Breaking

Friday, December 20, 2019

കൃഷിക്കാരുടെ വായ്പാപലിശ സർക്കാര്‍ ഏറ്റെടുത്തേക്കും; എട്ടുലക്ഷം കൃഷിക്കാർക്ക് പ്രയോജനം

കോട്ടയം: മൊറട്ടോറിയം കാലാവധിതീരുന്ന സാഹചര്യത്തിൽ കൃഷിക്കാരെടുത്ത വായ്പകളുടെ പലിശ ഏറ്റെടുക്കാൻ കൃഷിവകുപ്പ് ശ്രമം തുടങ്ങി. 537 കോടി രൂപ ആവശ്യമായ പദ്ധതി കൃഷിവകുപ്പ് ധനകാര്യവകുപ്പിന് സമർപ്പിച്ചു. കിസാൻ ക്രെഡിറ്റ് കാർഡ് വഴി 1.6 ലക്ഷം രൂപവരെ വായ്പ എടുത്തവരുടെ പലിശയാണ് സർക്കാരേറ്റെടുക്കുക. സാമ്പത്തികമായി മോശം നിലയിലുള്ള എട്ടുലക്ഷം കൃഷിക്കാർക്ക് ഇതിന്റെ പ്രയോജനം കിട്ടുമെന്നാണ് കരുതുന്നത്.കേരളത്തിൽ 16.73 ലക്ഷം കിസാൻ ക്രെഡിറ്റ് കാർഡ് ഉടമകളായ കർഷകരുണ്ട്. കാർഡുവഴി 17,717 കോടി രൂപയാണ് നാലുശതമാനം പലിശയ്ക്ക് വായ്പ നൽകിയിട്ടുള്ളത്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ പദ്ധതിക്ക് എപ്പോൾ അംഗീകാരം കിട്ടുമെന്നതിൽ ആശങ്കയുണ്ട്.ചെറുകിട കാർഷിക വായ്പാ പലിശ ഏറ്റെടുക്കുന്നത് സാധാരണക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് കൃഷിവകുപ്പിന്റെ വിലയിരുത്തൽ. റിസർവ് ബാങ്കിന് താത്‌പര്യമില്ലാതെയാണ് മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടിയത്. ഇൗ സാഹചര്യത്തിൽ കർഷകരുടെ കാലാവധി പൂർത്തിയാക്കുന്ന വായ്പകൾ പുതുക്കണമെന്ന് ബാങ്ക് മേധാവികൾ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. പലിശ അടച്ചാണ് വായ്പ പുതുക്കേണ്ടത്. പുതുക്കാത്ത വായ്പകളെ നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കി നടപടികളുമായി ബാങ്കുകൾക്ക് മുന്നോട്ടുപോകാം. റിസർവ് ബാങ്ക് ചട്ടപ്രകാരം നിഷ്‌ക്രിയ ആസ്തി മടക്കിയെടുക്കാൻ ജപ്തി നടപടി വരെ നടത്താം. വായ്പ പുതുക്കിയത് 5280 കൃഷിക്കാർസംസ്ഥാനത്ത് ഇതേവരെ വായ്പപുതുക്കിയത് 5280 കൃഷിക്കാർ മാത്രമാണ്. സർക്കാർ പലിശ ഏറ്റെടുക്കുമെങ്കിൽ കൂടുതൽ പേർ വായ്പ പുതുക്കിയേക്കും. അതല്ലെങ്കിൽ പലിശ അടയ്ക്കാനുള്ള മുതലിനോടുചേർത്ത് വായ്പ പുതുക്കേണ്ടി വരും. ഇക്കാര്യത്തിൽ വിവിധ ബാങ്കുകൾക്ക് വ്യത്യസ്ത നിലപാടാണ്. സർക്കാർ നിർദേശിച്ച് പലിശ ഒഴിവാക്കി വായ്പ പുതുക്കാൻ അവസരം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.ഒല്ലൂരിൽ ബാങ്ക് നോട്ടീസ് കിട്ടിയ കൃഷിക്കാരൻ ജീവനൊടുക്കിയ സാഹചര്യത്തിൽ എല്ലാ ജില്ലകളിലും കളക്ടർമാരോട് കൃഷിക്കാരുടെ വായ്പകളും അതിന്റെ സ്ഥിതിയും പരിശോധിക്കാൻ കൃഷിവകുപ്പ് നിർദേശിച്ചിട്ടുണ്ട്. പുതുക്കുന്നതിന് പലിശ അടയ്കേണ്ടകർഷകർ ബാങ്കുകളിലെത്തി വായ്പ പുതുക്കണം. പലിശ ഇപ്പോൾ അടയ്കണമെന്നില്ല. മൊറട്ടോറിയം നിലനിൽക്കുന്നതിനാൽ ജപ്തി നോട്ടീസ് പാടില്ലെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. കിസാൻ ക്രെഡിറ്റ് കാർഡുവഴി എടുത്ത വായ്പകളിൽ പലിശ ഒഴിവാക്കുന്നത് സർക്കാർ പരിഗണനയിലാണ്. 1.6 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ആനുകൂല്യം കിട്ടാനാണ് ശ്രമം. കേരളത്തിൽ ജപ്തിനടത്താൻ ബാങ്കുകളെ അനുവദിക്കില്ല. കൃഷിക്കാർ ജപ്തിഭീതി ഒഴിവാക്കണം.-മന്ത്രി വി.എസ്. സുനിൽകുമാർ


from mathrubhumi.latestnews.rssfeed https://ift.tt/2PFNPJW
via IFTTT