Breaking

Sunday, February 2, 2020

മധ്യവർഗത്തെ തിരികെ പിടിക്കാൻ രാഷ്ട്രീയ ലക്ഷ്യങ്ങളുമായി ബജറ്റ്

ബി.ജെ.പി.യിൽനിന്ന് അകന്നുതുടങ്ങിയ മധ്യവർഗത്തെ തിരികെ പിടിക്കാനുള്ള നീക്കങ്ങളാണ് പൊതുബജറ്റിന്റെ രാഷ്ട്രീയം. ആദായനികുതി ഇളവുകൾ അടക്കമുള്ള പ്രഖ്യാപനങ്ങളിലൂടെ മധ്യവർഗത്തെയും ഗ്രാമീണവികസനപദ്ധതികളിലൂടെ താഴെത്തട്ടിനെയും സ്വാധീനിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടികളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയപ്രാധാന്യവും ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്കേറ്റ കനത്ത തിരിച്ചടി ബജറ്റ് പ്രഖ്യാപനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തം. നോട്ട് അസാധുവാക്കൽ, ജി.എസ്.ടി.യിലെ ആശയക്കുഴപ്പം എന്നിവയ്ക്കൊപ്പം നാണയപ്പെരുപ്പം, വിലക്കയറ്റം തുടങ്ങിയ ഘടകങ്ങൾ ഇടത്തരക്കാരുടെ വരുമാനത്തിലും വ്യക്തിഗത ബജറ്റിലും ഇരുട്ടടിയായി. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾ മൂലം മധ്യവർഗത്തിനും താഴെത്തട്ടിലുള്ളവർക്കും ബി.ജെ.പി.യോടുള്ള താത്പര്യത്തിൽ ഇടിവുണ്ടെന്ന് പാർട്ടി ഇടക്കാലത്ത് തിരിച്ചറിഞ്ഞു. സംഘപരിവാർ സംഘടനകളും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ഒന്നാം മോദിസർക്കാർ അവസാനമായി അവതരിപ്പിച്ച ഇടക്കാല ബജറ്റിലും രണ്ടാം മോദിസർക്കാരിന്റെ ആദ്യബജറ്റിലും മധ്യവർഗത്തിനു കാര്യമായ പരിഗണനയുണ്ടായില്ല. കർഷകർക്കും കോർപ്പറേറ്റുകൾക്കുമായിരുന്നു ഈ ബജറ്റിൽ ഇളവുകൾ വാരിക്കോരി പ്രഖ്യാപിച്ചത്. കോർപ്പറേറ്റുകൾക്കുള്ള പ്രഖ്യാപനങ്ങൾ സർക്കാരിനെ അടിക്കാൻ പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യുടെ ഭരണം നഷ്ടപ്പെടുന്നതിന് പ്രാദേശിക കാരണങ്ങൾക്കൊപ്പം മോദി സർക്കാരിന്റെ ഈ സാമ്പത്തിക നയങ്ങളും പ്രധാനഘടകമാണ് . സാമ്പത്തിക നടപടികളോട് മധ്യവർഗത്തിനുള്ള എതിർപ്പ് വോട്ടായി മാറിയെന്ന് പാർട്ടിയുടെ സ്വയം വിലയിരുത്തലുമുണ്ട്. ഇതേത്തുടർന്നാണ് പുതിയ ബജറ്റിൽ സമീപനം മാറ്റാൻ ബി.ജെ.പി. തീരുമാനിച്ചത്. ആദായനികുതി ഇളവുകൾ, ചെലവ് കുറഞ്ഞ പാർപ്പിടപദ്ധതികൾ, സ്റ്റാർട്ടപ്പുകൾ, ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്കുള്ള ആനുകൂല്യങ്ങൾ തുടങ്ങിയ പ്രഖ്യാപനങ്ങൾ മധ്യവർഗത്തെ നേരിട്ട് സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളവയാണ്. ബി.ജെ.പി.യുടെ പ്രധാന വോട്ട് ബാങ്കായ വ്യാപാരി സമൂഹത്തിലെ ചോർച്ച തടയുന്നതിനും ഈ പ്രഖ്യാപനങ്ങൾ ഉപകരിക്കുമെന്ന് ബി.ജെ.പി. കരുതുന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപാരി സമൂഹം നിർണായകമാണ്. ഇതോടൊപ്പം താഴെത്തട്ടിലുള്ള കർഷകരെയും ഗ്രാമീണരെയും കൈവിടാതെയുള്ള പ്രഖ്യാപനങ്ങളും സ്വാധീനിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. പ്രവർത്തകരെ ആവേശം കൊള്ളിക്കാൻ ബി.ജെ.പി.യുടെ പ്രത്യക്ഷ രാഷ്ട്രീയസമീപനങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. പൗരത്വനിയമത്തിനെതിരേയുള്ള പ്രതിഷേധത്തെ ലാക്കാക്കിയാണ് നികുതിതർക്ക പരിഹാരത്തിനായുള്ള പദ്ധതിക്ക് 'വിവാദ് സെ വിശ്വാസ്' എന്ന് ബജറ്റിൽ പേരിട്ടത്. Content Highlights;Union Budget Nirmala Sitaraman


from mathrubhumi.latestnews.rssfeed https://ift.tt/36QEJiO
via IFTTT