരമാണ് നാട്ടിൽ വന്നുമടങ്ങിയത്. റിട്ട. ബാങ്ക് ഉദ്യോഗസ്ഥനും കോംട്രസ്റ്റ് കണ്ണാശുപത്രി സെക്രട്ടറിയുമായ ടി.ഒ. രാമചന്ദ്രന്റെയും റിട്ട. അധ്യാപിക പി.വി. ഇന്ദിരയുടെയും മകനാണ്. ഭാര്യ ഡോ. രശ്മി രാജൻ പെരിന്തൽമണ്ണ എം.ഇ.എസ്. കോളേജിൽ എം.ഡി.ക്ക് പഠിക്കുന്നു. ഒന്നാംക്ലാസ് വിദ്യാർഥി ഭരത് നമ്പ്യാർ മകനാണ്. Content Highlights: Lieutenant colonel Biswas R Nambiar who saved 9 lives poonch district, Kozhikode, Indian Army
from mathrubhumi.latestnews.rssfeed https://ift.tt/36NNYQS
via
IFTTT