കോയമ്പത്തൂർ: കൂടംകുളം ആണവനിലയത്തിനെതിരായ സമരങ്ങൾക്ക് മുന്നിൽനിന്ന കോയമ്പത്തൂർ തടാകത്തെ പരിസ്ഥിതി പ്രവർത്തകൻ ഡോ. രമേഷ് ചൊവ്വാഴ്ച വൈകീട്ടുമുതൽ പാതിരാത്രിവരെ മറ്റൊരു സമരത്തിലായിരുന്നു. ഒരിക്കൽ പൂട്ടി വീണ്ടും തുറന്ന ഒരു മദ്യക്കട പൂട്ടിക്കാൻ. വെറും സമരമല്ല, വാഹനാപകടത്തിൽപ്പെട്ട ഭാര്യയുടെ മൃതദേഹം റോഡിൽ കിടത്തിയുള്ള സമരം. പരിക്കേറ്റ് ആശുപത്രിയിലായ മകളെ കാണാൻപോലും പോവാതെ... തിങ്കളാഴ്ച വൈകീട്ടുമുതലായിരുന്നു നാടകീയസംഭവങ്ങൾ. കേരള അതിർത്തിയായ ആനക്കട്ടി -തടാകം റോഡിലാണ് സംഭവം. ജംബുകണ്ടിയിലെ ടാസ്മാക്ക് മദ്യക്കടയിൽനിന്ന് വരികയായിരുന്ന ബാലാജി എന്ന യുവാവ് ഓടിച്ച ഇരുചക്രവാഹനം രമേഷിന്റെ ഭാര്യ മലയാളിയായ ആർ. ശോഭന ഓടിച്ച ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ശോഭന സംഭവസ്ഥലത്തുതന്നെ മരിച്ചു.മകൾ ശാന്തളയെ ആനക്കട്ടിയിലെ സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ശോഭന. പരിക്കേറ്റ ശാന്തളയെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മദ്യനിരോധനം നിലനിൽക്കുന്ന അട്ടപ്പാടി അതിർത്തിയിലെ ആനക്കട്ടിയിലായിരുന്നു ആദ്യം മദ്യക്കട. ആദിവാസി അമ്മമാരുടേയും നാട്ടുകാരുടേയും പ്രക്ഷോഭത്തെത്തുടർന്നാണ് പൂട്ടിയത്. അതാണ് പിന്നീട് ഇങ്ങോട്ട് മാറ്റിയത്. ഒരു എം.എൽ.എ.യുടെ ബന്ധുവാണ് ടാസ്മാക് കടയ്ക്കൊപ്പമുള്ള മദ്യശാലയുടെ നടത്തിപ്പുകാരൻ എന്നും ആരോപണമുണ്ട്. ഇൗ സ്ഥലത്ത് ഇത് മൂന്നാമത്തെ അപകടമാണെന്ന് പോലീസും സമ്മതിക്കുന്നുണ്ട്. ശോഭന മരിച്ചതോടെ നാട്ടുകാരുടെ പ്രതിഷേധമിരമ്പി. മൃതദേഹം റോഡിൽനിന്ന് മാറ്റാൻ അനുവദിക്കാതെ, ആനക്കട്ടി-തടാകം അന്തർസംസ്ഥാനപാത ഡോ. രമേഷിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. പോലീസ് ചർച്ച നടത്തിയെങ്കിലും മദ്യക്കട പൂട്ടും എന്ന് ഉറപ്പുനൽകാതെ സമരമവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായില്ല. രാത്രി പതിനൊന്നരയോടെ മദ്യക്കട പൂട്ടാമെന്ന് ഉറപ്പുനൽകി. ഇത് രേഖാമൂലം എഴുതിവാങ്ങി മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കെത്തിച്ചപ്പോൾ സമയം പുലർച്ചെ മൂന്നായി. അതിനുശേഷമാണ് ഡോ. രമേഷ് മകളെ കാണാൻ ആശുപത്രിയിലെത്തിയത്. ഇപ്പോൾ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ഇനി മദ്യക്കട പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. പ്രശ്നങ്ങളില്ലാത്ത വേറെ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാനാണ് ആലോചനയെന്നും അറിയിച്ചു.അപകടവിവരമറിഞ്ഞ് കൂടംകുളം സമരനേതാവ് ഉദയകുമാറും സ്ഥലത്തെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2RyVp8p
via
IFTTT