Breaking

Monday, February 10, 2020

ബംഗ്ലാ താരങ്ങള്‍ വൃത്തികെട്ട രീതിയില്‍ പെരുമാറി; ഫൈനലിനു ശേഷം പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

പൊച്ചഫ്ട്രൂം (ദക്ഷിണാഫ്രിക്ക): അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു ശേഷം ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും താരങ്ങൾ മൈതാനത്ത് ഏറ്റുമുട്ടിയത് മത്സരത്തിന്റെയും ബംഗ്ലാദേശിന്റെ വിജയത്തിന്റെയും നിറംകെടുത്തി. റാക്കിബുൾ ഹസൻ വിജയറൺ നേടിയ ശേഷം ബംഗ്ലാദേശ് താരങ്ങളും സപ്പോർട്ട് സ്റ്റാഫുകളും മൈതാനത്തേക്ക് ഓടിയെത്തിയതിനു പിന്നാലെയായിരുന്നു സംഭവം. ഇതിനിടെ ഒരു ബംഗ്ലാ താരം ഇന്ത്യൻ താരത്തോട് മോശം വാക്കുകൾ പ്രയോഗിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നാണ് റിപ്പോർട്ട്. മത്സരത്തിനു ശേഷം മാധ്യമങ്ങളെ കാണവെ ഇന്ത്യൻ ക്യാപ്റ്റൻ പ്രിയം ഗാർഗ് ബംഗ്ലാദേശ് താരങ്ങൾക്കെതിരേ രംഗത്തെത്തുകയും ചെയ്തു. വളരെ വൃത്തികെട്ട രീതിയിലാണ് ബംഗ്ലാദേശ് താരങ്ങൾ മൈതാനത്ത് പെരുമാറിയതെന്ന് ഗാർഗ് പറഞ്ഞു. ചില കളികൾ നിങ്ങൾ ജയിക്കും ചിലത് തോൽക്കും. ഇതെല്ലാം ഈ കളിയുടെ ഭാഗമാണെന്ന് ഞങ്ങൾക്കറിയാം. പക്ഷേ അവരുടെ (ബംഗ്ലാദേശ് താരങ്ങളുടെ) പ്രതികരണം വൃത്തികെട്ടതായിരുന്നു. അത്തരത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു, ഗാർഗ് വ്യക്തമാക്കി. അതേസമയം എതിരാളികളോട് ആദരവ് കാണിക്കണമെന്ന് സംഭവത്തെ കുറിച്ച് പ്രതികരിച്ച ബംഗ്ലാദേശ് ക്യാപ്റ്റൻ അക്ബർ അലി പറഞ്ഞു. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. നിങ്ങൾ ഏത് സ്ഥാനത്തായാലും ഏത് രീതിയിലായാലും എതിരാളികളെ ബഹുമാനിക്കണം. കളിയോടും ആ ബഹുമാനമുണ്ടായിരിക്കണം, അക്ബർ അലി പറഞ്ഞു. Shameful end to a wonderful game of cricket. #U19CWCFinal pic.twitter.com/b9fQcmpqbJ — Sameer Allana (@HitmanCricket) February 9, 2020 ഞായറാഴ്ച നടന്ന ഫൈനലിൽ ഡെക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ബംഗാദേശ് ഇന്ത്യയെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി കിരീടത്തിൽ മുത്തമിട്ടിരുന്നു. ബംഗ്ലാദേശിന്റെ ആദ്യ ലോകകിരീടമാണിത്. 47.2 ഓവറിൽ ഇന്ത്യ 177 റൺസിന് പുറത്തായിരുന്നു. ബംഗ്ലാദേശിന്റെ മറുപടി ബാറ്റിങ്ങിനിടെ മഴപെയ്തതിനാൽ വിജയലക്ഷ്യം 46 ഓവറിൽ 170 ആയി പുനർനിശ്ചയിച്ചു. 42.1 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് ലക്ഷ്യം കണ്ടു. ഇതിനു പിന്നാലെയായിരുന്നു മൈതാനത്തെ കയ്യാംകളി. പരസ്പരം പോരടിച്ച താരങ്ങളെ അമ്പയർമാരും സ്റ്റാഫും ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. Content Highlights: Indian captain Priyam Garg on altercation against Bangladesh


from mathrubhumi.latestnews.rssfeed https://ift.tt/38dGmIX
via IFTTT