ലഖ്നൗ: പൗരത്വനിയമഭേദഗതിക്കെതിരേയുള്ള പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ചാവാൻ തീരുമാനിച്ചു വന്നാൽപ്പിന്നെ എങ്ങനെ അവരെ രക്ഷിക്കാനാകുമെന്നാണ് അദ്ദേഹം നിയമസഭയിൽ പറഞ്ഞത്. സംഘർഷങ്ങൾക്കിടെ 22 പേരാണ് സംസ്ഥാനത്ത് മരിച്ചത്. “പോലീസിൻറെ വെടിയേറ്റ് ആരും മരിച്ചിട്ടില്ല. മരിച്ചവരെല്ലാം കലാപകാരികളുടെ വെടികൊണ്ടാണു മരിച്ചത്. ആളുകളെ കൊല്ലുകയെന്ന ലക്ഷ്യത്തോടെ ആരെങ്കിലും തെരുവിലിറങ്ങിയാൽ ഒന്നുകിൽ അവർ മരിക്കും, അല്ലെങ്കിൽ പോലീസുകാരൻ മരിക്കും” -യോഗി പറഞ്ഞു. പ്രതിഷേധങ്ങങ്ങളെ നിശിതമായി വിമർശിച്ച മുഖ്യമന്ത്രി, പോലീസിന്റെ നടപടിയെ പ്രശംസിച്ചു. തന്റെ സർക്കാർ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ, അക്രമികളോട് അവർക്കു മനസ്സിലാകുന്ന ഭാഷയിൽത്തന്നെ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ വെടിയേറ്റ് ആരും മരിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളുന്നതാണ് ബുധനാഴ്ച ബിജ്നൗർ എസ്.പി. സഞ്ജീവ് ത്യാഗി നടത്തിയ വെളിപ്പെടുത്തൽ. ബിജ്നൗറിൽ സംഘർഷത്തിനിടെ മരിച്ച രണ്ടുപേരിലൊരാൾ പോലീസിന്റെ വെടിയേറ്റാണ് വീണതെന്ന് അദ്ദേഹം പറഞ്ഞു. കോൺസ്റ്റബിൾമാരിലൊരാളുടെ തോക്ക് തട്ടിയെടുത്ത് അക്രമികൾ വെടിവെച്ചെന്നും ആത്മരക്ഷയ്ക്കായി നടത്തിയ വെടിവെപ്പിലാണ് സുലൈമാൻ എന്നയാൾ മരിച്ചതെന്നും എസ്.പി. പറഞ്ഞു. രണ്ടാമത്തെയാളായ അനീസ് മരിച്ചത് ജനക്കൂട്ടം നടത്തിയ വെടിവെപ്പിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. പൗരത്വ നിയമഭേദഗതിക്കെതിരേയുളള പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് 22 പേർ മരിച്ചതായും 883 പേർക്കെതിരേ കേസെടുത്തതായും ഇവരിൽ 561 പേർക്ക് ജാമ്യം നൽകിയതായുമാണ് തിങ്കളാഴ്ച സംസ്ഥാനസർക്കാർ അലഹാബാദ് ഹൈക്കോടതിക്കു നൽകിയ വിശദീകരണത്തിൽ പറഞ്ഞത്. Content Highlights:Yogi Adithyanath CAA protest
from mathrubhumi.latestnews.rssfeed https://ift.tt/2uhQUba
via
IFTTT