Breaking

Thursday, February 20, 2020

നഗരങ്ങൾ രാത്രിയും സജീവമാകും; ആദ്യപദ്ധതി തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന നഗരങ്ങളെ 24 മണിക്കൂറും സജീവമാക്കാനുള്ള പദ്ധതി തുടങ്ങുന്നു. ആദ്യകേന്ദ്രം തിരുവനന്തപുരം നഗരത്തിലാണ്. നഗരങ്ങളിൽ രാത്രിജീവിതമില്ലെന്ന ഐ.ടി. മേഖലയുടേതടക്കമുള്ള ആവശ്യം പരിഗണിച്ചാണ് നടപടി. 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിതനിരത്തുകളും കച്ചവടസ്ഥാപനങ്ങളും നഗരസഭ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളിൽ ആരംഭിക്കാനാണ് മന്ത്രിസഭാ തീരുമാനം. സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇതു നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്താൻ വിനോദസഞ്ചാരം, പോലീസ്, തദ്ദേശ, തൊഴിൽ വകുപ്പുകൾ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവയിലെ ഉദ്യോഗസ്ഥരുടെ സ്ഥിരംസമിതി രൂപവത്കരിക്കും. മറ്റുനഗരങ്ങളിൽ ഏപ്രിലിൽത്തന്നെ ഈ പദ്ധതിക്ക് തുടക്കമിടാൻ നിർദേശം നൽകും. ഐ.ടി. രംഗത്ത് കൂടുതൽ വികസനം കൊണ്ടുവരാനും വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനും അവരുടെ ജീവിതശൈലിക്കനുയോജ്യമായ സാഹചര്യങ്ങൾ ഇവിടെയും ഒരുക്കണമെന്ന സർക്കാർ നിലപാടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇപ്പോൾ രാത്രിവൈകിയും ജോലിചെയ്യുന്ന ആളുകൾക്ക് ജോലികഴിഞ്ഞുവന്നാൽ ഹോട്ടലിലോ പബ്ബിലോ പോകണമെങ്കിൽ അത്തരം സൗകര്യങ്ങൾ ഇവിടെയില്ലെന്നും അത് വലിയ ആക്ഷേപമായി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ടിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. രാത്രി വൈകിയും ബിയർ വിളമ്പുന്ന പബ്ബുകളും ഹോട്ടലുകളും വേണമെന്ന ആവശ്യം സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പിന്നീട് വിവാദമായി.


from mathrubhumi.latestnews.rssfeed https://ift.tt/2HGM0Yl
via IFTTT