Breaking

Monday, February 10, 2020

പ്രതികളുമായി പുറപ്പെട്ട കേരള പോലീസിനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു

നവി മുംബൈ: ശാന്തൻപാറ കൊലപാതകക്കേസിലെ പ്രതികളുമായി കേരളത്തിലേക്ക് പുറപ്പെട്ട കേരള പോലീസ് സംഘത്തെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതിയില്ലെന്ന കാരണത്താലാണ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ പോലീസ് സംഘത്തെ തടഞ്ഞത്. കേസിലെ മുഖ്യപ്രതികളായ വസീം, ലിജി എന്നിവരെ കൈയാമംവെച്ചാണ് ശാന്തൻപാറ സി.ഐ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിമാനത്താവളത്തിലെത്തിച്ചത്. ഇവർക്ക് ബോർഡിങ് പാസ് നൽകിയെങ്കിലും പ്രതികളുമായി വിമാനത്തിൽ സഞ്ചരിക്കണമെങ്കിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതിവേണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതോടെയാണ് യാത്ര മുടങ്ങിയത്. ലിജിയുടെ ഭർത്താവായ റിജോഷിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതിനുശേഷമാണ് ലിജി ഇളയ കുട്ടിയുമായി വസീമിനോടൊപ്പം മുംബൈയിലേക്ക് കടന്നത്. ഒരാഴ്ചയ്ക്കുശേഷം വസീമിനെയും ലിജിയെയും കുട്ടിയോടൊപ്പം പൻവേലിലെ സമീർ ഹോട്ടലിൽ വിഷംകഴിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചു. ലിജിയുടെയും വസീമിന്റെയും നില ഗുരുതരമായിരുന്നെങ്കിലും ആഴ്ചകൾനീണ്ട ചികിത്സയ്ക്കുശേഷം ഇരുവരും രക്ഷപ്പെട്ടു. കൊല്ലപ്പെട്ട റിജോഷിന്റെ ബന്ധുക്കൾ എത്തി കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. കുട്ടിയെ വിഷംകൊടുത്തുകൊന്ന കേസിൽ വസീമിനും റിജിക്കുമെതിരേ കേസെടുത്ത മുംബൈ പോലീസ് അടുത്തിടെ ഇരുവർക്കും കുറ്റപത്രം നൽകിയിരുന്നു. ഇതിനിടയിലാണ് റിജോഷിന്റെ കൊലപാതകം അന്വേഷിക്കുന്ന കേരള പോലീസ് സംഘം ഇവരെ നാട്ടിലേക്ക് കൊണ്ടുപോകാനായി മുംബൈയിലെത്തിയത്. Content Highlights:Kerala police Mumbai


from mathrubhumi.latestnews.rssfeed https://ift.tt/2UDfiyE
via IFTTT