Breaking

Thursday, February 20, 2020

കരുണ സംഗീതനിശ വിവാദം: പരാതിക്കാരന്റെ മൊഴിയെടുത്തു

കൊച്ചി: കരുണ സംഗീതനിശയിൽ തട്ടിപ്പു നടന്നുവെന്ന് ആരോപണം ഉന്നയിച്ച യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാരിയരിൽനിന്ന് ജില്ലാ സി ബ്രാഞ്ച് എ.സി.പി. ബിജി ജോർജ് മൊഴിയെടുത്തു. ആരോപണങ്ങൾ ഇദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ ദിവസം മുഖ്യ സംഘാടകനായ ബിജിബാലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പരിപാടിയുടെ വരുമാന കണക്കുകൾ, ബാങ്ക് വിവരങ്ങൾ, പ്രതിഫലം തുടങ്ങിയവ ശേഖരിക്കും. ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു കണ്ടാലെ കേസെടുക്കൂ. ഇതിനിടെ, സംഘാടകർക്കെതിരേ സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു രംഗത്തുവന്നു. ദുരിതാശ്വാസ നിധിയിലേക്ക് പിരിക്കുന്ന പണം മറ്റാവശ്യങ്ങൾക്കോ ആരുടെയെങ്കിലും പോക്കറ്റിലേക്കോ പോകരുതെന്ന് അദ്ദേഹം പറഞ്ഞു. ആശങ്കയുളവാക്കുന്ന വാർത്തകളാണ് വരുന്നതെന്നും രാജു കുറ്റപ്പെടുത്തി. ആരോപണങ്ങൾക്ക് മറുപടിയുമായി കരുണയുടെ സംഘാടകർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പ്രസിഡന്റ് ബിജിബാൽ, സെക്രട്ടറി ഷഹബാസ് അമൻ, ജോയിന്റ് സെക്രട്ടറിമാരായ ആഷിഖ് അബു, സിതാര കൃഷ്ണകുമാർ എന്നിവർ ഫേസ്ബുക്ക് ലൈവിലൂടെയാണ് വിശദീകരിച്ചത്. സംഘാടകരുടെ വിശദീകരണം ഇങ്ങനെ... 500, 1500, 2500, 5000 രൂപയുടെ ടിക്കറ്റുകളാണുണ്ടായിരുന്നത്. രണ്ട് ഓൺലൈൻ ആപ്പുകളിലൂടെ 908 ടിക്കറ്റുകൾ മാത്രമാണ് വിറ്റത്. പരിപാടി ദിവസം കൗണ്ടറിലൂടെ 39,000 രൂപയുടെ ടിക്കറ്റ് വിറ്റു. ആകെ ലഭിച്ചത് 7,74,500 രൂപ. ഇതിൽ 18 ശതമാനം ജി.എസ്.ടി., ഒരു ശതമാനം പ്രളയ സെസ്, രണ്ടു ശതമാനം ബാങ്ക് ചാർജ് എന്നിവ കഴിച്ച് 6,21,936 രൂപയാണുണ്ടായിരുന്നത്. മൊത്ത സംഖ്യയാക്കിയാണ് 6.22 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. 23 ലക്ഷത്തോളം രൂപയാണ് ആകെ ചെലവായത്. മൂന്നുതട്ടിലാണ് വേദി ക്രമീകരിച്ചത്. അർധവൃത്താകൃതിയിലാണ് ആളുകളെ ഇരുത്തിയത്. ആകെ നാലായിരത്തിൽത്താഴെ ആളുകളാണുണ്ടായിരുന്നത്. ടിക്കറ്റ് വിറ്റത് കൂടാതെയുള്ളത് കോംപ്ലിമെന്ററി പാസുകളാണ്. രാഷ്ട്രീയക്കാർ, വിദ്യാർഥികൾ, സുഹൃത്തുക്കൾ തുടങ്ങിയവർക്ക് പാസ് നൽകിയിട്ടുണ്ട്. തിക്കിത്തിരക്കിയെത്തിയവരെ കടത്തിവിട്ടിട്ടുണ്ട്. ടിക്കറ്റിന്റെ പണം പരിപാടി സംഘടിപ്പിച്ച ഏജൻസിയുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. അവർക്കുള്ള 19 ലക്ഷത്തിന്റെ ബില്ലിൽ ടിക്കറ്റിലൂടെ കിട്ടിയ ആറ് ലക്ഷത്തോളം രൂപ കുറച്ച് ബാക്കി 13 ലക്ഷത്തിന്റെ ബില്ലാണ് നൽകിയിരിക്കുന്നത്. സ്പോൺസർമാരില്ലാത്തതിനാൽ കൈയിൽനിന്നാണ് ചെലവുകൾക്ക് പണം കണ്ടെത്തുന്നത്. സംഗീതജ്ഞർ സൗജന്യമായി പരിപാടി അവതരിപ്പിച്ചെങ്കിലും അണിയറക്കാർക്കും സാങ്കേതിക വിദഗ്ദ്ധർക്കും പണം നൽകണമായിരുന്നു. പരിപാടി ഷൂട്ട് ചെയ്തവർക്കുള്ളതു കൂടാതെ വിമാനം, താമസം, ഭക്ഷണച്ചെലവുകളും വന്നു. എല്ലാവരും സഹകരിച്ചതിനാലാണ് കുറഞ്ഞ തുകയ്ക്ക് പരിപാടി നടത്താനായത്. പൂർണമായ കണക്കുകൾ പുറത്തുവിടും. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ലോഞ്ചിങ് പരിപാടിയായിരുന്നു അത്. വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചതാണ്. അതിനായി സംഘടിപ്പിച്ച പരിപാടിയല്ല. പരിപാടി നടന്ന റീജണൽ സ്പോർട്സ് സെന്റർ അധികൃതർ അയച്ചുവെന്ന് പറഞ്ഞ കത്ത് കിട്ടിയിട്ടില്ല. രക്ഷാധികാരിയായി കളക്ടറുടെ പേര് പറഞ്ഞത് തെറ്റുപറ്റിയതാണ്. വലിയ പരിപാടികൾ നടക്കുമ്പോൾ അങ്ങനെയൊരു ശീലമുള്ളതുകൊണ്ട് സംഭവിച്ചതാണ്. അദ്ദേഹത്തോട് നേരിട്ട് ക്ഷമ ചോദിച്ചിട്ടുണ്ട്. ആരോപണങ്ങളിൽ പതറില്ല. അഞ്ച് ദിവസം നീളുന്ന അന്താരാഷ്ട്ര സംഗീതോത്സവം കൊച്ചിയിൽ സംഘടിപ്പിക്കും. അത് എല്ലാ വർഷവും തുടരും. ആരോപണമുന്നയിച്ചവരെക്കൂടി അതിലേക്ക് ക്ഷണിക്കുകയാണ്-സംഘാടകർ പറഞ്ഞു. ആരോപണങ്ങളെത്തുടർന്ന് വ്യക്തിഹത്യ ഉണ്ടായതിൽ അതീവ വിഷമമുണ്ടെന്ന് സിതാര കൃഷ്ണകുമാർ പറഞ്ഞു. ട്രഷറർ മധു സി. നാരായണൻ, കമൽ കെ.എം., ശ്യാം പുഷ്കരൻ എന്നിവരും ഫേസ്ബുക്ക് ലൈവിൽ പങ്കെടുത്തു. Content Highlights:Karuna Kochi Music Foundation Controversy, allegation


from mathrubhumi.latestnews.rssfeed https://ift.tt/2SGqt8k
via IFTTT