Breaking

Thursday, December 12, 2019

യെച്ചൂരിക്കും ബേബിക്കും ‘കുമ്പളങ്ങി നൈറ്റ്’

കുമ്പളങ്ങി: ''ഇത് കരിമീനാ... കുമ്പളങ്ങി സ്റ്റൈലിൽ തയ്യാറാക്കിയതാ...'' വാഴയിലയിൽ പൊതിഞ്ഞ് ചുട്ടെടുത്ത കരിമീൻ സീതാറാം യെച്ചൂരിയുടെ മുന്നിലേക്ക് നീക്കി െവച്ച് കെ.വി. തോമസ് പറഞ്ഞു. മാഷിന്റെ വീട്ടുവളപ്പിലുള്ള കുളത്തിൽനിന്ന് പിടിച്ചതാണ് കരിമീൻ. അതുകൂടി കേട്ടപ്പോൾ യെച്ചൂരി മീൻ െെകയിലെടുത്തു. മീനിന്റെ രുചി യെച്ചൂരിക്ക് നന്നെ പിടിച്ചു. പിന്നാലെ ചെമ്മീൻ ഉലർത്തിയതും കക്കയിറച്ചിയും വന്നു. കക്കയിറച്ചി കേമമെന്ന് യെച്ചൂരി. എന്നാലും ചർച്ച കരിമീനിനെക്കുറിച്ചായി. കൊച്ചിയിൽ പൊതുപരിപാടിക്കു ശേഷം ചൊവ്വാഴ്ച രാത്രി കോൺഗ്രസ് നേതാവ് മുൻ എം.പി. കെ.വി. തോമസിന്റെ വീട്ടിലെത്തിയതാണ് യെച്ചൂരി. അപ്പോഴേക്കും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും ഭാര്യ ബെറ്റിയുമെത്തിയിരുന്നു. ഇവരെല്ലാം ചേർന്നായിരുന്നു അത്താഴം. മൂന്നുപേരും മാഷിന്റെ വീട്ടിൽ തന്നെ താമസിച്ചു. ബുധനാഴ്ച പുലർച്ചെ മാഷ് ചൂണ്ടയുമായി വീട്ടുവളപ്പിലെ കുളക്കരയിലേക്ക്. മാഷ് ചൂണ്ടയിടുന്നത് കാണാൻ എം.എ. ബേബിയുമുണ്ടായിരുന്നു. നേരമേറെ കഴിഞ്ഞിട്ടും ചൂണ്ടയിൽ മീൻ കൊത്തുന്നില്ല. സാധാരണ ആദ്യ നിമിഷങ്ങളിൽ തന്നെ മാഷിന്റെ ചൂണ്ടയിൽ മീൻ കുടുങ്ങും. ഇന്നെന്തോ മീൻ കൊത്തുന്നില്ലെന്ന് മാഷ്. പിന്നെ ചൂണ്ടയിൽ ഇരയെ കൊളുത്തി ബേബിയുടെ പരീക്ഷണം. കുളക്കരയിൽ മാഷിന്റെ ഭാര്യ ഷേർളിയും ബേബിയുടെ ഭാര്യ ബെറ്റിയും. മീനുകൾ പിണങ്ങി നിന്നതിനാൽ മാഷ് ശ്രമം ഉപേക്ഷിച്ച് മടങ്ങി. ബേബി ക്ഷമയോടെ കുറെക്കൂടി കാത്തിരുന്നു. മീൻ പിണങ്ങിത്തന്നെ. കുറച്ച് കഴിഞ്ഞപ്പോൾ യെച്ചൂരി വീടിനു പുറത്തേക്ക് വന്നു. ഡൽഹിയിലേക്കുള്ള മടക്കയാത്രയ്ക്ക് തയ്യാറായാണ് വരവ്. യെച്ചൂരിക്കായി മാഷ് പ്രത്യേക പ്രാതലൊരുക്കിയിരുന്നു. നൂലപ്പവും കടലക്കറിയും പിന്നെ നാടൻ മുട്ടയും. കഷണങ്ങളാക്കി മുറിച്ചു െവച്ച പഴങ്ങളാണ് െയച്ചൂരി കഴിച്ചത്. നൂലപ്പം പാത്രത്തിലേക്ക് വയ്ക്കുമ്പോൾ, തേങ്ങാപ്പാൽ എവിടെയെന്നായി യെച്ചൂരി. മുമ്പ് മാഷിന്റെ ഡൽഹിയിലുള്ള വീട്ടിലിരുന്ന് നൂലപ്പവും തേങ്ങാപ്പാലും കഴിച്ച ഓർമയാണ് അദ്ദേഹത്തിന്. പിന്നെ കഷണങ്ങളാക്കി പുഴുങ്ങിയ ഏത്തപ്പഴവും. കാപ്പിയാണ് സഖാവിന് പ്രിയമെന്ന് മാഷിെന്റ കമന്റ്. തീൻമേശയ്ക്കു മുന്നിൽ രാഷ്ട്രീയത്തിന്റെ ചൂട് കലരാത്ത ചർച്ചകൾ. ഓരോ വാക്കിലും സൗഹൃദത്തിന്റെ ഊഷ്മളത. ഇടയ്ക്ക് തലേന്ന് കണ്ട സിനിമയെക്കുറിച്ചായി എം.എ. ബേബിയുടെ വർത്തമാനം. ആ സിനിമയിലേക്ക് കടന്നു കയറിയ ഇടതുപക്ഷ ചിന്താ ധാരയെക്കുറിച്ച് ബേബിയുടെ വിശദീകരണം. ഇതിനിടെ കുമ്പളങ്ങിയിൽ തങ്ങിയ പാർട്ടി ജനറൽ സെക്രട്ടറിയെ കാണാൻ സി.പി.എം. ഏരിയാ സെക്രട്ടറി പി.എ. പീറ്ററും പഞ്ചായത്തംഗം കെ.കെ. സുരേഷ് ബാബുവുമെത്തി. ഇരുവരെയും മാഷ് സ്വീകരിച്ചു. സഖാക്കളോട് െയച്ചൂരിയുടെ കുശലാന്വേഷണം. പിന്നെ ഗ്രൂപ്പ് ഫോട്ടോയെടുത്ത ശേഷം വിമാനത്താവളത്തിലേക്ക് പോകാൻ ഇറങ്ങി. കെ.വി. തോമസിന്റെ നേതൃത്വത്തിലുള്ള വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദ ലീഡേഴ്സ് പരിപാടിയിൽ പങ്കെടുക്കുന്നതിനായിരുന്നു യെച്ചൂരി കൊച്ചിയിൽ എത്തിയത്. യെച്ചൂരി വരുന്ന കാര്യം അറിയിച്ച് എം.എ. ബേബിയേയും ഭാര്യയേയും തോമസ് അത്താഴത്തിന് ക്ഷണിക്കുകയായിരുന്നു. ഡൽഹിയിൽ താമസിക്കുന്ന കാലത്ത് ഇവരുമായെല്ലാം തോമസിനും കുടുംബത്തിനും അടുത്ത ബന്ധമാണുണ്ടായിരുന്നത്. Content Highlights:MA Baby and Yechuri visit congress leader K V Thomas house


from mathrubhumi.latestnews.rssfeed https://ift.tt/38EG66m
via IFTTT