Breaking

Friday, February 14, 2020

ട്രംപിന്റെ വരവിൽ ആശങ്കയോടെ കാർഷികമേഖല

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനവേളയിൽ ഇന്ത്യ-യു.എസ്. കാർഷികക്കരാറിനുള്ള നീക്കം അണിയറയിൽ ഊർജിതമായി. അമേരിക്കയിൽനിന്ന് പാൽ-കാർഷികോത്പന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള കരാർ ഒപ്പിടാനാണു സാധ്യത. കയറ്റുമതിക്ക് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ ജി.എസ്.പി. (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ്/വ്യാപാര മുൻഗണന) നിയന്ത്രണം നീക്കിയതോടെ തങ്ങൾക്ക് ഇറക്കുമതിക്ക് അവസരമൊരുക്കണമെന്നാണ് യു.എസ്. ആവശ്യപ്പെടുന്നത്. കഴിഞ്ഞ നവംബർ 13-ന് വാണിജ്യമന്ത്രി പീയൂഷ് ഗോയൽ യു.എസ്. വ്യാപാരപ്രതിനിധി റോബർട്ട് ലിത്തിസറുമായി ചർച്ച നടത്തിയതിനു പിന്നാലെ, അമേരിക്കൻസംഘം ഇന്ത്യയിലെത്തിയിരുന്നു. ട്രംപിന്റെ സന്ദർശനത്തോടെ കരാർ യാഥാർഥ്യമാക്കാനാണ് ഇപ്പോഴത്തെ നീക്കം. മുഖ്യമായും കയറ്റുമതിയെ ആശ്രയിച്ചുള്ളതാണ് അമേരിക്കൻ കാർഷികമേഖല. 2011-'13ലെ കണക്കനുസരിച്ച് പരുത്തി, ബദാം ഉത്പാദനത്തിന്റെ 70 ശതമാനവും അവർ കയറ്റുമതിചെയ്തു. 50 ശതമാനമാണ് അരി, ഗോതമ്പ് എന്നിവയുടെ കയറ്റുമതി. അതേസമയം, 2018-ൽ കയറ്റുമതി ഒരു ശതമാനമേ കൂടിയിട്ടുള്ളൂവെന്നത് കാർഷികമേഖലയിൽ അമേരിക്കയുടെ തളർച്ചയ്ക്കു തെളിവായി. ചൈനയുമായുള്ള മത്സരം മുറുകിയതോടെ, ഇന്ത്യയടക്കമുള്ള പുതിയ കയറ്റുമതി വിപണിയിൽ കണ്ണുവെച്ചാണ് കരാറിനുള്ള അമേരിക്കൻ നീക്കം. കൊളംബിയ, പാനമ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായി നിലവിൽ വ്യാപാരക്കരാർ ഒപ്പിട്ടുകഴിഞ്ഞു. വ്യാപാരക്കരാർ യാഥാർഥ്യമാവുന്നതോടെ പാൽ, ആപ്പിൾ, ബദാം, സോയാബീൻ, ഗോതമ്പ്, അരി, കോഴി ഉത്പന്നങ്ങൾ തുടങ്ങിയവയൊക്കെ വ്യാപകമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുമെന്നാണ് കർഷകസംഘടനകളുടെ ആശങ്ക. ഇന്ത്യയിൽ ജനസംഖ്യയുടെ 52 ശതമാനവും കാർഷിക മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. അമേരിക്കയിലാവട്ടെ, ഇതു ജനസംഖ്യയുടെ 0.7 ശതമാനമേ വരൂ. ആഭ്യന്തര കാർഷികമേഖലയുടെ തകർച്ചയ്ക്കു കരാർ ഇടയാക്കുമെന്നാണ് ആശങ്ക. തിങ്കളാഴ്ച ദേശവ്യാപക പ്രക്ഷോഭം ഇന്ത്യ-യു.എസ്. കരാർ കാർഷികമേഖലയെ തകർക്കുമെന്ന ആശങ്ക ശക്തമായതോടെ, 17-നു ദേശവ്യാപകപ്രക്ഷോഭം നടത്താൻ ഇരുനൂറോളം കർഷകസംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാൻ മഹാസംഘ് തീരുമാനിച്ചു. ഇന്ത്യയുമായി 42,000 കോടി രൂപയുടെ ഇറക്കുമതിക്കരാർ ഒപ്പിടാനാണ് അണിയറനീക്കമെന്ന് കിസാൻ മഹാസംഘ് ദേശീയ കൺവീനർ കെ.വി. ബിജു 'മാതൃഭൂമി'യോടു പറഞ്ഞു. content highlights:Trump visit to india and agriculture sector anxieties


from mathrubhumi.latestnews.rssfeed https://ift.tt/3byobQ1
via IFTTT