കാസർകോട്: കാറഡുക്ക പാർഥക്കൊച്ചി വനത്തിൽ 'ഉണ്ട' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സിനിമാ കമ്പനിയെ കുറ്റവിമുക്തമാക്കി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഷൂട്ടിങ്ങിനായി വനത്തിൽ കാര്യമായ നശീകരണപ്രവർത്തനങ്ങൾ നടന്നില്ലെന്നും പുറമെനിന്ന് മണ്ണ് കൊണ്ടുവന്നിട്ടത് വനംവകുപ്പ് തന്നെ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചുപോരുന്ന റോഡിലാണെന്നും റിപ്പോർട്ട് പറയുന്നു. കൊണ്ടുവന്നിട്ട മണ്ണ് ഉറച്ചുപോയതിനാൽ നീക്കംചെയ്യുന്നത് പരിസ്ഥിതിക്ക് കൂടുതൽ ദോഷംവരുത്തും. മറ്റ് രണ്ടിടങ്ങളിൽ കണ്ട ചെറിയ അളവിലുള്ള മണ്ണ് വനംവകുപ്പിനുതന്നെ നീക്കംചെയ്യാവുന്നതേ ഉള്ളൂ. ഇതിന്റെ ചെലവ് സിനിമാക്കമ്പനിയിൽനിന്ന് ഈടാക്കിയാൽ മതിയാകും. അനുമതിയില്ലാതെ പുറമെനിന്നുള്ള മണ്ണുകൊണ്ടുവന്നിട്ടതിന് കമ്പനി മുൻകൂറായി കെട്ടിവെച്ചരിക്കുന്ന തുക സർക്കാരിലേക്ക് കണ്ടുകെട്ടാമെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം പഴയ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാൻ ഒരുവർഷത്തേക്ക് ഇവിടെ ഷൂട്ടിങ് അനുവദിക്കരുതെന്ന് റിപ്പോർട്ട് ശുപാർശചെയ്തു. പരിസ്ഥിതി വിരുദ്ധ റിപ്പോർട്ടാണിതെന്നും സിനിമാക്കമ്പനിയെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു. ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കണമെന്ന ശുപാർശതന്നെ നാശംവരുത്തിയതിന് തെളിവാണെന്ന് അവർ ചൂണ്ടിക്കാട്ടി. 2018 ഒക്ടോബറിലായിരുന്നു ഇവിടെ മൂവിമിൽസ് കന്പനി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. പുറമെനിന്ന് ലോഡുകണക്കിന് മണ്ണ് കൊണ്ടുവന്നിറക്കി നടത്തുന്ന സെറ്റിടലും ഷൂട്ടിങ്ങും വനത്തിന് വൻ ദോഷമുണ്ടാക്കിയെന്നാരോപിച്ച് പരിസ്ഥിതി പ്രവർത്തകൻ എയ്ഞ്ചൽ നായർ നൽകിയ പരാതിയിൽ കേന്ദ്രസർക്കാർ ഇതേക്കുറിച്ച് വിശദമായ അന്വേഷണംനടത്തണമെന്നും കുറ്റക്കാരിൽനിന്ന് നഷ്ടം ഈടാക്കമമെന്നും ഹൈക്കോടതി കഴിഞ്ഞ ജൂണിൽ ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വനം മന്ത്രാലയ ഉദ്യോഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ബെംഗളൂരുവിൽനിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിൽവെച്ച് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്കുശേഷമാണ് വനത്തിലെത്തിയത്. കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ പുറമെനിന്ന് വനത്തിൽ മണ്ണ് കൊണ്ടുവന്നിറക്കിയതിന്റെ പേരിൽ ഷൂട്ടിങ്ങിനുള്ള അനുമതി കോഴിക്കോട് അഡീഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രദീപ് കുമാർ റദ്ദാക്കിയിരുന്നു. പിന്നീട് മേലുദ്യോഗസ്ഥർ ഇടപെട്ട് പുനഃസ്ഥാപിച്ചുകൊടുക്കുകയായിരുന്നു. Content Highlights:unda movie shooting controversy, film company acquitted by forest ministry
from mathrubhumi.latestnews.rssfeed https://ift.tt/31Qr7TV
via
IFTTT