Breaking

Thursday, December 12, 2019

ഊരിനൽകിയ പൊന്നിനേക്കാൾ തിളക്കമുണ്ട് ഹൈറുൻ ഹിബയുടെ മനസ്സിന്

കൊളത്തൂർ: ‘അവൻ നമ്മുടെ ചങ്ങാതിയാണ്. ഷീറ്റുകെട്ടിയ കൂരയിൽ കഴിയുന്ന അവന് നല്ലൊരു വീടുപണിയണം..’, സ്കൂളിലെ കുട്ടികൾ ഇങ്ങനെയൊരു പദ്ധതിയിട്ടപ്പോൾ എന്തുനൽകുമെന്ന ആലോചനയിലായിരുന്നു ഓരോരുത്തരും. പലരും അവരുടെ കുഞ്ഞുസമ്പാദ്യങ്ങളുമായി മുന്നോട്ടുവന്നപ്പോൾ ഹൈറുൻ ഹിബയ്ക്ക് കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല; കഴുത്തിലണിഞ്ഞിരുന്ന ഒരുപവന്റെ സ്വർണമാല ആരോടും ചോദിക്കാതെ അവൾ ഊരിനൽകി. അണിഞ്ഞ പൊന്നിനേക്കാൾ തിളങ്ങി അപ്പോൾ ഹിബയുടെ മനസ്സ്. കൊളത്തൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് സന്മനസ്സിന്റെ ഈ കാഴ്ച അരങ്ങേറിയത്. പ്ലസ്‌വൺ കൊമേഴ്സ് വിദ്യാർഥിയാണ് ഹിബ. ഇതേസ്കൂളിലെ അരുൺപ്രകാശിന് വീടൊരുക്കാൻ സ്കൂളിലെ നാഷണൽ സർവീസ് സ്കീം അംഗങ്ങളാണ് അധ്യാപകരുടെ പിന്തുണയോടെ മുന്നിട്ടിറങ്ങുന്നത്.പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയ താത്കാലിക വീട്ടിലാണ് അരുൺ കഴിയുന്നത്.സമ്മാനക്കൂപ്പണുകളിലൂടെയും സുമനസ്സുകളുടെ സംഭാവനകളിലൂടെയുമാണ് നിർധന കുടുംബത്തിന് വീട് നിർമാണത്തിനുള്ള തുക കണ്ടെത്തുന്നത്.അരുൺ പ്രകാശിന്റെ പിതാവ് കൊളത്തൂർ പടിഞ്ഞാറെകുളമ്പ് കളരിക്കൽ ജയപ്രകാശ് കഴിഞ്ഞ അഞ്ചുവർഷമായി രോഗബാധിതനായി കിടപ്പിലാണ്. രോഗബാധിതയായ അമ്മ ആനന്ദവല്ലി കൊളത്തൂർ മാവേലിസ്റ്റോറിലെ താത്‌കാലിക ജീവനക്കാരിയും സഹോദരൻ അർജുൻപ്രകാശ് പത്താംതരം വിദ്യാർഥിയുമാണ്.ഇവരുടെ തുച്ഛമായ വരുമാനംകൊണ്ട് ചികിത്സയും മറ്റു ചെലവുകളും കണ്ടെത്താനാകാത്ത അവസ്ഥയിലാണ്. അഞ്ചുവർഷം മുൻപ് വീടിന് തറയിട്ടെങ്കിലും മറ്റൊന്നിനും പിന്നീട് സാധിച്ചില്ല. പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ട് വലിച്ചുകെട്ടിയാണ് ഇവരുടെ താമസം. വൈദ്യുതിവെട്ടം പോലുമില്ലാതെയാണ് കുട്ടികൾ പഠിക്കുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ട തായമ്പകയിൽ അരുൺ പ്രകാശിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് വി.പി. മുഹമ്മദ് ഹനീഫയുടെയും രാമപുരം വിളക്കത്തിൽ ഹസീനയുടെയും മകളായ ഹിബ സ്കൂളിലെ മികച്ച എൻ.എസ്.എസ്. വൊളന്റിയർ കൂടിയാണ്.സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർഥികളും അധ്യാപകരും ഹൈറുൻ ഹിബയെ അനുമോദിച്ചു.സ്കൂളിലെ എൻ.എസ്.എസ്‌. യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന മൂന്നാമത് വീടിനാണ് മുന്നൊരുക്കങ്ങൾ നടക്കുന്നത്. ഒൻപതാംക്ലാസിൽ പഠിക്കുന്ന കൂമുള്ളികളം ആദിത്യന്റെ കുടുംബത്തിനുള്ള വീടുനിർമാണവും പുരോഗമിക്കുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2LNBmRV
via IFTTT