Breaking

Thursday, February 20, 2020

ട്രംപിന്റെ സന്ദർശനം: ചേരിയിൽ ധർണയിരുന്ന മലയാളിവനിതയെ നീക്കി

അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ച് ചേരിയെ മറയ്ക്കുന്നതിനായി മതിൽ കെട്ടിയതിൽ പ്രതിഷേധിച്ച് ഉപവാസമിരുന്ന മലയാളി വനിതയെ പോലീസ് നീക്കം ചെയ്തു. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്റെ പ്രവർത്തക അശ്വതിയെയാണ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. ഇതിനുശേഷം ചിലർ ചേരിയിലെത്തി താമസക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അഹമ്മദാബാദിലെ ഇന്ദിരാ ബ്രിഡ്ജിനടുത്ത് സരണിയാവാസ് എന്ന ചേരി മതിൽ കെട്ടിത്തിരിക്കുന്ന വാർത്തയറിഞ്ഞ് കേരളത്തിൽനിന്ന് തിങ്കളാഴ്ചയാണ് അശ്വതി എത്തിയത്. ചേരിനിവാസികളെ പുനരധിവസിപ്പിക്കാതെ മതിൽകെട്ടി സത്യം മറയ്ക്കുന്നതിൽ പ്രതിഷേധിച്ച് താൻ ഉപവാസമിരിക്കുന്നതായി സാമൂഹികമാധ്യമത്തിലൂടെ അശ്വതി അറിയിച്ചു. സഹപ്രവർത്തകനായ വിഷ്ണുവല്ലാതെ മറ്റാരും കൂടെയുണ്ടായിരുന്നില്ല. ചൊവ്വാഴ്ച രാത്രി എട്ടരയോടെ പോലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് മാറ്റി. പ്രതിഷേധം അനുവദിക്കില്ലെന്നും തുടരുകയാണെങ്കിൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും മുന്നറിയിപ്പ് നൽകി. ഒരു മണിക്കൂറിനുശേഷം വിട്ടയച്ചു. ഗുജറാത്തിൽ പ്രതിഷേധം നടത്തില്ലെന്ന് എഴുതിനൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും താൻ തയ്യാറായില്ലെന്ന് അശ്വതി പറഞ്ഞു. ഇതിനുശേഷം രാത്രി പത്തോടെ ചേരിയിലെ ബി.ജെ.പി. നേതാവായ ദശരഥ് സരണിയ ഏതാനും പേർക്കൊപ്പം മറ്റു വീടുകളിലെത്തി താമസക്കാർക്ക് താക്കീത് നൽകി. പുറത്തുനിന്നു വരുന്നവരോട് സഹകരിക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നിർദേശിച്ചു. ചില സാബുമാർക്ക് ഇത് ഇഷ്ടപ്പെടുന്നില്ലെന്നും അറിയിച്ചു. ഇവർ ലൗഡ് സ്പീക്കറിലൂടെ ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ ശങ്കർസിങ് വഗേല ബുധനാഴ്ച സരണിയാവാസ് സന്ദർശിച്ചു. ''ഇന്ത്യ ഇത്ര വികസിതമെങ്കിൽ എന്തിനാണ് ഈ മതിൽ? ഇതുവരെ ലോകത്തിന് ചൈനയിലെ വൻമതിലിനെപ്പറ്റിയേ അറിയുമായിരുന്നുള്ളു. ഇപ്പോൾ ഈ മതിലും കുപ്രസിദ്ധമായി'' -അദ്ദേഹം പറഞ്ഞു. മൊട്ടേര സ്റ്റേഡിയത്തിന് അടുത്തുള്ള മറ്റുചില ചേരികളിലെ 45 കുടുംബങ്ങൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയതും ട്രംപിന്റെ സന്ദർശനവുമായി ബന്ധമില്ലെന്ന് മുനിസിപ്പൽ കമ്മിഷണർ വിജയ് നെഹറ അവകാശപ്പെട്ടു. രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെന്നും അറിയിച്ചു. സാബർമതി ഒഴിവാക്കുമെന്ന് അഭ്യൂഹം സുരക്ഷാ പ്രശ്നങ്ങൾകാരണം ഗാന്ധിജിയുടെ സാബർമതി ആശ്രമ സന്ദർശനം ട്രംപ് ഒഴിവാക്കിയേക്കും. എന്നാൽ നേരത്തേ നിശ്ചയിച്ച പ്രകാരം, ആശ്രമത്തിൽ സജ്ജീകരണങ്ങളെല്ലാം ഒരുക്കുന്നുണ്ട്. റോഡ് ഷോയുടെ ഒരു മാർഗവും ആശ്രമത്തിലൂടെയാണ്. പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ വഴി അവസാനമേ സ്ഥിരീകരിക്കു. ആവശ്യമെങ്കിൽ ട്രംപിന് റോഡ് മാർഗം ഒഴിവാക്കാൻ മറീൻ-1 എന്ന ഹെലികോപ്റ്റർ ഒരു വിമാനത്തിൽ ബുധനാഴ്ച എത്തിച്ചിട്ടുണ്ട്. മൊട്ടേര സ്റ്റേഡിയത്തിൽനിന്ന് വിമാനത്താവളത്തിലേക്ക്് മടങ്ങാൻ ഇത് ഉപയോഗിച്ചേക്കും. Content Highlights:Donald Trump India visit


from mathrubhumi.latestnews.rssfeed https://ift.tt/32awuNB
via IFTTT