Breaking

Tuesday, February 18, 2020

രാഹുലിനെ അധ്യക്ഷപദവിയിൽ തിരിച്ചെത്തിക്കാൻ അണിയറനീക്കം

ന്യൂഡൽഹി: രാഹുൽഗാന്ധിയെ അടുത്തമാസംതന്നെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു തിരികെക്കൊണ്ടുവരാൻ നെഹ്രു കുടുംബവുമായി അടുപ്പമുള്ള നേതാക്കൾ ശ്രമംതുടങ്ങി. ആരോഗ്യപ്രശ്നങ്ങൾ കാരണം അധ്യക്ഷ സോണിയാഗാന്ധിക്ക് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാനാവാത്തതാണ് നീക്കത്തിനു പിന്നിൽ. കുടുംബത്തിനു പുറത്തുനിന്നൊരാളെ അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കാൻ സോണിയയ്ക്കു താത്പര്യമില്ലാത്ത സാഹചര്യത്തിൽ മറ്റു പോംവഴിയില്ലെന്നാണ് നേതാക്കൾ പറയുന്നത്. പ്രിയങ്കാഗാന്ധിയെ രാജ്യസഭയിലെത്തിക്കാനും അവരോട് അടുപ്പമുള്ളവർ ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം, നെഹ്രു കുടുംബത്തിനു പുറത്തുനിന്നൊരാളെ അധ്യക്ഷനായി തത്കാലം നിയമിക്കണമെന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്. ബിഹാർ തിരഞ്ഞെടുപ്പിനുമുമ്പ് അധ്യക്ഷപദവി ഏറ്റെടുക്കുകയും തിരഞ്ഞെടുപ്പിൽ വൻപരാജയം ഉണ്ടാവുകയും ചെയ്താൽ രാഹുലിന്റെ നേതൃത്വത്തിനെതിരേ വീണ്ടും വിമർശമുയരും. മാത്രമല്ല, നെഹ്രുകുടുംബത്തിനു പുറത്തുനിന്നൊരാളെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ സ്ഥാനമൊഴിഞ്ഞ് ഒരു വർഷംപോലും തികയുംമുമ്പ് തിരിച്ച് അതേസ്ഥാനത്തേക്കുവരുമ്പോൾ വിമർശമുണ്ടായേക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഈ നിർദേശത്തിനു പിന്തുണ ഏറിയാൽ രാഹുലിന്റെ തിരിച്ചുവരവ് ബിഹാർ തിരഞ്ഞെടുപ്പ് കഴിയുംവരെ നീണ്ടേക്കാം. ഡൽഹി വിജയത്തിനു പിന്നാലെ പഞ്ചാബിലേക്കും ഹരിയാണയിലേക്കും ലക്ഷ്യംവെക്കുന്ന എ.എ.പി.യെ തടയാൻ നെഹ്രു കുടുംബത്തിനു പുറത്തുനിന്നുള്ള അധ്യക്ഷനെക്കൊണ്ടു സാധിച്ചേക്കുമെന്നും ഈ നേതാക്കൾ പറയുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, ഹരിയാണയിലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹുഡ്ഡ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോത്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, യുവനേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് തുടങ്ങിയവരെയാണിവർ മനസ്സിൽക്കാണുന്നത്. ഡൽഹി പരാജയത്തിനു പിന്നാലെ ജയറാം രമേഷ്, ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദേവ്റ തുടങ്ങിയ നേതാക്കൾ കോൺഗ്രസ് ആശയതലം മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനമെന്നു തോന്നിക്കുന്ന ചില നിലപാടുകൾ ബി.ജെ.പി.ക്കാണ് നേട്ടമുണ്ടാക്കിയതെന്ന് ചില നേതാക്കൾ പറയുന്നു. ഇക്കാര്യത്തിൽ തന്ത്രപരമായ നിലപാടു സ്വീകരിച്ച എ.എ.പി. നേതാവ് അരവിന്ദ് കെജ്രിവാൾ കോൺഗ്രസിന്റെ സ്ഥിരം ന്യൂനപക്ഷവോട്ടുകൾപോലും കൊണ്ടുപോയെന്നും അവർ ചൂണ്ടിക്കാട്ടി. ഏതാനും മാസങ്ങൾക്കുള്ളിൽ ഒഴിവുവരാൻപോകുന്ന സീറ്റിലൂടെ പ്രിയങ്കയെ രാജ്യസഭയിലെത്തിക്കാനുള്ള സാധ്യതയാണ് ചില നേതാക്കൾ ആരായുന്നത്. എന്നാലിത് ഹൈക്കമാൻഡ് വൃത്തങ്ങൾ നിഷേധിച്ചു. ഏപ്രിൽ, ജൂൺ, ജൂലായ്, നവംബർ മാസങ്ങളിലായി 68 ഒഴിവുകളാണ് രാജ്യസഭയിൽ വരുന്നത്. ഇതിൽ 19 സീറ്റുകൾ കോൺഗ്രസിന്റേതാണ്. 10 സീറ്റിലെങ്കിലും വീണ്ടും ജയിക്കാനുള്ള സാധ്യതയുണ്ട്. ഈ സീറ്റുകളിലേക്കാണ് പ്രിയങ്കാഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ, രൺദീപ് സിങ് സുർജേവാല, ആർ.പി.എൻ. സിങ് തുടങ്ങിയവരുടെ പേരുകൾ അനൗദ്യോഗികമായി ഉയരുന്നത്. Content Highlights:Rahul Gandhi may return as AICC president


from mathrubhumi.latestnews.rssfeed https://ift.tt/2UZxseg
via IFTTT