Breaking

Sunday, February 9, 2020

കമ്യൂണിസത്തിന്റെ നിത്യ വിമര്‍ശകന്‍, സംഘപ്രസ്ഥാനങ്ങളുടെ ഊര്‍ജ സ്രോതസ്സ്

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും അധികാര സ്ഥാനങ്ങളിൽ നിന്നും എക്കാലവും അകലം പാലിച്ചയാളായിരുന്നു പി. പരമേശ്വരൻ. ലാളിത്യവും ആധ്യാത്മികതയും ജീവിതത്തിൽ പകർത്തിയ വ്യക്തിത്വം. വിമർശകർക്ക് പോലും പരമേശ്വർജിയായിരുന്നു അദ്ദേഹം. ഭാരതീയ ദർശനങ്ങളുടെ പ്രബോധകൻ, വാഗ്മി, ചിന്തകൻ ഇങ്ങനെ വിവിധ മേഖലകളിലായിരുന്നു പി. പരമേശ്വരന്റെ സംഭാവനകൾ. കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ചിന്താസരണികൾക്ക് അദ്ദേഹമായിരുന്നു ഊർജം പകർന്നിരുന്നത്. 1927ലെ വിജയദശമി നാളിൽ ആലപ്പുഴ ചേർത്തലയിലെ ചാരമംഗലത്ത് താമരശ്ശേരിയിൽ പരമേശ്വരൻ ഇളയതിന്റെയും സാവിത്രി അന്തർജനത്തിന്റെയും ഇളയമകനായി ജനനം. അച്ഛനായിരുന്നു ആദ്യ ഗുരു. അക്ഷരങ്ങൾ കേട്ടുതുടങ്ങിയ ബാല്യത്തിൽ നിന്ന് വായനയുടെയും ചിന്തയുടെയും പുതിയ വഴികൾ പി. പരമേശ്വരൻ വെട്ടിത്തുറന്നു. തണ്ണീർമുക്കം സർക്കാർ മലയാളം സ്കൂൾ, ചേർത്തല ഗവൺമെന്റ് സ്കൂൾ, മുഹമ്മദ് കെ.പി മെമ്മോറിയൽ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. ഇക്കാലയളവിലാണ് സഹപാഠിയായി വയലാർ രാമവർമ എത്തുന്നത്. കവിതാ മത്സരത്തിൽ വയലാറിനെ പിന്തള്ളി ഒന്നാമതെത്തിയതും ഇക്കാലത്താണ്. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ പഠന കാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടനാകുന്നത്. പിന്നീട് സംഘടനയുടെ പ്രചാരകവൃത്തിക്കായി ജീവിതം ഉഴിഞ്ഞുവെച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം സർകാര്യവാഹക് (ജനറൽ സെക്രട്ടറി) ആയിരുന്ന ഏകനാഥ റാനഡെയുടെ നിർദ്ദേശപ്രകാരം ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിലേക്കെത്തി. ജനസംഘത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും പിന്നീട് അഖിലേന്ത്യാ സെക്രട്ടറിയുമായി. ഗുരുജി ഗോൾവാൽക്കർ, ദീനദയാൽ ഉപാധ്യായ തുടങ്ങിയവരുടെ മാർഗദർശനങ്ങളാണ് പി.പരമേശ്വരന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. കേരളത്തിലാകട്ടെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന് ദാർശനിക മുഖമായി പരമേശ്വർജി മാറി. സംഘ നേതൃത്വത്തിൽ പിന്തുണയും സ്വാധീനവുമുണ്ടായിട്ടും അധികാര രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിച്ചു. കമ്മ്യൂണിസത്തിന്റെ നിത്യവിമർശകനായി നിന്ന് കേരളത്തിലെ കമ്യൂണിസ്റ്റ് സൈദ്ധാന്തികരായ ഇഎംഎസും, എൻ.ഇ ബലറാമും അടക്കമുള്ളവരോട് പടപൊരുതി. 1982ൽ തിരുവനന്തപും കേന്ദ്രീകരിച്ച് ഭാരതീയ വിചാരകേന്ദ്രമെന്ന പഠന ഗവേഷണ കേന്ദ്രം സ്ഥാപിച്ചതും പി. പരമേശ്വരനായിരുന്നു. ദേശീയ വിചാരധാരയ്ക്ക് കേരളത്തിൽ അടിത്തറ ഊട്ടിയുറപ്പിക്കുകയായിരുന്നു ലക്ഷ്യം. തത്വചിന്തകനും വാഗ്മിയുമായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറേക്കാലം കേരള സമൂഹത്തിൽ നിറഞ്ഞു നിന്ന ഇദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമായി 30 ലധികം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. രാജ്യം 2004ൽ പത്മശ്രീയും 2018ൽ പത്മ വിഭൂഷണും നൽകി ആദരിച്ചു. Comtent Highlights:P Parameswran RSS Ideologist


from mathrubhumi.latestnews.rssfeed https://ift.tt/376g4H2
via IFTTT