Breaking

Monday, December 9, 2019

ഇരട്ടി വിലയ്ക്ക് സോളാർ ബോട്ട്; കരാർ വിവാദത്തിൽ

കൊല്ലം: സംസ്ഥാനസർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇരട്ടി വിലയ്ക്ക് സോളാർ ബോട്ടുകൾ വാങ്ങാൻ ജലഗതാഗത വകുപ്പിന് അനുമതി നൽകിയത് വിവാദത്തിൽ. ജലഗതാഗതവകുപ്പിന്റെ ബോട്ട് സർവീസുകളെല്ലാം കടുത്ത നഷ്ടത്തിലുള്ളപ്പോഴാണ് ഇരട്ടി വിലനൽകി സോളാർ ബോട്ട് വാങ്ങാനുള്ള കരാർ. വർഷം 56 കോടി നഷ്ടത്തിലാണ് ജലഗതാഗത വകുപ്പ്. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യകമ്പനിക്കാണ് കരാർ നൽകിയത്. ഇതേ കമ്പനിയിൽനിന്ന് നാലുവർഷംമുൻപാണ് 1.72 കോടി രൂപയ്ക്ക് സോളാർബോട്ട് വാങ്ങിയത്. ഇപ്പോൾ ഇത്തരം രണ്ടു ബോട്ടുകൾക്കാണ് കരാർ നൽകിയത്. ബോട്ട് ഒന്നിന് 3.15 കോടി രൂപ. ഇതുകൂടാതെ 82 ലക്ഷം വീതം ചെലവിൽ രണ്ട് യാത്രാബോട്ടുകളും വാങ്ങും. സംസ്ഥാനത്ത് 14 സ്റ്റേഷനുകളിലായി 51 ബോട്ടുകൾ സർവീസ് നടത്തിയിട്ടും വർഷം ഏഴുകോടി മാത്രമാണ് വരുമാനം. ആഗോളതലത്തിൽത്തന്നെ സോളാർ ബോട്ടിന്റെ സാങ്കേതിക വിദ്യയ്ക്കും അതിന്റെ ബാറ്ററി അനുബന്ധ ഉപകരണങ്ങൾക്കും ചെലവ് വൻതോതിൽ കുറഞ്ഞിട്ടുണ്ട്. പുതിയ സോളാർ ബോട്ടുകളുടെ വില കുറയേണ്ടതിനുപകരം ഇരട്ടിയിലധികമായി കൂടിയതും വിവാദമായി. പദ്ധതി സാമ്പത്തികമായി അനുകൂലമാണോ കരാറിൽ ക്വോട്ട് ചെയ്ത നിരക്ക് വിപണിവിലയ്ക്ക് ആനുപാതികമാണോ എന്ന് സർക്കാർ പരിശോധിച്ചിട്ടില്ല. ഷിപ്പ് ടെക്നോളജി, സോളാർ എനർജി വകുപ്പുകളുടെ ഉപദേശവും തേടിയിട്ടില്ല. ടെൻഡറിൽ പങ്കെടുക്കാൻ പുറത്തുനിന്ന് ഒരു കമ്പനിക്കും കഴിയാത്ത തരത്തിലാണ് ഇതിന്റെ നിയമാവലിയും മാർഗനിർദേശവും. കേരളത്തിൽ നിർമിക്കുന്നതും കേരളത്തിന്റെ തുറമുഖ സാങ്കേതിക സമിതി അംഗീകരിക്കുന്നതുമായ സ്ഥാപനങ്ങൾക്കേ കരാറെടുക്കാനാകൂ. പുറത്തെ കമ്പനികൾക്കും പങ്കെടുക്കാനായാൽ സോളാർ ബോട്ട് വിലക്കുറവിൽ വാങ്ങാനാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന സോളാർ ബോട്ടിന്റെ ബാറ്ററിയും പാനലും പ്രശ്നമുള്ളതാണെന്ന് ആക്ഷേപമുണ്ട്. വൈക്കത്തെ ചാർജിങ് സ്റ്റേഷനിൽ വൈദ്യുതചാർജ് വൻതോതിൽ ഉയർന്നതായും ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ട് ചെയ്തെങ്കിലും അത് വകുപ്പിൽനിന്ന് കാണാതായി. അധികതുക വന്നത് പരിശോധിക്കും മലിനീകരണം തടയാനാണ് സോളാർ ബോട്ട് വാങ്ങുന്നത്. എന്നാൽ, ഇരട്ടിവില നൽകിയാണ് കരാർ നൽകിയിട്ടുള്ളതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അത് വിശദമായി പരിശോധിക്കും.-മന്ത്രി എ.കെ. ശശീന്ദ്രൻ Content Highlights:Solar boat for twice the cost


from mathrubhumi.latestnews.rssfeed https://ift.tt/2LBqVkq
via IFTTT