Breaking

Friday, December 6, 2019

താമരയുള്ള പാസ്പോർട്ടുകൾ: വിശദീകരിക്കാനാവാതെ ജീവനക്കാർ

കോഴിക്കോട് : പാസ്പോർട്ട് ഓഫീസുകളിൽ പുതുതായി വിതരണത്തിനെത്തിയ ബുക്ക്ലെറ്റുകളിൽ താമര അടയാളപ്പെടുത്തിയത് ജീവനക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. പാസ്പോർട്ട് ഓഫീസറുടെ ഒപ്പും സീലും വെക്കുന്ന പേജിലാണ് ദീർഘചതുരത്തിലുള്ള കള്ളിയിൽ താമര രേഖപ്പെടുത്തിയത്. ഇത് എന്തിനാെണന്ന് സംശയം ചോദിക്കുന്നവരോട് കൃത്യമായ മറുപടിപറയാനാവാതെ ജീവനക്കാർ കുഴങ്ങുകയാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ തിരഞ്ഞെടുപ്പുചിഹ്നം രേഖപ്പെടുത്തിയതാണ് പലരിലും സംശയം ജനിപ്പിക്കുന്നത്. മുമ്പുനൽകിയിരുന്ന പാസ്പോർട്ടിൽ ഓഫീസർ ഒപ്പിടുന്ന രണ്ടാമത്തെ പേജിന്റെ താഴെഭാഗം ശൂന്യമായിരുന്നു. ഇപ്പോൾ ഈ പേജിന്റെ താഴത്താണ് ദീർഘചതുരത്തിൽ താമരയുള്ളത്. പാസ്പോർട്ടിൽ ആളുടെ പേര്, വിലാസം തുടങ്ങിയവ എഴുതുന്ന ഭാഗത്തും മാറ്റമുണ്ട്. മുമ്പ് ഇതിനെല്ലാം പ്രത്യേകം കോളമുണ്ട്. ഇപ്പോൾ ഇത് നീക്കംചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ആദ്യം ബെംഗളൂരു പാസ്പോർട്ട് ഓഫീസിലാണ് പുതിയ കോഡുകളുള്ള പാസ്പോർട്ട് ബുക്ക്ലെറ്റ് എത്തിയത്. കേരളത്തിൽ കൊച്ചിയിൽ നവംബർ അവസാനവാരത്തിലാണ് വിതരണം തുടങ്ങിയത്. ഇപ്പോൾ രാജ്യത്തെ 36 പാസ്പോർട്ട് ഓഫീസുകളിലും ഇതാണ് ഉപയോഗിക്കുന്നത്. സുരക്ഷാക്രമീകരണത്തിന്റെ ഭാഗം സുരക്ഷ കൂട്ടാനും വ്യാജപാസ്പോർട്ടുകൾ കണ്ടെത്താനുമാണ് ബുക്ക്ലെറ്റുകളുടെ ഡിസൈനിൽ മാറ്റംവരുത്തിയതെന്ന് ചീഫ് പാസ്പോർട്ട് ഓഫീസർ അരുൺ ചാറ്റർജി പറഞ്ഞു. ലേറ്റന്റ് ഇമേജായാണ് രണ്ടാംപേജിൽ ദീർഘചതുരത്തിൽ താമര ഉൾപ്പെടുത്തിയത്. പേജിന്റെ എതിർവശത്തുനിന്ന് നോക്കിയാൽ ഇത് തെളിഞ്ഞുകാണാം. ഇതിനുപുറമേ ഇന്ത്യ എന്നും ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാനദണ്ഡപ്രകാരമാണ് ഇത്തരം സുരക്ഷാകോഡുകൾ കൊണ്ടുവരുന്നത്. ഇവ പരിശോധിച്ചാണ് വിമാനത്താവളങ്ങൾ, എമിഗ്രേഷൻ, എംബസികൾ എന്നിവിടങ്ങളിൽ പാസ്പോർട്ടുകൾ വ്യാജമല്ലെന്ന് ഉറപ്പുവരുത്തുന്നത്. താമര, ഇന്ത്യ എന്നുള്ളതിനുപുറമേ പത്തോളം കോഡുകൾ വേറെയും ഉണ്ട്. ഇത് പരസ്യപ്പെടുത്തുന്നത് ശരിയല്ല. ദേശീയപുഷ്പമായ താമര കോഡ് കുറച്ചുകഴിയുന്പോൾ മാറ്റും. താമര തിരഞ്ഞെടുത്തതിനുപിന്നിൽ മറ്റൊരു ലക്ഷ്യവുമില്ല. ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അരുൺ ചാറ്റർജി വ്യക്തമാക്കി. contet highlights:lotus mark on passport


from mathrubhumi.latestnews.rssfeed https://ift.tt/36a6Qt4
via IFTTT