Breaking

Tuesday, February 11, 2020

''എല്ലാവരോടും മാപ്പ്, തെറ്റു ചെയ്തവര്‍ക്ക് മാപ്പില്ല''; ദുരൂഹത ഉയര്‍ത്തി കത്ത്

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട ബസ്സ്റ്റോപ്പിന് സമീപം ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽനിന്നു ലഭിച്ച കത്ത് പോലീസിനെ കുഴക്കുന്നു. കത്തിലെ എല്ലാവരോടും മാപ്പ്, തെറ്റു ചെയ്തവർക്ക് മാപ്പില്ല എന്ന വാചകമാണ് ദുരൂഹത ഉയർത്തുന്നത്. വ്യാഴാഴ്ച വൈകീട്ടുവരെ വീട്ടിൽ ആളനക്കമുണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു. വ്യാഴാഴ്ച രാത്രിയിലായിരിക്കും ഇവർ മരിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. കെട്ടിടങ്ങളുടെ ഡിസൈൻ ജോലിക്കാരനായ വിനോദ് സൗമ്യനും മിതഭാഷിയുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇയാൾ ബന്ധുക്കളുമായും അയൽവാസികളുമായും അകലം പാലിച്ചിരുന്നു. രമ വിവാഹത്തിന് മുമ്പ് ജോലിചെയ്തിരുന്ന വടക്കേനടയിലെ സൂര്യ കോംപ്ലക്സിലെ ഫാൻസി ഷോപ്പിൽ ഒരു മാസം മുമ്പാണ് വീണ്ടും ജോലിക്കെത്തിയത്. രണ്ടാഴ്ച മുമ്പ് കടയുടമ രമയെ ചുമതലയേൽപ്പിച്ച് ബെംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്ക് പോയി. തുടർന്ന് രമയാണ് കട നോക്കിനടത്തിയിരുന്നത്. വെള്ളവും നല്ല വഴിയുമുള്ള ഒരു വീടും മകളുടെ വിവാഹവുമായിരുന്നു രമയുടെ സ്വപ്നം. ഇപ്പോൾ താമസിക്കുന്ന വീട് വിറ്റ് ഇത്തരത്തിലുള്ള ഒരു വീട് വാങ്ങണമെന്ന ആഗ്രഹം രമ അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. മൃതദേഹപരിശോധനാ റിപ്പോർട്ടും രാസപരിശോധനാ ഫലവും ലഭിച്ചാൽ മാത്രമേ മരണ കാരണത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുകയുള്ളു. മൃതദേഹങ്ങൾ സംസ്കരിച്ചു കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കടയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട മാതാപിതാക്കളുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹപരിശോധനയ്ക്ക് ശേഷം പുല്ലൂറ്റ് ചാപ്പാറയിലുള്ള സഹോദരൻ ബിനിലിന്റെ വീട്ടിലേക്കാണ് മൃതദേഹങ്ങൾ എത്തിച്ചത്. തിങ്കളാഴ്ച രാത്രി 7.30-നായിരുന്നു ശവസംസ്കാരം. മരിച്ച വിനോദിന്റെ സഹോദരനായ ബിനിലാണ് ചിതകൾക്ക് തീകൊളുത്തിയത്. ഞായറാഴ്ച വൈകീട്ടാണ് പുല്ലൂറ്റ് കോഴിക്കട തൈപ്പറമ്പത്ത് വിനോദിനെയും ഭാര്യ രമയെയും മക്കളായ പ്ലസ് വൺ വിദ്യാർഥിനി നയന, നാലാം ക്ലാസ് വിദ്യാർഥി നീരജ് എന്നിവരെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. ജനൽക്കമ്പിയിൽ തൂങ്ങിനിന്നിരുന്ന മകൾ നയനയുടെ കാലുകൾ പ്ലാസ്റ്റിക് കയറുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. രമയുടെ മുഖത്ത് കരിവാളിച്ച അടയാളവും കണ്ടെത്തി. മൃതദേഹങ്ങൾ അഴുകിയിരുന്നതുമൂലം കാഴ്ചയിൽ മറ്റു തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച രാവിലെ പോലീസ് ഡോഗ് സ്ക്വാഡിലെ ഹണിയെ സംഭവം നടന്ന വീട്ടിൽ കൊണ്ടുവന്നെങ്കിലും മണം പിടിക്കാൻ കഴിയാത്തതിനാൽ തിരിച്ചുകൊണ്ടുപോയി. മരിച്ച വിനോദിന്റെയും ഭാര്യ രമയുടെയും മൊബൈൽ ഫോണുകൾ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും. മറ്റൊരു ഫോൺകൂടി വീട്ടിൽ ഉപയോഗിച്ചിരുന്നതായി പറയുന്നു. Content Highlights:four members of family found dead, hanging death, pullut thrissur, suspicious letter found


from mathrubhumi.latestnews.rssfeed https://ift.tt/38li67C
via IFTTT