Breaking

Thursday, February 13, 2020

ഡൽഹി തോൽവി: വികസനത്തിലൂന്നാൻ ബി.ജെ.പി, മാധ്യമങ്ങളിലൂടെ ഒന്നരമാസം പ്രചാരണം

ന്യൂഡൽഹി : വികസനമുദ്രാവാക്യം ഉയർത്തി എ.എ.പി. ഡൽഹിയിൽ ഭരണംപിടിച്ച പശ്ചാത്തലത്തിൽ തന്ത്രം മാറ്റാനൊരുങ്ങി ബി.ജെ.പി. അതിതീവ്ര മുദ്രാവാക്യങ്ങൾക്കുപകരം കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്കു വ്യാപകപ്രചാരണം നൽകാനാണ് ആലോചന. 'ഹർ കാം ദേശ് കെ നാം' (എല്ലാ പ്രവൃത്തിയും രാജ്യത്തിനുവേണ്ടി) എന്ന പേരിൽ കേന്ദ്രത്തിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണ പദ്ധതികൾ ഉടൻ നടപ്പാക്കും. ബിഹാർ തിരഞ്ഞെടുപ്പിനു മാസങ്ങൾ ബാക്കിനിൽക്കേ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ബി.ജെ.പി.യെ ഉലച്ചിട്ടുണ്ട്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏഴു സീറ്റിലും ബി.ജെ.പി. വൻ ഭൂരിപക്ഷം നേടിയിരുന്നു. തോൽവിയെക്കുറിച്ച് പാർട്ടി പരിശോധന തുടങ്ങിയതായി നേതാക്കൾ സൂചിപ്പിച്ചു. അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ, അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം, ജനങ്ങളെ സ്വാധീനിക്കാൻ പറ്റിയ മുദ്രാവാക്യങ്ങളില്ലായ്മ, കെജ്രിവാളിനെ നേരിടാൻ യോഗ്യതയുള്ള നേതാവില്ലായ്മ തുടങ്ങിയ ഘടകങ്ങളാണ് തിരഞ്ഞെടുപ്പുപരാജയത്തിനു കാരണമെന്ന് നേതാക്കൾ സൂചിപ്പിക്കുന്നു. മോദിയുടെ പ്രതിച്ഛായ ഉയർത്തി സംസ്ഥാന തിരഞ്ഞെടുപ്പിനെ ജയിക്കാനാവില്ല്ലെന്ന് തുടർച്ചയായ നിയമസഭാ തിരഞ്ഞെടുപ്പുപരാജയങ്ങൾ പാർട്ടിയെ ബോധ്യപ്പെടുത്തുന്നുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് ജയിക്കാൻ പ്രാദേശികതലത്തിൽ മികച്ച നേതാക്കൾ വേണമെന്ന് പാർട്ടിയിൽ ആത്മവിമർശനമുയരുന്നുണ്ട്. മികച്ചനേതൃത്വം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു വിജയത്തിന് അനിവാര്യമാണെന്ന ദേശീയ ജനറൽ സെക്രട്ടറി രാം മാധവിന്റെ പ്രസ്താവന ഇതേത്തുടർന്നാണ്. പുതിയതരം രാഷ്ട്രീയത്തിലേക്കാണ് കടക്കേണ്ടതെന്നും മികച്ച നേതാക്കളെ വാർത്തെടുക്കണമെന്നും രാം മാധവ് പറഞ്ഞു. ദേശീയതലത്തിൽ മോദിയെ നേരിടാനുള്ള നേതാക്കളില്ല. സമാനമായി സംസ്ഥാനതലത്തിലും മികച്ചനേതാക്കൾ വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹിയിൽ തുടർച്ചയായ രണ്ടാം വട്ടവും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജനവിശ്വാസം വീണ്ടെടുക്കാൻ ഒന്നരമാസത്തെ പ്രചാരണപരിപാടികൾക്ക് പാർട്ടിയും സർക്കാരും രൂപം കൊടുത്തിരിക്കുകയാണ്. ടെലിവിഷൻ, പത്രങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്ഫോം തുടങ്ങിയവ ഉപയോഗിച്ച് കേന്ദ്രസർക്കാരിന്റെ വികസനപ്രവർത്തനങ്ങളുടെ വിവരങ്ങൾ ജനങ്ങളിലെത്തിക്കാനാണ് തീരുമാനം. ഈ മാസം 15 മുതൽ മാർച്ച് 31 വരെയാണ് പ്രചാരണപരിപാടികൾ നടപ്പാക്കുന്നത്. കേന്ദ്രസർക്കാരിനു കീഴിലുള്ള മന്ത്രാലയങ്ങൾ തങ്ങളുടെ വകുപ്പുകളിലെ ജനക്ഷേമ പരിപാടികളുടെ വിശദവിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്നാവശ്യപ്പെട്ട് വാർത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ കേന്ദ്ര സർക്കാരിനുകീഴിലുള്ള മന്ത്രാലയങ്ങൾക്ക് ചൊവ്വാഴ്ച കത്തെഴുതിയിട്ടുണ്ട്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന ഉടനെയാണ് കത്തെഴുതിയത്. Content Highlights:Delhi election defeat; BJP will campaign on centre govt development projects


from mathrubhumi.latestnews.rssfeed https://ift.tt/2vvaBMI
via IFTTT