രാജാക്കാട്: ശാന്തൻപാറ പുത്തടി മുല്ലൂർ റിജോഷി (31)നെ കൊലപ്പെടുത്തിയത് ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചെന്ന് ഒന്നാംപ്രതി ഇരിങ്ങാലക്കുട സ്വദേശി വസീമിൻറെ (32) വെളിപ്പെടുത്തൽ. ശാന്തൻപാറ കഴുതകുളംമേട്ടിലെ മഷ്റൂംഹട്ട് ഫാംഹൗസിലെ തെളിവെടുപ്പിനിടെയാണ് വസീം ഇക്കാര്യം പോലീസിനോട് പറഞ്ഞത്. ഔട്ട്ഹൗസിൽ ഉണ്ടായ പിടിവലിയിൽ റിജോഷ് തലയിടിച്ചുവീണു. പിന്നീട് മഴവെള്ള സംഭരണി നിർമിക്കാൻ കുഴിയെടുത്തിരുന്ന ഭാഗത്ത് വലിച്ചിഴച്ച് കൊണ്ടിട്ടു. തുടർന്ന് ജീവനോടെ തന്നെ പെട്രോൾ ഒഴിച്ച് കത്തിച്ചു. തീപ്പൊള്ളലേറ്റ റിജോഷ് അലറിക്കരഞ്ഞു. ഇതിനുശേഷം മരണം ഉറപ്പാക്കി മൃതദേഹം മണ്ണിട്ട് മൂടി. താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന് വസീം പോലീസിനോട് പറഞ്ഞു. ശാന്തൻപാറ മഷ്റൂം ഹട്ട് ഫാംഹൗസിനോട് ചേർന്നുള്ള ഔട്ട്ഹൗസ്, റിജോഷിന്റെ മൃതദേഹം കുഴിച്ചു മൂടിയ ഫാമിന്റെ മഴവെള്ള സംഭരണിയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. മൃതദേഹം മറവുചെയ്യാൻ ഉപയോഗിച്ച തൂമ്പയും പോലീസ് കണ്ടെടുത്തു. കൊലപാതകം നടത്തിയ രീതിയും വസീം പോലീസിനോട് വിശദീകരിച്ചു. കൊലപാതകത്തിൽ നേരിട്ട് ബന്ധമില്ലാത്തതിനാൽ രണ്ടാം പ്രതിയും റിജോഷിന്റെ ഭാര്യയുമായ ലിജി കുര്യനെ (29) തെളിവെടുപ്പിനെത്തിച്ചില്ല. ശാന്തൻപാറ കൊലപാതകക്കേസിലെ പ്രതിയായ വസീമിനെ മഷ്റൂം ഹട്ട് ഫാംഹൗസിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ തിങ്കളാഴ്ച രാവിലെ മുംബൈയിൽനിന്ന് കേരളത്തിലെത്തിച്ച പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി വസിമിനെയും ലിജിയെയും നാലുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. യാതൊരു കൂസലുമില്ലാതെയാണ് വസിം തെളിവെടുപ്പിൽ പങ്കെടുത്തത്. പോലീസിന്റെ ചോദ്യങ്ങൾക്ക് മടികൂടാതെ ഉത്തരങ്ങളും നൽകി. മൂന്നാർ ഡിവൈ.എസ്.പി. എം.രമേഷ് കുമാർ, ശാന്തൻപാറ സി.ഐ. ടി.ആർ.പ്രദീപ് കുമാർ, രാജാക്കാട് സി.ഐ. എച്ച്.എൽ.ഹണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കഴിഞ്ഞ ഒക്ടോബർ 31-നാണ് റിജോഷിന്റെ പാതികത്തിയ മൃതദേഹം ഫാംഹൗസിന് സമീപത്തുനിന്ന് കണ്ടെത്തിയത്. തുടർന്ന് മുംബൈയ്ക്കു കടന്ന ഇരുവരും അവിടെ ലിജിയുടെയും റിജോഷിന്റെയും മകളായ ജൊവാനയെ വിഷം നൽകി കൊലപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മുംബൈ പനവേൽ സ്റ്റേഷനിലും ഇവർക്കെതിരേ കേസുണ്ട്. Content Highlights: santhanpara murder case: Rijosh was killed by burning alive
from mathrubhumi.latestnews.rssfeed https://ift.tt/2HldXVu
via
IFTTT