Breaking

Thursday, February 13, 2020

കോളേജ് വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം: 10 പേര്‍ അറസ്റ്റില്‍

ന്യൂഡൽഹി: ഡൽഹിയിലെ ഗാർഗി കോളേജിൽ വിദ്യാർഥിനികളെ കാമ്പസിനുള്ളിൽ കടന്ന് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് ഡൽഹി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ആറാം തീയതി കോളേജിലെ വാർഷികാഘോഷ പരിപാടികൾക്കിടെയാണ് പുറത്തുനിന്നെത്തിയവർ വിദ്യാർഥിനികളെ ഉപദ്രവിക്കുകയും അശ്ലീലപ്രദർശനം നടത്തുകയും ചെയ്ത സംഭവമുണ്ടായത്. 30 പേർ അടങ്ങുന്ന സംഘമാണ് അതിക്രമം നടത്തിയതെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു. സംഭവത്തിൽ പോലീസിന്റെ 11 സംഘങ്ങളാണ് അന്വേഷണം നടത്തിയത്. നിരവധി പേരെ ചോദ്യംചെയ്യുകയും പ്രതികളിൽ പലരെയും തിരിച്ചറിയുകയും ചെയ്തിരുന്നു. സംഭവത്തിൽ ഗാർഗി കോളേജ് അധികൃതരെയും പോലീസ് ചോദ്യംചെയ്തിരുന്നു. തുടർന്നാണ് 10 പ്രതികളുടെ അറസ്റ്റുണ്ടായത്. 18-25 പ്രായത്തിലുള്ളവരാണ് പിടിയിലായ പ്രതികളെന്ന് പോലീസ് പറഞ്ഞു. അതിക്രമത്തിനിരയായ പെൺകുട്ടികൾ ട്വിറ്റർ അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കാമ്പസിനകത്തേക്ക് അതിക്രമിച്ച് കയറിയവർ പെൺകുട്ടികളെ കയറിപ്പിടിച്ചെന്നും ഉപദ്രവിച്ചെന്നും വിദ്യാർഥിനികൾ പറയുന്നു. ചിലർ എന്റെ പിൻഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തൻ മാറിടത്തിലും. ഇതിനിടെ ഒരാൾ അയാളുടെ ലൈംഗികാവയവം തന്റെ ദേഹത്ത് ഉരസി. എന്റെ കൂട്ടുകാരിയുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ഞങ്ങൾ സുരക്ഷിതരാണെന്ന് കരുതുന്ന പെൺകുട്ടികൾക്ക് മാത്രമുള്ള കോളേജിലാണ് ഇതെല്ലാം സംഭവിച്ചതെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. അത്രയേറേ നിരാശയും ഭയവുമുണ്ട്. എന്റെ കണ്ണുകളിൽനിന്ന് ഇപ്പോഴും കണ്ണീർ പൊഴിയുകയാണ് -ഒരു പെൺകുട്ടി സാമൂഹികമാധ്യമത്തിൽ കുറിച്ചു. വാർഷികാഘോഷത്തിന് മതിയായ സുരക്ഷ ഒരുക്കാതിരുന്ന കോളേജ് അധികൃതരുടെ വീഴ്ചയാണ് സംഭവങ്ങൾക്ക് കാരണമായതെന്ന് വിദ്യാർഥിനികൾ ആരോപിച്ചിരുന്നു. പുറത്തുനിന്നെത്തിയ പുരുഷന്മാരെ ഡൽഹി സർവകലാശാലയുടെ ഐഡി കാർഡ് പോലും ചോദിക്കാതെ കടത്തിവിട്ടെന്നും മറ്റുചിലർ കൂട്ടത്തോടെ ഗേറ്റ് തള്ളിത്തുറന്നും മതിൽ ചാടിയും കോളേജിൽ പ്രവേശിച്ചെന്നും ഇവർ പറഞ്ഞു. യുവാക്കൾ കൂട്ടത്തോടെ കോളേജിന്റെ ഗേറ്റ് തുറന്ന് പ്രവേശിക്കുന്ന ദൃശ്യങ്ങളും വിദ്യാർഥിനികൾ പങ്കുവെച്ചിരുന്നു. Content Highlights:10 Arrested in Connection with Alleged Molestation of Students at Delhis Gargi College


from mathrubhumi.latestnews.rssfeed https://ift.tt/2OK5yir
via IFTTT