Breaking

Sunday, February 16, 2020

റൺവേയിൽ ജീപ്പ്: തടസ്സമൊഴിവാക്കാൻ പറന്നുയർന്ന വിമാനത്തിന് നിലത്തുതട്ടി കേടുപറ്റി

മുംബൈ: അപ്രതീക്ഷിതമായി റൺവേയിലേക്കുവന്ന ജീപ്പുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ പൊടുന്നനെ പറന്നുയർന്ന എയർ ഇന്ത്യാ വിമാനത്തിന് നിലത്തുരഞ്ഞ് കേടുപാടുപറ്റി. വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ട വിമാനം സുരക്ഷിതമായി ലക്ഷ്യത്തിലെത്തി. ശനിയാഴ്ച രാവിലെ പുണെയിൽനിന്ന് ഡൽഹിക്കു തിരിച്ച എയർബസ് എ 321 വിമാനം പറന്നുയരാൻ ഒരുങ്ങുമ്പോഴാണ് സംഭവം. റൺവേയിലൂടെ 222 കിലോമീറ്റർ വേഗത്തിൽ കുതിക്കുമ്പോഴാണ് മുന്നിൽ ഒരു ജീപ്പും ഒരാളും നിൽക്കുന്നത് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്. കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ റൺവേയുടെ അറ്റത്ത് എത്തുന്നതിനു മുമ്പുതന്നെ വിമാനം മുകളിലേക്കെടുക്കാൻ പൈലറ്റുമാർ തീരുമാനിച്ചു. പൊടുന്നനെ പറന്നുയർന്നപ്പോൾ വിമാനത്തിന്റെ വാലറ്റം നിലത്തുതട്ടി. ഉടൽഭാഗം നിലത്തുരഞ്ഞ് കേടുപറ്റുകയുംചെയ്തു. എങ്കിലും 180 യാത്രക്കാരുമായി സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിലിറങ്ങാൻ കഴിഞ്ഞു. കേടുപറ്റിയ വിമാനത്തെ പരിശോധനയ്ക്കും അറ്റകുറ്റപ്പണിക്കുമായി മാറ്റിയിരിക്കുകയാണ്. പുറംപാളിക്കുമാത്രമേ കേടുള്ളൂ എന്നാണ് അറിയുന്നത്. സംഭവത്തെക്കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിമാനത്തിന്റെ കോക്പിറ്റ് വോയ്സ് റെക്കോഡർ അഴിച്ചെടുത്ത് പരിശോധിക്കുന്നുണ്ട്. എയർ ട്രാഫിക് കൺട്രോളിലെ രേഖകൾ സൂക്ഷിച്ചുവെക്കാൻ വ്യോമസേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. പുണെ വിമാനത്താവളം വ്യോമസേനയുടെ എയർ സ്ട്രിപ്പുകൂടിയായി ഉപയോഗിക്കുന്നുണ്ടെന്നതുകൊണ്ട് എയർ ട്രാഫിക് കൺട്രോളിന്റെ നിയന്ത്രണം വ്യോമസേനയ്ക്കാണ്. വിമാനം പറന്നുയരുന്ന സമയത്ത് ആളുകളോ മറ്റുവാഹനങ്ങളോ റൺവേയിലുണ്ടാകാൻ പാടില്ലെന്നാണ് ചട്ടം. അതിവേഗത്തിൽ കുതിക്കുന്ന വിമാനം റൺവേയിലുള്ള തടസ്സങ്ങളിൽ തട്ടിയാൽ തകർന്നുപോകാനുള്ള സാധ്യത ഏറെയാണ്. അതൊഴിവാക്കാനാണ് റൺവേയുടെ അറ്റത്ത് എത്തുന്നതിനുമുമ്പുതന്നെ പൈലറ്റുമാർ വിമാനം മുകളിലേക്ക് ഉയർത്തിയത്. Content Highlights:Jeep on runway forces Air India plane to lift off early from Pune, Disaster averted


from mathrubhumi.latestnews.rssfeed https://ift.tt/2OVmNx6
via IFTTT