Breaking

Saturday, June 29, 2019

വാവ സുരേഷ് പാമ്പുപിടിത്തം നിർത്തുന്നു

തിരുവനന്തപുരം: അപവാദപ്രചാരണങ്ങളിൽ മനംനൊന്ത് വാവ സുരേഷ് പാമ്പുപിടിത്തം നിർത്തുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള അപവാദപ്രചാരണങ്ങളും വിമർശനങ്ങളും അതിരുകടന്നതോടെയാണ് സുരേഷ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ''പാമ്പുപിടിത്തംകൊണ്ട് എനിക്ക് ഒരു പ്രയോജനവുമുണ്ടായിട്ടില്ല. കടബാധ്യത മാത്രമാണുണ്ടായത്. വിശ്രമമില്ലാതെ കിലോമീറ്ററുകളോളം സഞ്ചരിച്ച് അവശനുമായി. ജീവൻ പണയംവെച്ചാണ് പണിചെയ്തിരുന്നത്. ആരോടും ശത്രുതയില്ല. വിമർശനങ്ങൾക്കു പരിധിയുണ്ട്. ഇപ്പോഴത്തെ ആരോപണങ്ങൾ മാനസികമായി തകർക്കുന്നതാണ്. ഇനിയും ഇതൊന്നും താങ്ങാൻ വയ്യ'' -സുരേഷ് 'മാതൃഭൂമി'യോടു പറഞ്ഞു. മേഖലയിലുള്ളവർതന്നെയാണ് ആരോപണങ്ങൾക്കും അപവാദങ്ങൾക്കും പിന്നിൽ. വിമർശനങ്ങൾ മനപ്പൂർവം തന്നെ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ആഴ്ചകൾക്കുമുമ്പ് ബാലരാമപുരത്തുനിന്ന് സുരേഷ് ഒരു മൂർഖനെ പിടിച്ചിരുന്നു. ഇതിനെ പ്രദർശിപ്പിക്കണമെന്ന് നാട്ടുകാരിൽ ചിലർ ആവശ്യപ്പെട്ടു. എന്നാൽ, അടുത്ത സ്ഥലത്ത് എത്തേണ്ടതിനാൽ സമ്മതിച്ചില്ല. തുടർന്ന് പാമ്പിൽനിന്നു വിഷം ശേഖരിച്ചു എന്ന ആരോപണവുമായി ചിലർ രംഗത്തെത്തി. ഇതിനെത്തുടർന്ന് അടുത്തദിവസം മുതൽ പാമ്പുപിടിത്തം നിർത്തി. പിന്നീട് പലരും ഇടപെട്ട് സംസാരിച്ചശേഷമാണ് തീരുമാനം മാറ്റിയതെന്ന് സുരേഷ് പറയുന്നു. സുരേഷ് പാമ്പുകളെ കൈകാര്യംചെയ്യുന്നതു ശരിയല്ല, കൈകൊണ്ട് പാമ്പുകളെ തൊടാൻ പാടില്ല, പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളുമായി ഒരു സംഘം വീണ്ടും രംഗത്തെത്തി. ''ജീവിതാവസാനം വരെ പാമ്പുകളെ രക്ഷിക്കുന്നത് തുടരണമെന്നായിരുന്നു ആഗ്രഹം. ഇതിന് ആരിൽനിന്നും പണംവാങ്ങിയിട്ടില്ല. യാത്രച്ചെലവിനുള്ളത് തന്നാൽ വാങ്ങും. പിടിക്കുന്ന പാമ്പുകളെ കാട്ടിൽവിടാനടക്കം വലിയ ചെലവുണ്ട്. അതൊന്നും ആരോടും പറയാറില്ല. അമ്മയ്ക്കും അച്ഛനും പ്രായമായി, അവരെ നോക്കാൻ വരുമാനം വേണം. മുമ്പ് കെട്ടിടനിർമാണ മേസ്തിരിയായിരുന്നു. പാമ്പുപിടിത്തം മതിയാക്കി അതിലേക്കു തിരികെപ്പോകാനാണു തീരുമാനം. എല്ലാം ഒന്ന് ഒതുക്കാൻ അല്പസമയം വേണം. അതുവരെ മാത്രം പാമ്പുപിടിത്തം തുടരും'' -സുരേഷ് പറയുന്നു. ആറാംക്ലാസിൽ തുടങ്ങിയ ചങ്ങാത്തം അരലക്ഷത്തിലേറെ പാമ്പുകളുടെ രക്ഷകനായ സുരേഷ് ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് പാമ്പുകളുമായുള്ള ചങ്ങാത്തം തുടങ്ങിയത്. പാടത്തും പറമ്പിലുമായി പാമ്പുകളുമായി തുടങ്ങിയ സൗഹൃദം പിന്നീട് ഇവയെ സംരക്ഷിക്കുന്നതിലേക്കെത്തുകയായിരുന്നു. പതിനഞ്ചുവർഷമായി പാമ്പുകൾക്കുപിറകേയുള്ള ഓട്ടത്തിലാണ്. രക്ഷപ്പെടുത്തിയ പാമ്പുകളിൽ 165 എണ്ണം രാജവെമ്പാലകളാണ്. 300 തവണയിലേറെ പാന്പുകടിയേറ്റു. കടിച്ചവയിലേറെയും മൂർഖനാണ്. പത്തുതവണ ഗുരുതരാവസ്ഥയിലായി. രണ്ടുതവണ വെന്റിലേറ്ററിലുമായി. പ്രളയകാലത്ത് ഒരാഴ്ചയ്ക്കിടെ ഒമ്പതുജില്ലകളിൽനിന്നായി 80 പാമ്പുകളെ പിടികൂടി. കാട്ടുപൂച്ച, മരപ്പട്ടി, നീർനായ, മുള്ളൻപന്നി തുടങ്ങിയ ജീവികളെയും പിടികൂടി കാട്ടിൽ വിടാറുണ്ട്. ഒട്ടേറെ പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. Content highlights:Vava Suresh decided to stop snake caching


from mathrubhumi.latestnews.rssfeed https://ift.tt/2XH2uZW
via IFTTT