തിരുവനന്തപുരം: കോളേജിലെ അധ്യയനസമയം രാവിലെ എട്ടുമുതൽ ഒരുമണിവരെയാക്കുന്നകാര്യം പരിഗണനയിലാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ. ഇപ്പോൾ പത്തുമുതൽ നാലുവരെയാണ് ക്ലാസുകൾ. ഈ അഞ്ചുമണിക്കൂർതന്നെ പുതിയ സമയക്രമത്തിൽ ലഭിക്കും. ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ സെമിനാറിലാണ് മന്ത്രി ഇതറിയിച്ചത്. മുമ്പ് കോളേജുകളിലേക്കുള്ള ദൂരക്കൂടുതലും വേണ്ടത്ര യാത്രാസൗകര്യമില്ലാത്തതും മറ്റുമായിരുന്നു പത്തുമുതൽ ക്ലാസ് തുടങ്ങാനുള്ള കാരണം. ഇന്നിപ്പോൾ ആ പ്രശ്നങ്ങളില്ല. വിദേശ സർവകലാശാലകളിലും കോളേജുകളിലും രാവിലെ ഏഴിനോ എട്ടിനോ ക്ലാസ് തുടങ്ങും. കൂടുതൽ പഠനസമയം ലഭിക്കാനും ഇതാണ് നല്ലത്. മുമ്പ് പ്രീഡിഗ്രിക്ക് ഷിഫ്റ്റ് സമ്പ്രദായം ഉണ്ടായിരുന്നപ്പോൾ എട്ടുമുതലും ഉച്ചയ്ക്ക് ഒന്നുമുതലും ക്ലാസുകൾ നടത്തിയിരുന്നു -മന്ത്രി പറഞ്ഞു. ആർട്സ് ആൻഡ് സയൻസ് കോളേജുകൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായതിനാൽ സമയക്രമം നിശ്ചയിക്കാനുള്ള അധികാരം വകുപ്പിനാണ്. സർവകലാശാലാ വകുപ്പുകൾ നടത്തുന്ന കോഴ്സുകളിൽ സർവകലാശാലകൾ തീരുമാനിക്കണം. സമയക്രമം മാറ്റുന്നപക്ഷം പ്രൊഫഷണൽ കോളേജുകളിലും ഇത് ബാധകമാക്കാൻ തടസ്സമില്ല. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ ചർച്ച വേണ്ടിവരും -മന്ത്രി പറഞ്ഞു. സമയമാറ്റത്തിന്റെ ഗുണവശങ്ങൾ *രാവിലെയുള്ള പഠനത്തിന് ഉത്സാഹം കൂടും *ഉച്ചകഴിഞ്ഞുള്ള സമയം പഠനത്തോടൊപ്പം ജോലിചെയ്യേണ്ടവർക്ക് സൗകര്യമാകും. *പാഠ്യേതര പ്രവർത്തനങ്ങൾക്കും വേണ്ടത്ര സമയം കിട്ടും. *ഗവേഷണത്തിലേക്ക് തിരിയുന്നവർക്കും ഉപകാരപ്രദമാകും
from mathrubhumi.latestnews.rssfeed https://ift.tt/2V6q7JW
via
IFTTT