ആലപ്പുഴ: ടെലിവിഷൻ അവതാരകയും മുൻ മിസ് കേരള മത്സരാർഥിയുമായിരുന്ന മെറിൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് മെറിന്റെ മാതാപിതാക്കൾ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം മെറിന്റെ മാതാപിതാക്കളിൽനിന്ന് പോലീസ് മൊഴിയെടുത്തു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. കഴിഞ്ഞ നവംബർ ഒൻപതിനാണ് എറണാകുളം വരാപ്പുഴ സ്വദേശിനിയും ആലപ്പുഴയിലെ സ്വകാര്യ കാർ ഷോറൂമിലെ ക്വാളിറ്റി മാനേജരുമായിരുന്ന മെറിനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരൂർ സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായ ഭർത്താവ് അഭിലാഷിനൊപ്പം ആലപ്പുഴയിലാണ് മെറിൻ താമസിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നായിരുന്നു പോലീസ് കണ്ടെത്തൽ. എന്നാൽ, മകൾ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിനു തലേന്ന് വിളിച്ചപ്പോൾ അവൾ സന്തോഷത്തിലായിരുന്നെന്നും മാതാവ് എലിസബത്ത് ബാബു പറഞ്ഞു. മകൾക്ക് അപകടമുണ്ടായെന്നാണ് ആദ്യം അറിയിച്ചത്. സംഭവശേഷം മകളുടെ ഫോണും മറ്റും തിരികെ നൽകാത്തതും സംശയത്തിനിടയാക്കുന്നു. മൃതശരീരത്തിലുണ്ടായിരുന്ന മുറിവുകളെപ്പറ്റിയും കാര്യമായ അന്വേഷണം പോലീസ് നടത്തിയില്ല. തങ്ങളുടെ മൊഴിയെടുത്തത് സിവിൽ പോലീസ് ഓഫീസർമാരായിരുന്നെന്നും എലിസബത്ത് പറയുന്നു. മൃതദേഹ പരിശോധന റിപ്പോർട്ടും മഹസറും കിട്ടാൻ താമസിച്ചതിനാലാണ് പരാതി നൽകാൻ വൈകിയത്. മുഖ്യമന്ത്രിക്കും റേഞ്ച് ഐ.ജി.ക്കും പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നതായും എലിസബത്ത് പറഞ്ഞു. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കൈമാറിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി കെ.എം. ടോമി അറിയിച്ചു. Content Highlights:merin babu anchor death police start investigation, parents complaints, probe
from mathrubhumi.latestnews.rssfeed http://bit.ly/2RuP11K
via
IFTTT