Breaking

Wednesday, February 19, 2020

കരിപ്പൂരിലെ തട്ടിക്കൊണ്ടുപോകലും കവർച്ചയും; ഒരാൾകൂടി പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂരിൽ വിമാനമിറങ്ങിയ കർണാടക സ്വദേശിയെ സ്വർണക്കടത്തുകാരനെന്ന് കരുതി തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. താനൂർ മൂന്നുപള്ളി എടക്കടപ്പുറം ഈസീപ്പിന്റെ പുരയ്ക്കൽ ഇ.പി. അറാഫത്ത് (30)നെയാണ് പോലീസ് പിടികൂടിയത്. യുവാവിനെ തട്ടിക്കൊണ്ടു പോകുന്നതിന് മുൻപ് ഓട്ടോറിക്ഷയിൽ മുളകുപൊടി വിതറിയതും യുവാവിനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതും അറാഫത്ത് ആണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ എട്ടിന് പുലർച്ചെ ദുബായ് വിമാനത്തിൽ കരിപ്പൂരിലെത്തിയ കർണാടകയിലെ ദക്ഷിണ കാനറ സ്വദേശി അബ്ദുൾനാസർ ഷംസാദിനെ (23) യാണ് ഒൻപത് പേരടങ്ങിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവശേഷം കോയമ്പത്തൂരിനടുത്ത് ഉൾപ്രദേശമായ പെരിയ നായിക്കൻ പാളയം എന്ന സ്ഥലത്ത് സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽക്കഴിയുകയായിരുന്നു അറാഫത്ത്. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരാണ് യുവാവിനെ പിടികൂടിയത്. താനൂർ, തിരൂർ എന്നിവിടങ്ങളിലായി നിരവധി കേസുകളിൽ പ്രതിയായ അറഫാത്ത് പിടികിട്ടാപ്പുള്ളിയായിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയതിൽ മുഖ്യ പങ്ക് വഹിച്ചത് അറാഫത്ത് ആണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അഞ്ചുപേർ നേരത്തേ അറസ്റ്റിലായിരുന്നു. തട്ടിക്കൊണ്ടുപോകാൻ സംഘത്തെ ഒരുക്കിയത് അറാഫത്ത് കൊണ്ടോട്ടി: കരിപ്പൂരിൽനിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കർണാടക സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ എടുത്തത് കഴിഞ്ഞദിവസം പിടിയിലായ താനൂർ മൂന്നുപള്ളി എടക്കടപ്പുറം ഈസീപ്പിന്റെ പുരയ്ക്കൽ ഇ.പി. അറാഫത്താണെന്ന് പോലീസ്. കാസർകോട് സംഘത്തിനുവേണ്ടി ഹൈനേഷ് ആണ് അറാഫത്തിന് ക്വട്ടേഷൻ നൽകിയത്. തട്ടിക്കൊണ്ടുപോകാനുള്ള വാഹനം ഏർപ്പാടാക്കിയതും താനൂർ സംഘത്തെ ഒരുക്കിയതും അറാഫത്ത് ആയിരുന്നു. ഹൈനേഷ് അണിയറയിൽനിന്ന് ചരടുവലിച്ചപ്പോൾ അറാഫത്ത് നേരിട്ട് കൃത്യത്തിൽ പങ്കെടുത്തു. ഹൈനേഷിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. പഞ്ചഗുസ്തി താരമായ അറാഫത്ത് നിരവധി മത്സരങ്ങളിൽ ജേതാവാണ്. ഇയാൾക്കെതിരേ താനൂർ, തിരൂർ പോലീസ്സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളുണ്ട്. പോലീസിന്റെ നോട്ടപ്പുള്ളിയായിരിക്കുമ്പോഴാണ് സ്വർണമാഫിയയ്ക്കുവേണ്ടി കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ എടുത്തത്. ദക്ഷിണ കാനറ സ്വദേശിയായ അബ്ദുൾനാസർ ഷംസാദ് പോലീസിൽ പരാതി നൽകിയതോടെ അറാഫത്ത് മുങ്ങിയിരുന്നു. കോയമ്പത്തൂരിനടുത്ത് ഉൾപ്രദേശമായ പെരിയ നായിക്കൻപാളയം എന്ന സ്ഥലത്ത് ഒറ്റപ്പെട്ട വീട്ടിലാണ് ഇയാൾ ഒളിച്ചുതാമസിച്ചിരുന്നത്. കോയമ്പത്തൂരിലെ സുഹൃത്താണ് അറാഫത്തിന് ഒളിച്ചുതാമസിക്കാൻ വീട് ഏർപ്പാടാക്കി നൽകിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ അറാഫത്തിന്റെ മൊബൈൽഫോണിലെ കോൾവിവരങ്ങൾ പരിശോധിച്ചാണ് കോയമ്പത്തൂർ ബന്ധം മനസ്സിലാക്കിയത്. തുടർന്ന് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അറാഫത്തിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. കേസിൽ പ്രതികളായ കാസർകോട്ടെ സംഘത്തെക്കുറിച്ച് അറാഫത്തിൽനിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്. Content Highlights:Karipur theft and abduction case


from mathrubhumi.latestnews.rssfeed https://ift.tt/2P3TTeg
via IFTTT