Breaking

Tuesday, February 18, 2020

ദക്ഷിണേന്ത്യയുടെ സുരക്ഷയ്ക്കായി ഉപദ്വീപ് തിയേറ്റർ കമാൻഡ് വരുന്നു

ന്യൂഡൽഹി: കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കടൽ അതിർത്തിവഴി ഭീകരരുടെ നുഴഞ്ഞുകയറ്റവും ആക്രമണവും തടയുന്നതിനു നാവികസേനയുടെകീഴിൽ പ്രത്യേക തിയേറ്റർ കമാൻഡ് ഉണ്ടാക്കുന്നു. കിഴക്കൻ-പടിഞ്ഞാറൻ നാവിക കമാൻഡുകളെ സംയോജിപ്പിച്ചാണിത്. പാകിസ്താനുമായി സംഘർഷം നിലനിൽക്കുന്ന ജമ്മുകശ്മീരിനായി പ്രത്യേക തിയേറ്റർ കമാൻഡും ഉണ്ടാക്കും. പ്രതിരോധസേനയെ പൂർണമായും ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായാണു നടപടി. ബംഗാൾ ഉൾക്കടലിനും അറബിക്കടലിനും പ്രത്യേക കമാൻഡ് എന്നതിനുപകരം ഇന്ത്യൻ മഹാസമുദ്രത്തെ ഒറ്റ യൂണിറ്റായി കണ്ടാവും ഇനി സംരക്ഷിക്കുകയെന്ന് സംയുക്ത സേനാമേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ജനറൽ ബിപിൻ റാവത്ത് തിങ്കളാഴ്ച പറഞ്ഞു. ഇതിനായുള്ള തിയേറ്റർ കമാൻഡ് (മൂന്നു സേനകളും ഒന്നിച്ചിടപെടുന്ന സംയുക്ത കമാൻഡുകൾക്ക് സൈനികഭാഷയിലുള്ള പേര്) രൂപവത്കരിക്കുമ്പോൾ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന കാര്യം പഠിക്കാൻ മാർച്ച് 31-നകം നിർദേശം പുറപ്പെടുവിക്കുമെന്നും അദ്ദേഹം അറിയിച്ചു. കര-വ്യോമ-നാവിക സേനകളുടെ പ്രവർത്തനം ഏകോപിപ്പിക്കുമ്പോൾ ജമ്മുകശ്മീരിനു പ്രത്യേക തിയേറ്റർ കമാൻഡ് ഉണ്ടാക്കും. കരസേനയ്ക്കും വ്യോമസേനയ്ക്കും കൂടുതൽ പ്രാധാന്യം ലഭിക്കുന്ന കമാൻഡാവും ജമ്മുകശ്മീരിൽ വരുക -റാവത്ത് പറഞ്ഞു. അടുത്തവർഷമാദ്യത്തോടെ വ്യോമസേനയുടെകീഴിൽ വ്യോമപ്രതിരോധ കമാൻഡും അവസാനത്തോടെ നാവികസേനയുടെ കീഴിൽ ഉപദ്വീപ് കമാൻഡും നിലവിൽ വരും. വ്യോമ കമാൻഡിനുകീഴിൽ എല്ലാ ദീർഘദൂര മിസൈലുകളും മറ്റു വ്യോമപ്രതിരോധ സാമഗ്രികളും വിന്യസിക്കും. കൂടാതെ, പ്രത്യേക പരിശീലന-ബോധന കമാൻഡിനും ബഹുതല സർവീസ് ലോജിസ്റ്റിക് കമാൻഡിനും രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വൻ തുകയുടെ ഇടപാടായ 114 ഫൈറ്റർ ജെറ്റുകൾ വാങ്ങുന്ന കാര്യത്തിൽ സേനയ്ക്ക് അനുകൂല സമീപനമാണ്. തദ്ദേശീയമായി വികസിപ്പിക്കുന്ന വിമാനവാഹിനിയുടെ പ്രവർത്തനക്ഷമത വിലയിരുത്തിയശേഷമേ മൂന്നാമത്തേതു വാങ്ങുന്ന കാര്യം പരിഗണിക്കൂവെന്നും അദ്ദേഹം പറഞ്ഞു. വിമാനവാഹിനിയെക്കാൾ നാവിക സേനയ്ക്കിപ്പോൾ ആവശ്യം അന്തർവാഹിനി ആണെന്നും ജനറൽ റാവത്ത് വ്യക്തമാക്കി. Content Highlights:the new peninsular command for south India


from mathrubhumi.latestnews.rssfeed https://ift.tt/37CV1w6
via IFTTT