Breaking

Saturday, December 7, 2019

മുമ്പ് പീഡിപ്പിച്ചവര്‍ വീണ്ടും ഉപദ്രവിക്കുമെന്ന് ഭയം; പെണ്‍കുഞ്ഞ് അങ്കണവാടിയില്‍ അഭയംതേടി

മൂവാറ്റുപുഴ: തന്നെ മുമ്പ് ഉപദ്രവിച്ചവർ കൊല്ലാൻ വന്നേക്കുമെന്ന ഭയത്തിൽ അങ്കണവാടിയിൽ അഭയം പ്രാപിച്ച അയൽ സംസ്ഥാന കുടുംബത്തിലെ ആറ് വയസ്സുകാരി പെൺകുട്ടിയെ പോലീസെത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. മൂവാറ്റുപുഴയിലാണ് സംഭവം. പോക്സോ കേസിലെ ഇരയായ പെൺകുട്ടി ചൈൽഡ് ഹോമിൽനിന്ന് തിരിച്ചെത്തി അമ്മയുടെ സംരക്ഷണത്തിലായിരുന്നു. താൻ ജോലിക്ക് പോകുന്ന നേരത്ത് കുട്ടി പുറത്തുപോകാതിരിക്കാനും അന്യരുമായി കൂട്ടുകൂടാതിരിക്കാനുമായി അമ്മ പറഞ്ഞ കാര്യങ്ങളോർത്ത് ഭയന്നാണ് കുട്ടി അങ്കണവാടിയിലെത്തിയത്. ഹിന്ദി കലർന്ന ഭാഷയിൽ കുഞ്ഞ് പറഞ്ഞ കാര്യങ്ങൾ അങ്കണവാടി അധികൃതർക്ക് അത്ര വ്യക്തമായില്ല. ആരോ ഉപദ്രവിക്കാൻ വരുന്നുണ്ടെന്നും തന്നെ രക്ഷിക്കണമെന്നുമാണ് കുട്ടി പറയുന്നതെന്നാണ് അവർക്ക് പിടികിട്ടിയത്. തന്നെ ആരോ കഴുത്ത് ഞെരിച്ച് കൊല്ലുമെന്നും കുട്ടി പറഞ്ഞതോടെ അവർ പോലീസിനെ വിവരം അറിയിച്ചു. ഉടൻ മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി. കുട്ടിയോട് കാര്യങ്ങൾ ഹിന്ദിയിൽ ചോദിച്ച് മനസ്സിലാക്കിയപ്പോഴാണ് സംഭവമെന്താണെന്ന് വ്യക്തമായത്. കുട്ടിയെ ആരും ഉപദ്രവിച്ചതായോ പിന്നാലെ ചെന്നതായോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.ചൈൽഡ് ലൈനിൽനിന്നുള്ള പരാതിയെത്തുടർന്ന് ഈ കുട്ടിയെ ഉപദ്രവിച്ചിരുന്ന ഒഡീഷ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ ഇപ്പോഴും ജയിലിലാണ്. കുട്ടിയുടെ കുടുംബവും പ്രതികളും ഒരേ ലൈൻ കെട്ടിടത്തിൽ താമസിച്ചിരുന്നവരാണ്. അനാവശ്യമായി പുറത്തിറങ്ങുകയോ അന്യരോട് ഇടപെടുകയോ ചെയ്താൽ നേരത്തെ നിന്നെ ഉപദ്രവിച്ചതിന് പോലീസ് പിടിച്ചുകൊണ്ടു പോയവരോ അവരുടെ ആൾക്കാരോ വന്ന് കൊല്ലുമെന്നു പറഞ്ഞ് അമ്മ കുട്ടിയെ ഭയപ്പെടുത്തിയിരുന്നുവെന്നാണ് പോലീസിന് വ്യക്തമായത്. പ്രതിയുടെ സഹോദരനും മറ്റും വന്ന് ഉപദ്രവിക്കുമെന്നായിരുന്നു കുഞ്ഞിന്റെ വിചാരം. കുഞ്ഞിന്റെ രക്ഷയെക്കരുതി അമ്മ പറഞ്ഞ കാര്യങ്ങളോർത്ത് വീട്ടിൽ ഒറ്റയ്ക്കായപ്പോൾ പേടിച്ച കുട്ടി, നേരത്തെ പഠിച്ചിരുന്ന അങ്കണവാടിയിലേക്ക് ചെല്ലുകയായിരുന്നു. പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്ന് കാര്യങ്ങൾ വ്യക്തമായി ചോദിച്ചറിഞ്ഞു. വീട്ടിലേക്ക് പോകാൻ പേടിയാണെന്നു പറഞ്ഞ കുട്ടിയെ പോലീസ് സംരക്ഷണത്തിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. content highlights:moovattupuzha anganwadi girl


from mathrubhumi.latestnews.rssfeed https://ift.tt/2PnHgds
via IFTTT